ഹൈദരാബാദ് : പഞ്ച നക്ഷത്ര ഹോട്ടലില്‍ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ പ്രമുഖര്‍ ഉള്‍പ്പടെ 150ഓളം പേര് പിടിയില്‍. ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബിലാണ് തെരച്ചില്‍. ലഹരിമരുന്ന് വിതരണം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘമെത്തി തെരച്ചില്‍ നടത്തുകയായിരുന്നു.
തെരച്ചിലില്‍ ഹോട്ടലില്‍നിന്ന് കൊക്കെയ്ന്‍ ഉള്‍പ്പടെ നിരവധി ലഹരി മരുന്നുകള്‍ പിടിച്ചെടുത്തതായാണ് വിവരങ്ങള്‍. അറസ്റ്റിലായവരില്‍ നടന് നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എംപി ഗല്ല ജയദേവിന്റെ മകന് തുടങ്ങി നിരവധി ഉന്നതരും അവരുടെ ബന്ധുക്കളും ഉള്‍പ്പെടും. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് തെരച്ചില്‍ നടന്നത്. ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പോലീസ് സംഘം പബ്ബിലെത്തുമ്പോള്‍ 150ലേറെ പേരാണ് ഇവിടെയുണ്ടായിരുന്നത്. പോലീസിനെ കണ്ടതോടെ പലരും പക്കലുണ്ടായിരുന്ന പായ്ക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. പരിശോധനയില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്നുകളും കഞ്ചാവ്, ഛരസ് അടക്കമുള്ള പല ലഹരി വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം ഹോട്ടലിലെ രണ്ട് മാനേജര്‍മാരേയും പോലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്യാതെ വിട്ടയയ്ക്കില്ലെന്ന് പോലീസ് അറിയിച്ചു. അതിനിടെ സംഭവത്തില്‍ ബഞ്ചറാഹില്‍സ് പോലീസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. ഹോട്ടലില്‍ റേവ് പാര്‍ട്ടി നടക്കുന്ന വിവരമറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിനാണ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: