സജീവ് ജനാര്ദനന്
കേരളത്തില്‍ തമസ്കരിക്കപ്പെട്ട ചരിത്രമാണ് ബ്രിട്ടീഷ് മുതലാളിത്തത്തിനെതിരെയുള്ള ആലപ്പുഴയിലെ തൊഴിലാളി സംഘടനയുടെ ആവിര്‍ഭാവ ചരിത്രം. ഇരുട്ടില്‍ പിറവിയെടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനും അതിന്റെ സ്രഷ്ടാവായി മാറിയ ഉരുക്കുമനുഷ്യനായ വാടപ്പുറം പി.കെ. ബാവയും ചരിത്രത്തിന്റെ സ്വര്‍ണ്ണത്താളുകളില്‍ ഇടം പിടിക്കാതെ എങ്ങനെ ഇരുളിലേക്ക് മറഞ്ഞു? സംഘടിച്ച് ശക്തരാകാന്‍ ശ്രീനാരായണഗുരുദേവന്‍ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതേ ഗുരുദേവനാണ് വാടപ്പുറം ബാവയോട് തൊഴിലാളി സംഘടനയുണ്ടാക്കാന്‍ 1920ല്‍ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് നിര്‍ബന്ധിത തൊഴില്‍ നിയമമായിരുന്നു പ്രാബല്യത്തില്‍. കമ്പനികളില്‍ തൊഴിലാളികളെ മുതലാളിമാര്‍ അടിമകളെപ്പോലെ പണിയെടുപ്പിച്ചു. 12 മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെയായിരുന്നു ജോലി സമയം. വൈദ്യുതിയോ വഴിവിളക്കുകളോ ഇല്ലാത്ത കാലം. വിദൂരസ്ഥലങ്ങളില്‍ നിന്നും തൊഴിലാളികള്‍ ചൂട്ടുകറ്റ കത്തിച്ചു പിടിച്ചു അതിന്റെ വെളിച്ചത്തിലാണ് കമ്പനികളില്‍ എത്തിയിരുന്നത്.
തൊഴിലാളികള്‍ക്കായി നിലയുറപ്പിച്ച യുവത്വം
പതിനെട്ടാം വയസില്‍ യുവത്വത്തിന്റെ ചുറുചുറുക്കുമായി ഡാറ സ്മെയില്‍ ആന്‍ഡ് കമ്പനിയില്‍ പണിക്കുകയറിയ പി.കെ ബാവ എന്ന മെലിഞ്ഞു സുമുഖനായ വാടപ്പുറം ബാവയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചത്. തൊഴിലാളികള്‍ അനുഭവിച്ചുപോന്ന അടിമത്തവും പീഡനങ്ങളും ആ യുവാവ് നേരിട്ടറിഞ്ഞു. ഡാറ സ്മെയില്‍ കമ്പനിയിലെ ബ്രിട്ടീഷുകാരനായ മാനേജരെ ‘വണ്ടി സായിപ്പ്’ എന്നും ജനറല്‍ എന്നുമാണ് വിളിച്ചിരുന്നത്. തൊഴിലാളികളോടുള്ള അയാളുടെ സമീപനംക്രൂരമായിരുന്നു. ഒരു ജോലിക്കാരനെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്നത് വാടപ്പുറം ബാവ കണ്ടു. അതിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കമ്പനിയുടെ അങ്കണത്തില്‍ നിന്നിരുന്ന സായിപ്പിനെ പുറത്തിറങ്ങി വളഞ്ഞുവയ്ക്കാന്‍ തൊഴിലാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ആ ആജ്ഞാശക്തിയില്‍ തൊഴിലാളികള്‍ സായിപ്പിനെ വളഞ്ഞു. തോക്കുമായി വാടപ്പുറം ബാവയുടെ നേരെ അലറിക്കൊണ്ട് ചെന്ന മാനേജര്‍, ബാവയെ വെടിവയ്ക്കുമെന്നും കൊന്നാല്‍ ആരും അന്വേഷിക്കുകയില്ലെന്നും കോടികളുടെ ആസ്തി തനിക്കുണ്ടെന്നും വീമ്പിളക്കി. എന്നാല്‍ തന്റെ പിന്നില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ഉണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ വെടിവയ്ക്കു എന്നും ബാവ തിരിച്ചടിച്ചു. കമ്പനിയില്‍ നിന്നും അദ്ദേഹം പുറത്തായി. തൊഴിലാളികളോടുള്ള മൃഗീയമായ പെരുമാറ്റവും മര്‍ദ്ദനവും അദ്ദേഹത്തെ കലാപകാരിയാക്കി. അതിന്റെ ഫലമായി വെള്ളക്കാരുടെ കമ്പനികളില്‍ ബാവയ്ക്ക് ജോലി കൊടുക്കരുത് എന്ന ഉത്തരവിറങ്ങി. ഒടുവില്‍ ബോംബെക്കാരനായ ഒരാളുടെ കമ്പനിയില്‍ ജോലിക്ക് കയറി. ബ്രിട്ടീഷ് കമ്പനികളിലെ മര്‍ദ്ദനം അവിടെ ഇല്ലായിരുന്നുവെങ്കിലും കൂലി സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. അതാത് ആഴ്ചകളില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ ഉടമ തയാറായില്ല. പത്തും പതിനഞ്ചും ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമേ അവിടെ കൂലി ലഭിച്ചിരുന്നുള്ളു. തൊഴിലാളികളില്‍ ഇത് എതിര്‍പ്പുണ്ടാക്കി. എല്ലാവരെയും കൊണ്ട് ഒപ്പിടുവിച്ച് ഒരു പരാതി മുതലാളിക്കു കൊടുക്കുവാന്‍ ആ ചെറുപ്പക്കാരന് തീരുമാനിച്ചു. സഹപ്രവര്‍ത്തകര്‍ അതിനു തയാറായില്ല. ഇതിനിടയിലാണ് തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന കൂലി ഉടമ വെട്ടിക്കുറച്ചത്. വെട്ടിക്കുറച്ച കൂലി ആരും വാങ്ങരുതെന്ന് ബാവ നിര്‍ദ്ദേശിച്ചു. തൊഴിലാളികള്‍ അത് അംഗീകരിച്ചു. കൂലി പുനഃസ്ഥാപിക്കണമെന്ന് മുതലാളിയോട് ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ ബാവ തീരുമാനിച്ചു. അതുവരെ പണിക്ക് ആരും കയറില്ലെന്ന് ബാവ മുതലാളിയെ അറിയിച്ചു. മുതലാളിയുടെ ഗുണ്ടകള്‍ പോലീസുമൊത്ത് ഓരോ വീടുകളിലും കയറി ഭീഷണിപ്പെടുത്തി. ഭയചകിതരായ തൊഴിലാളികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ജോലിക്കെത്തി. ഏറെ നിരാശനായ ബാവ കമ്പനിയുടെ പടിയിറങ്ങി. പിന്നീട് നാരിയല്‍ വാലാ ആന്‍ഡ് സണ്‍സ് എന്ന കമ്പനിയില്‍ പണിക്കു കയറി. അവിടെയും നാമമാത്രമായിരുന്നു കൂലി. അത് അപര്യാപ്തമാണെന്നു പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. കൂലി വെട്ടിക്കുറച്ചതില്‍ ബാവ രോഷാകുലനായി. ബാവയുടെ ആത്മാര്‍ത്ഥയിലും തന്റേടത്തിലും മതിപ്പു തോന്നിയ മുതലാളി കൂലി കുറയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ബാവ തൊഴിലാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി. തിരുവോണം ആഘോഷിക്കാന്‍ ഓണം അഡ്വാന്‍സ് വേണമെന്ന ആവശ്യം ബാവ ഉന്നയിച്ചു. എതിര്‍പ്പുകള്‍ക്കൊടുവില്‍ അഡ്വാന്‍സ് നല്‍കാമെന്ന് മുതലാളി സമ്മതിച്ചു. ഇന്ന് ലഭിക്കുന്ന ഓണം അഡ്വാന്‍സിന്റെ സ്ഥാപക നേതാവും വാടപ്പുറം ബാവ ആയിരുന്നു. കാര്യങ്ങള്‍ സുഗമമായി നീങ്ങുന്നതിനിടയിലാണ് ചെറുപ്പക്കാരനായ ഒരു തൊഴിലാളിക്ക് മര്‍ദ്ദനമേറ്റത്. പോലീസില്‍ പരാതിപ്പെടാന്‍ ആരും ധൈര്യപ്പെട്ടില്ല. രണ്ട് ദൃക്സാക്ഷികളുമായി പോലീസ് സ്റ്റേഷനിലെത്തി ബാവ പരാതി നല്കി.
കേസ് മജിസ്ട്രേറ്റ് കോടതിയിലെത്തി. കേസിന്റെ വാദം പുരോഗമിച്ചപ്പോള്‍ സാക്ഷികള്‍ പരിഭ്രാന്തരായി. താനും സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കുമെന്ന് ബാവ പറഞ്ഞു. ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എ.എം. ഐപ്പ് ആയിരുന്നു. വിധി പ്രസ്താവിച്ചപ്പോള്‍ ക്രിമിനല്‍ കേസ് നിരുപാധികം തള്ളിക്കളഞ്ഞുകൊണ്ടുള്ള വിധിയാണ് വന്നത്. തെളിവില്ലാഞ്ഞിട്ടോ തെളിയിക്കപ്പെടാഞ്ഞിട്ടോ അല്ല, മറിച്ച് ദൃക്സാക്ഷികളായി വന്നവര്‍ ‘വിദ്യാഭ്യാസം ഇല്ലാത്തവരും പിടിപ്പില്ലാത്തവരും വെറും തൊഴിലാളികളുമാ’-യിരുന്നത് കൊണ്ടാണ് കേസ് തള്ളിയതെന്നൊയിരുന്നു വിധിയുടെ ഉള്ളടക്കം. നീതിന്യായ വ്യവസ്ഥയും പാവപ്പെട്ടവര്‍ക്ക് എതിരാണെന്നുള്ള തിരിച്ചറിവ് ബാവയെ അസ്വസ്ഥനാക്കി. സഹോദരനെപ്പോലെ കരുതിയ ടി.സി. കേശവന് വൈദ്യരെ വൈദ്യശാലയില്‍ ചെന്ന് എല്ലാ വിവരങ്ങളും അറിയിക്കുമായിരുന്നു. കേശവന് വൈദ്യര് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രചാരകനും സംസ്കൃത പണ്ഡിതനുമായിരുന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ശ്രീനാരായണഗുരു എത്തുന്ന വിവരം വൈദ്യരറിഞ്ഞു. ബാവയുമായി ഗുരുദേവനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നും ഗുരു ഒരു പരിഹാരം നിര്‍ദ്ദേശിക്കാതിരിക്കില്ല എന്നും വൈദ്യര് പറഞ്ഞു.
ഗുരു നിര്‍ദേശിച്ചു, സംഘടന പിറന്നു
1920 മെയ് 15ന് ശ്രീനാരായണ ഗുരു കിടങ്ങാംപറമ്പിലെത്തിയപ്പോള്‍ വൈദ്യരും ബാവയും ഗുരുവിനെ ദര്‍ശിക്കാനെത്തി. സന്ദര്‍ശനാനുമതി ലഭിച്ചതോടെ വൈദ്യര്, ബാവയെ ഗുരുവിന് പരിചയപ്പെടുത്തി. ആലപ്പുഴയിലെ ഫാക്ടറികളിലെ തൊഴിലാളികളുടെ ദാരുണമായ അവസ്ഥ ബാവ, ഗുരുസമക്ഷം അവതരിപ്പിച്ചു. പോലീസും മുതലാളിമാരും നീതിന്യായ വ്യവസ്ഥയും കൈകോര്‍ത്തുപിടിച്ച് അശരണരായ തൊഴിലാളികളെ നിര്‍ദയം പീഡിപ്പിക്കുന്നു എന്ന സത്യം ഗുരുദേവന്റെ മനസില്‍ പതിഞ്ഞു. അല്പനേരം ധ്യാനനിമഗ്നനായ ശേഷം ഗുരു അരുളിച്ചെയ്തു. ഒറ്റ പോം വഴിയേയുള്ളു, ‘പണിയെടുക്കുന്നവരുടെ ഒരു സംഘടനയുണ്ടാക്കുക. സംഘത്തിന്റെ ഭാരവാഹികള്‍ വിവിധ പ്രശ്നങ്ങ ളി ഇടപെട്ട് സംസാരിക്കുക.’
എന്നാല്‍ തൊഴിലാളികളെ വിളിച്ചുചേര്‍ത്ത് ഒരു സംഘടന ഉണ്ടാക്കുക എന്നത് തീര്‍ത്തും അപ്രായോഗികമായിരുന്നു. അന്ന് പൊതുപ്രവര്‍ത്തനങ്ങളോ പൊതുപ്രസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സാമുദായിക സംഘടനകള്‍ മാത്രം. ഇക്കാര്യം സംസാരിക്കാന്‍ പോലും ഒരു തൊഴിലാളിയെയും കിട്ടുകയില്ലെന്ന് ബാവയ്ക്ക് മനസിലായി. ഇതിനൊരുമ്പെട്ടാല്‍ ഒന്നുകില്‍ മുതലാളി ജോലിയില്‍ നിന്ന് പിരിച്ചുവിടും. അല്ലെങ്കില്‍ പോലീസ് അറസ്റ്റ് ചെയ്യും. ഇതായിരുന്നു അവസ്ഥ.
ആറേഴുമാസം ഒറ്റയ്ക്കൊറ്റയ്ക്ക് തൊഴിലാളികളെ കണ്ട് ആവശ്യം ഉന്നയിച്ചെങ്കിലും അവരാരും കേള്‍ക്കാന്‍ പോലും തയാറായില്ല. ബാവയുടെ വീടിനു സമീപത്തുള്ള ഗുജറാത്തിയായ ഖട്ടാവ് കിംജി സേട്ടിന്റെ എംപയര്‍ കയര്‍ വര്‍ക്സില്‍ ബാവ ജോലിക്കു കയറി. താരതമ്യേന പണി ചെയ്യുന്നവരോട് കരുണ കാണിക്കുന്നയാളായിരുന്നു സേട്ട്. യാര്‍ഡ് സൂപ്രണ്ടായാണ് ബാവ പണിക്കുകയറിയത്. ആയിരത്തി നാനൂറില്‍ പരം തൊഴിലാളികള്‍ ആ കമ്പനിയിലുണ്ടായിരുന്നു. തൊഴിലാളികളുടെ ഒത്തുകൂടല്‍ എന്ന വിഷയം ബാവ ഉന്നയിച്ചെങ്കിലും തൊഴിലാളികള്‍ വിമുഖത കാണിക്കുകയാണ് ചെയ്തത്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്ന ജോലി സൂപ്രണ്ടായിരുന്ന ബാവയ്ക്ക് തന്നെയായിരുന്നു. യോഗത്തിനെത്താമെന്ന് സമ്മതിക്കുന്നവര്‍ക്ക് ആദ്യം കൂലി കൊടുക്കുമെന്ന് ബാവ പറഞ്ഞു. അങ്ങനെ കൂലി കൊടുക്കുന്ന ദിവസം തന്നെ മുന്നോറോളം തൊഴിലാളികളില്‍ നിന്ന് യോഗത്തിനു എത്തിക്കൊള്ളാമെന്ന് ബാവ എഴുതി വാങ്ങിച്ചു. കേരള ചരിത്രത്തിലെ പ്രഥമ തൊഴിലാളികളുടെ യോഗത്തിന് കളമൊരുങ്ങുകയായിരുന്നു. പകല്‍ യോഗം ചേര്‍ന്നാല്‍ പോലീസ് കുറ്റകരമായി കണക്കാക്കുമെന്നതു കൊണ്ട് സന്ധ്യക്കു ശേഷം റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ യോഗം തുടങ്ങാമെന്ന് തീരുമാനിച്ചു. ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് കാടുപിടിച്ചു കിടന്ന വെളിമ്പ്രദേശം വൃത്തിയാക്കി യോഗത്തിനുള്ള വേദിയൊരുക്കി.
1922 മാര്‍ച്ച് 31ന് സന്ധ്യകഴിഞ്ഞതോടെ മുന്നൂറിനടുത്ത് തൊഴിലാളികള്‍ യോഗസ്ഥലത്തേക്ക് എത്തി. ശ്രീനാരായണഗുരുദേവ ശിഷ്യനായ സ്വാമി സത്യവ്രതനും യോഗത്തില്‍ പങ്കെടുത്തു. സ്വാമി സത്യവ്രതന് അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവനും താനും തണ്ണീര്‍മുക്കത്തുണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് വരുന്നതെന്നും ഇന്ന് ചരിത്ര പ്രസിദ്ധമാകാന്‍ ഇടയുള്ള ഒരു സംഘടന കാഞ്ഞിരംചിറ പ്രദേശത്ത് ഉദയം ചെയ്യുമെന്നും ആദ്യ സംഭാവന എന്ന നിലയില്‍ ഗുരുദേവന് ഒരു വെള്ളി രൂപ തന്നുവിട്ടിട്ടുണ്ടെന്നും സ്വാമി സത്യവ്രതന് അറിയിച്ചു. വരാന്‍ പോകുന്നത് തൊഴിലാളികളുടെ യുഗമായിരിക്കുമെന്നും അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. അങ്ങനെ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് എന്ന പ്രഥമ തൊഴിലാളി സംഘടന ജന്മമെടുത്തു. ഡോ. എം. കെ ആന്റണി പ്രസിഡന്റായും വാടപ്പുറം ബാവ സെക്രട്ടറിയായും പപ്പു ആശാന് ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ നിയമാവലിയും വരിസംഖ്യയും ഓഫീസും കണക്കും എല്ലാം പ്രവര്‍ത്തന സജ്ജമായി. മാസങ്ങള്‍ക്കുള്ളില്‍ നാലായിരത്തോളം തൊഴിലാളികള്‍ സംഘടനയില്‍ അംഗങ്ങളായി.
‘തൊഴിലാളി’ യും സ്വാതന്ത്ര്യ സമരവും
അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു തൊഴിലാളികളെല്ലാം. അവരെ അക്ഷരം പഠിപ്പിക്കുവാനും അവകാശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ‘തൊഴിലാളി’ എന്നപേരില്‍ ഒരു പത്രം തുടങ്ങി. തൊഴിലാളികളെല്ലാം വരിക്കാരാകണമെന്ന് ബാവ നിര്‍ബന്ധിച്ചു. ബാവ തന്നെയായിരുന്നു പത്രത്തിന്റെ ആദ്യ എഡിറ്റര്‍. പി. കേശവദേവ്, പിഎസ്സിയുടെ ചെയര്‍മാനായി മാറിയ പി.കെ. വേലായുധന് തുടങ്ങിയവര്‍ പത്രാധിപസമിതി അംഗങ്ങളായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം സര് സി.പി. രാമസ്വാമി അയ്യര്‍ തൊഴിലാളി പത്രം നിരോധിച്ചു. തൊഴിലാളിക്കൊരു സംഘടന, തൊഴിലാളിക്കൊരു പത്രം, തൊഴിലാളിക്ക് ഒരു സഹകരണസംഘം എന്നതായിരുന്നു ബാവയുടെ മുദ്രാവാക്യം. ബാവ ഉണ്ടാക്കിയ ദി കോസ്റ്റ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആലപ്പുഴയില്‍ ഇപ്പോഴുമുണ്ട്. അത് ഇപ്പോള്‍ കോസ്റ്റ കോപ്പറേറ്റീവ് ബാങ്കാണ്.
1925 ല്‍ ട്രേഡ് യൂണിയന് നിയമം രാജ്യത്ത് ആവശ്യമാണെന്ന കേന്ദ്രബില്ല് കേന്ദ്രത്തിലെ ലെജിസ്ലേറ്റീവ് സമിതിയില്‍ വെളിച്ചം കണ്ടു. 1927ല്‍ ട്രേഡ് യൂണിയന് ബില്ല് നിയമമെന്ന നിലയില്‍ പ്രാബല്യത്തിലായി. ഈ വൃത്താന്തം ലേബര്‍ അസോസിയേഷനിലും എത്തി. 1927 ജൂലൈ 11ന് പട്ടണത്തിലെ കമ്പനികളിലെ തൊഴിലാളികള്‍ കടപ്പുറം മൈതാനത്ത് കേന്ദ്രീകരിക്കുകയും വാടപ്പുറം ബാവയുടെ നേതൃത്വത്തില്‍ കിടങ്ങാംപറമ്പ് മൈതാനിയിലേക്ക് ജാഥ നടത്തുകയും ചെയ്തു. ഈ നിയമത്തിന്റെ ആനുകൂല്യം കേരളത്തിലും ലഭിക്കണമെന്ന പ്രമേയം വാടപ്പുറം ബാവ സമ്മേളനത്തി അവതരിപ്പിച്ച് അംഗീകരിപ്പിച്ചു.
ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള എല്ലാ സമരപരിപാടികളിലും ബാവ പങ്കാളിയായി. അഹിംസയിലൂടെ പൂര്‍ണ്ണ സ്വരാജ് എന്ന ഗാന്ധിയുടെ സിദ്ധാന്തം ബാവയുടെ ജീവിത മന്ത്രമായി. സമരത്തിന്റെ ഭാഗമായുള്ള വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തില്‍ പങ്കെടുക്കുകയും വിദേശ വസ്ത്രക്കടകള്‍ പിക്കറ്റു ചെയ്യുകയും വിദേശവസ്ത്രം കത്തിക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. അതോടെ ബാവ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഒടുവില്‍ പോലീസ് വീടുവളഞ്ഞ് ബാവയെ അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ വെച്ചാണ് അസോസിയേഷന്റെ ചില വിമത പ്രവര്‍ത്തകരും തന്നെ അറസ്റ്റ് ചെയ്യിക്കുന്നതിലും ഒറ്റു കൊടുക്കുന്നതിലും ഒത്താശ നല്‍കിയെന്ന് അറിഞ്ഞത്. ബാവ വിയര്‍പ്പ് ഒഴുക്കി പടുത്തുയര്‍ത്തിയ ലേബര്‍ അസോസിയേഷന് പിടിച്ചെടുക്കുവാന്‍ ചില വിധ്വംസക പ്രവര്‍ത്തകര്‍ രഹസ്യനീക്കം നടത്തുന്നതായി അറിഞ്ഞു.
ഇന്ത്യയില്‍ വീശിയടിച്ച കമ്മ്യൂണിസത്തിന്റെ അലകള്‍ കേരളത്തിലും എത്തി. സംഘടന 1930 കളുടെ അന്ത്യപാദത്തില്‍ പൂര്‍ണ്ണമായി ഹൈജാക്ക് ചെയ്യപ്പെട്ടു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ കനക ജൂബിലി സമ്മേളനം 1972 ല്‍ ആലപ്പുഴയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ചു ദിവസം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച്ചു. അതിനുശേഷം പാര്‍ട്ടി അരനൂറ്റാണ്ടായി മൗനത്തിലും അര്‍ഥഗര്‍ഭമായ നിശബ്ദതയിലുമായി. 1997ല്‍ 75-ാം വാര്‍ഷിക സമ്മേളനമായ പ്ലാറ്റിനം ജൂബിലിയോ 100-ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ശതാബ്ദി ആഘോഷ സമ്മേളനമോ നടത്തിയില്ല. എന്തുകൊണ്ടാണത് എന്ന ചോദ്യം ബാക്കി. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ സമൂഹത്തിലെ അതി ദുര്‍ബല വിഭാഗത്തിന്റെ അന്തസ്സിനും ഉന്നമനത്തിനും വേണ്ടി സമര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത വാടപ്പുറം ബാവയെ തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ വിസ്മരിച്ചു. എങ്കിലും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിലേക്ക് ബാവയുടെ നാമവും എഴുതിച്ചേര്‍ക്കപ്പെടുന്നു എന്നത് ഏറെ ആഹ്ലാദം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: