ഹൈദരാബാദ്: ആശുപത്രി ഐസിയുവില്‍ വെച്ച് എലി കടിച്ചതിന് പിന്നാലെ രോഗിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കല്‍ എംജിഎം ആശുപത്രിയിലായിരുന്നു സംഭവം. 38കാരന് ശ്രീനിവാസാണ് മരിച്ചത്.
മാര്‍ച്ച് 30നായിരുന്നു ശ്രീനിവാസനെ എലി കടിച്ചത്. ഇതിന് പിന്നാലെ ആന്തരിക രക്തസ്രാവം സംഭവിച്ചിരുന്നു. ഉടന്‍ തന്നെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. എലി കടിച്ചതല്ല, രോഗിയുടെ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ശ്രീനിവാസന് മദ്യപാനിയായിരുന്നുവെന്നും കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തരല്ലാത്തതിനാല്‍ ആശുപത്രിക്കെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് ശ്രീനിവാസന്റെ കുടുംബം.
റെസ്പിറേറ്ററി ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസിന്റെ കാലിലും കയ്യിലും എലികള്‍ കടിച്ച് മുറിവേല്പിച്ചതായി ബന്ധുക്കള്‍ പരാതി നല്കി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ബി.ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റുകയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: