കണ്ണൂര്‍: സ്ഥാപനം അടച്ചു പൂട്ടി 24 വര്‍ഷമായിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതെ തിരുവേപ്പതിമില്‍ തൊഴിലാളികള്‍. 6ന് കണ്ണൂരില്‍ ആരംഭിക്കുന്ന സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി സ്ഥിതി ചെയ്യുന്ന പയ്യാമ്പലത്തായിരുന്നു അഞ്ഞൂറിലധികം തൊഴിലാളികളുമായി തിരുവേപ്പതി ടെക്സ്റ്റയില്‍ മില്‍ പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാരും കമ്പനിയും വാഗ്ദാനം ചെയ്ത അര്‍ഹതപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും തൊഴിലാളികളുടെ കൈകളിലെത്തിയില്ല. സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യ തുക സംബന്ധിച്ച് കോടതി ഓരോ തൊഴിലാളിക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നും ആനുകൂല്യത്തിന്റെ നാലിലൊന്നുമാത്രമാണ് തൊഴിലാളികളുടെ കൈകളിലെത്തിയത്.
കണ്ണൂരിലെ നായനാര്‍ അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബാസല്‍ മിഷന് എന്ന ജര്‍മ്മന്‍ സംഘടനയാണ് കോമണ്‍വെല്‍ത്ത് എന്ന പേരില്‍ വന്‍കിട തുണി ഉല്‍പ്പാദനകേന്ദ്രം സ്ഥാപിച്ചത്. പ്രദേശവാസികളായ അനേകം പേര്‍ക്ക് ഇവിടെ ജോലി നല്കി. ബര്‍ണ്ണശ്ശേരി എന്ന പ്രദേശം രൂപംകൊണ്ടത് ആ ഫാക്ടറി സ്ഥാപിച്ചതിനുശേഷമാണ്. കണ്ണൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ നാല് ഭാഗവും വിശാലമായ റോഡാണ്. നൂറോളം വര്‍ഷങ്ങള്‍ക്കുശേഷം കോമണ്‍വെല്‍ത്ത് ഫാക്ടറി റാണി മില്‍ എന്ന സ്ഥാപനമായി മാറുകയും 1964ല്‍ തിരുവേപ്പതി മില്‍സ് എന്ന പേരില്‍ നൂല് ഉല്‍പ്പാദന കേന്ദ്രമായി 600 ല്‍പ്പരം തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാക്ടറിയായി മാറുകയുണ്ടായി. 1998 ഫിബ്രവരി 12 ന് സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞ് തൊഴിലാളികള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ ഉടമ ഫാക്ടറി അടച്ചിടുകയായിരുന്നു.
കമ്പനി തുറക്കുന്നതിന് വേണ്ടി സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകള്‍ സംയുക്ത സമരസമിതി രൂപീകരിച്ച് സമരം നടത്തിയെങ്കിലും സമരം എവിടെയും എത്തിയില്ല. പിന്നീട് തൊഴിലാളികള്‍ സ്വതന്ത്രമായി സംഘടിച്ച് തൊഴിലാളിസഭ രൂപീകരിച്ച് 10 മാസത്തോളം കണ്ണൂര്‍ നഗരത്തില്‍ നിരാഹാര സമരമടക്കം നടത്തിയെങ്കിലും കമ്പനി ലിക്വിഡേഷന് വിടുകയാണുണ്ടായത്. പിന്നീട് 25 തൊഴിലാളികള്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ മൂന്നുദിവസം സത്യഗ്രഹമനുഷ്ഠിച്ചിരുന്നു. സത്യഗ്രഹം ഉദ്ഘാടനം ചെയ്തത് പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു.
2006 ജൂലായ് മാസം 26ന്റെ പ്രമുഖ ദിനപത്രത്തില്‍ തിരുവേപ്പതി എന്ന സ്ഥാപനം 2006 ആഗസ്ത് 31ന് വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചതായും താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നിരവധി പേര് സ്ഥാപനമേറ്റെടുത്ത് നടത്തുന്നതിനായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ലേലം നിശ്ചയിച്ച ദിവസമായ ആഗസ്ത് 31 രാവിലെ 8 മണിക്ക് മുമ്പായി തുറന്ന ലേലസ്ഥലമായ കണ്ണൂര്‍ ഇന്ത്യന്‍ ബാങ്കിന്റെ ഫോര്‍ട്ട് റോഡ് ശാഖയ്ക്ക് മുമ്പില്‍ കണ്ണൂരിലെ ഉന്നതരായ സിപിഎം നേതാക്കന്മാര് അടക്കം ഒരുസംഘം ആളുകള്‍ അണിനിരന്ന് മില്‍വാങ്ങി നടത്താന്‍ വന്നവരെ ടെണ്ടര്‍ നല്കാന് അനുവദിക്കാതെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം സെന്റിന് 1,73,000 രൂപയ്ക്ക് സ്വന്തമാക്കുകയും 600 ല്‍ പരം തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനത്തിനായി ആശ്രയിച്ച് തൊഴില്‍ സ്ഥാപനം ഇടിച്ചുനിരത്തി നായനാര്‍ അക്കാദമി എന്ന പേരില്‍ അക്കാദമി സ്ഥാപിച്ചു. തിരുപ്പതി മില്‍സ് എന്ന സ്ഥാപനത്തില്‍ 35 വര്‍ഷക്കാലം ജോലി ചെയ്ത 600 ല്‍പ്പരം തൊഴിലാളികള്‍ക്ക് ആനുകൂല്യമായി ലഭിക്കുവാനുള്ളത് അന്നത്തെ നിരക്കില്‍ 16 കോടി 63,49,339 രൂപയാണ്.
അതിന്റെ നാലിലൊരുഭാഗം വിലക്ക് സ്ഥലവും സ്വത്തും കൈയടക്കി തൊഴിലാളികളെ വഴിയാധാരമാക്കുകയായിരുന്നു. സിപിഎം ചുളുവിലയ്ക്ക് സ്ഥലം കൈവശപ്പെടുത്തിയതിനാല്‍ തൊഴിലാളികളുടെ ആനുകൂല്യത്തിലേക്കായി കേവലം 4കോടി 49 ലക്ഷത്തില്‍പരം രൂപ മാത്രമാണ് ലഭിച്ചത്. ബര്‍ണ്ണശ്ശേരിയിലെ തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്ര വരുന്ന സ്ഥലമാണ് സിപിഎം വിലയ്ക്ക് വാങ്ങിയത്. സെന്റിന് ആറ് മുതല്‍ ഏഴു ലക്ഷംവരെ കിട്ടുന്ന സ്ഥലം മൊത്തം ആറുകോടി രൂപയ്ക്കാണ് പാര്‍ട്ടി കൈയ്യടക്കിയത്. തൊഴിലാളികള്‍ക്കാകട്ടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇന്നും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലാളി പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന പാര്‍ട്ടി അന്നും ഇന്നും തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ന്യായമായ ആനുകൂല്യമെങ്കിലും വാങ്ങികൊടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. മില്‍ നിന്നിരുന്നിടത്ത് ഇന്ന് കോടികള്‍ ചിലവഴിച്ച് കൂറ്റന്‍ ആഢംബര കെട്ടിടവും മ്യൂസിയവും കെട്ടിപ്പൊക്കിയിരിക്കുകയാണ്.
30 ഉം 35 ഉം വര്‍ഷക്കാലം ചോരനീരാക്കി പടുത്തുയര്‍ത്തിയ സ്ഥാപനം അടച്ചുപൂട്ടി കാല്‍നൂറ്റാണ്ട് പിന്നിടാന്‍ പോകുന്നു. ഇന്നും അര്‍ഹതപ്പെട്ട ആനുകൂല്യത്തിന്റെ നാലില്‍ ഒരു ഭാഗം പോലും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. സിപിഎം ചുളുവിലയ്ക്ക് മില്ലും സ്വത്തും തട്ടിയെടുത്തിട്ടില്ലെങ്കില്‍ ഒരുപരിധിവരെ ആനുകൂല്യം ലഭിക്കുമായിരുന്നുവെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അതേമില്‍ ഇടിച്ചുനിരത്തി പാര്‍ട്ടി കോണ്‍ഗ്രസ് മാമാങ്കം നടത്തുമ്പോള്‍ പൊതുസമൂഹം ഞങ്ങളുടെ വേദന തിരിച്ചറിയണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 600ല്‍ പരം തൊഴിലാളികളില്‍ 150 പരം പേര് ഇതിനകം ദുരിതജീവിതം നയിച്ച് മരണംവരിച്ചു കഴിഞ്ഞു.
സ്ഥിരം തൊഴിലാളികളല്ലാത്ത 30ഓളം പേര് സ്ഥിരം ജീവനക്കാരുടെ ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ മില്ലുടമ കെട്ടിവെച്ച കാശ് തൊഴിലാളികള്‍ ലഭിക്കാതിരിക്കാന്‍ തടസ്സമായത്. കോടതിയും ലിക്വിഡേറ്ററും ചേര്‍ന്ന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഉടന്‍ നടപടിയുണ്ടാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് ലഭിക്കാന്‍ അര്‍ഹതപ്പെട്ട ആനുകൂല്യമായി 1 രൂപ ലഭിക്കേണ്ട സ്ഥാനത്ത് കേവലം 26 പൈസ മാത്രമാണ്. 9 ലക്ഷംവരെ ലഭിക്കാനുളള തൊഴിലാളിക്ക് ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. തൊഴിലാളികളില്‍ ഒട്ടുമിക്ക പേരും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും പ്രായാധിക്യവും കാരണം കഷ്ടപ്പെട്ട് ജീവിതം തളളി നീക്കുന്നവരാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കാന്‍ പോകുന്നത് നായനാര്‍ അക്കാദമി സ്ഥിതിചെയ്യുന്നത് തിരുപ്പതി മില്ലിലെ തൊഴിലാളികളുടെ ചോരക്കും കണ്ണീരിനും ദുരിതങ്ങള്‍ക്കും മുകളിലാണ്. അതുകൊണ്ടുതന്നെ ഇപ്പോഴെങ്കിലും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: