കൊളംബോ : ജനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധികളില്‍ രാജ്യം നട്ടം തിരിയുമ്പോഴാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവില്‍ ഇറങ്ങിയതോടെ ഇന്ന് പുലര്‍ച്ചെ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ഇനി സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.
മിരിഹനയില്‍ വ്യാഴാഴ്ച രാത്രി പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 53 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും സേന പിടികൂടി. 2 മാധ്യമപ്രവര്‍ത്തകരും 5 പോലീസുകാരും ഉള്‍പ്പെടെ 15 പേര്‍ക്കു പരുക്കേറ്റു. അറസ്റ്റിലായവരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണമുണ്ട്. അവരെ മോചിപ്പിക്കാന്‍ 300 അഭിഭാഷകര്‍ ഒരുമിച്ചു പോലീസ് സ്റ്റേഷനിലെത്തുകയും ഇത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു.
വെള്ളിയാഴ്ച കൊളംബോയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചു. മോറത്തുവ മേയറുടെ വസതിക്കു നേരെ കല്ലേറുണ്ടായി. ഡീസല്‍ക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാന്‍ സാധിക്കാതെ വത്തലയില്‍ മത്സ്യത്തൊഴിലാളികള്‍ കാന്‍ഡി റോഡ് ഉപരോധിച്ചു.
സമരക്കാര്‍ക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും മനുഷ്യാവകാശ കമ്മിഷന് ഉള്‍പ്പെടെ എതിര്‍പ്പുമായി എത്തിയതോടെ നിലപാട് മാറ്റി. പകരം പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തുമെന്നറിയിച്ചു.
രാജ്യത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണന്ന് ഭരണകക്ഷിയില്‍ നിന്നടക്കം ആക്ഷേപം ശക്തമാണ്. വ്യാപക പ്രക്ഷോഭത്തിന് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ഉയര്‍ന്നതോടെ രാജ്യം അതീവ സുരക്ഷയിലാണ്. കടുത്ത ചൂടും ദിവസേന 13 മണിക്കൂര്‍വരെ പവര്‍കട്ടും ഏര്‍പ്പെടുത്തിയതോടെ പൊറുതിമുട്ടിയാണ് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഇതിനിടെയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: