തൃശൂർ: നമ്പൂതിരി ഫലിതങ്ങളിലൂടെയും ഫലിത പ്രഭാഷണങ്ങളിലൂടെയും അരങ്ങിൽ നന്ദഹാസം വിടർത്തിയ നന്ദകിഷോറിന്റെ കലാജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. കൂത്തിന്റെയും തുള്ളലിന്റെയും പാഠകത്തിന്റെയും ശൈലികൾ സമന്വയിപ്പിച്ച് വേദികളിൽ ഫലിത പ്രഭാഷകനായി നിറസാന്നിദ്ധ്യമാവുകയാണ് മികച്ച അഭിനേതാവ് കൂടിയായ നന്ദകിഷോർ.
തൃശ്ശൂർ വല്ലച്ചിറ മണ്ണത്ത് ലക്ഷ്മി നാരായണ മേനോൻ-നെല്ലിക്കൽ അമ്മു അമ്മ ദമ്പതികളുടെ മകനായ നന്ദകിഷോർ ( 60 ) അരിമ്പൂരിലാണ് താമസം. സാഹിത്യകാരനും, നിരൂപകനും, കവിയും അധ്യാപകനുമായിരുന്ന പിതാവിൽ നിന്നായിരുന്നു നന്ദകിഷോർ തന്റെ കലാജീവിത പ്രവേശനത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്. ഏഴാം ക്ലാസുവരെ വല്ലച്ചിറ ഗവ. യു. പി. സ്കൂളിൽ പഠിച്ചു. ചേർപ്പ് സി. എൻ. എൻ. ബോയ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. പ്രീ-ഡിഗ്രി, ബി.കോം എന്നിവ തൃശൂർ ഗവ. കോളേജിൽ. എം. കോം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ.
1984 ൽ എം.കോം. പാസായ ശേഷം നന്ദകിഷോർ തൃശൂർ അരണാട്ടുകരയിലുള്ള സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നെങ്കിലും ആ കോഴ്സ് പൂർത്തിയാക്കിയില്ല. 1985 ജൂലൈ മുതൽ 1986 സെപ്റ്റംബർ വരെ എറണാകുളം ഔവർ പാരലൽ കോളേജിൽ അധ്യാപകനായിരുന്നു. അതിനുശേഷം തൃശൂർ നഗരത്തിലെ വിവിധ പാരലൽ കോളേജുകളിൽ പഠിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധ നാടക സംവിധായകൻ ജോസ് ചിറമ്മലിനെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹം നേതൃത്വം നൽകി സ്ഥാപിച്ച “റൂട്ട്” എന്ന നാടകസംഘത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. മുദ്രാരാക്ഷസം എന്ന നാടകത്തിൽ സൂത്രധാരനായി നന്ദകിഷോർ വേഷമിട്ടു. അതോടൊപ്പം തന്നെ വല്ലച്ചിറയിൽ പ്രവർത്തിച്ചിരുന്ന കളിയരങ്ങ് എന്നു പേരുള്ള കലാ-നാടക പഠനസംഘത്തിലും പ്രവർത്തിച്ചിരുന്നു.
കുഞ്ഞുണ്ണിമാഷുടെ നമ്പൂരിഫലിതങ്ങൾ എന്ന ഹാസ്യസമാഹാരത്തിൽ നിന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളെ സമകാലീനസംഭവങ്ങളുമായി കൂട്ടിയിണക്കി നമ്പൂരിഫലിതങ്ങൾ എന്ന പേരിൽ ഹാസ്യരസ പ്രധാനമായ ഒരു പുതിയ ഏകാഭിനയകലാരൂപം 1992ൽ സ്വയം ചിട്ടപ്പെടുത്തി നന്ദകിഷോർ കോഴിക്കോട് ടൗൺ ഹാളിൽ വച്ച് അവതരിപ്പിച്ചു. തുടർന്ന് കേരളത്തിലും വിദേശത്തുമായി ആറായിരത്തിലധികം വേദികളിൽ നന്ദകിഷോറിന്റെ ഫലിത പ്രഭാഷണങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്പൂരിഫലിതങ്ങളിലെ ആക്ഷേപഹാസ്യാവതരണവും, നാടകവേദികളിലെ മികച്ച അഭിനയപാടവവുമാണ് നന്ദകിഷോറിനെ ചലചിത്രമേഖലയിലും ശ്രദ്ധേയനായ നടനാക്കി മാറ്റിയത്. വിനയപൂർവ്വം വിദ്യാധരൻ, ശാന്തം, കസ്തൂരിമാൻ, ജോർജ്ജേട്ടൻസ് പൂരം, പൊറിഞ്ചു മറിയം ജോസ്, അള്ള് രാമേന്ദ്രൻ, ഓം ശാന്തി ഓശാന, ലൗഡ് സ്പീക്കർ, ആട്ടക്കഥ, കലി, ഒരു മെക്സിക്കൻ അപാരത, ഗാനഗന്ധർവൻ, ഉട്ടോപ്യയിലെ രാജാവ്, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങി അറുപതിലധികം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാനിലെ ഫാദറിന്റെ വേഷം ജനശ്രദ്ധ നേടിയതാണ്. സിനിമക്ക് മുൻപ് ദൂരദർശൻ സംപ്രേഷണം ചെയ്ത സ്കൂൾ ഡയറി എന്ന സീരിയലിൽ നമ്പൂതിരി മാഷ് എന്ന വേഷം നന്ദകിഷോർ ചെയ്തിട്ടുണ്ട്.
ടെലിവിഷനിൽ തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയിലെ ശങ്കരൻ എന്ന പ്രവാസിയുടെ വേഷം നന്ദകിഷോറിന്റെ അഭിനയത്താൽ പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ഹാസ്യ സമാഹാരങ്ങളായ വികടവാണി, നന്ദഹാസം, മന്ത്രാലയകുബേരൻ – (രാഘവേന്ദ്രസ്വാമികളുടെ ജീവചരിത്രം), വിശ്വമംഗളപ്രാർഥന (മഹർഷി മഹാകവി ഗുരുശ്രീ പ്രൊഫസർ പി. കൃഷ്ണകുമാർ രചിച്ചത്) എന്ന ഗ്രന്ഥത്തിനുള്ള കമന്ററി എന്നിവ നന്ദകിഷോറിന്റെ രചനകളാണ്. വികടവാണി എന്ന ഹാസ്യ സമാഹാരത്തിന് ഹാസ്യ സാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1991 മുതൽ 17 വർഷം കോഴിക്കോട് സർവകലാശാലയിൽ നന്ദകിഷോർ ജോലി നോക്കി. പിന്നീട് തൃശൂർ അഗ്രി. യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തു. ടെലിവിഷൻ ചാനലുകളിൽ സ്ഥിരമായി തൃശൂർ പൂരത്തിനും, പുലിക്കളിക്കും ദൃക്സാക്ഷി വിവരണവും നന്ദകിഷോർ ചെയ്യുന്നുണ്ട്. ലതയാണ് നന്ദകിഷോറിന്റെ ഭാര്യ. മക്കൾ : പ്രഹ്ളാദൻ, കാളിദാസൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: