ഇസ്ലാമബാദ് : അവിശ്വാസത്തിന് പിന്നാലെ ഇമ്രാന് ഖാന് സര്‍ക്കാരിന്റ ഭൂരിപക്ഷവും നഷ്ടപ്പെട്ടു. ഇമ്രാന് ഖാന്റെ പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാക്കിസ്ഥാന് പ്രതിപക്ഷമായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുമായി ധാരണയിലെത്തിയതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. പാക് പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
പ്രതിപക്ഷ പാര്‍ട്ടികളും എംക്യുഎമ്മും തമ്മില്‍ ധാരണയില്‍ എത്തിയതായി പിപിപി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. എംക്യുഎം നേതാവ് ഫൈസല്‍ സബ്സ്വാരിയും ഇക്കാര്യം സ്ഥിരീകരിച്ചു. 342 അംഗ പാക്കിസ്ഥാന് ദേശീയ അസംബ്ലിയില്‍ ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടത്. 179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന് ഖാന് 2018-ല്‍ അധികാരത്തിലേറുന്നത്. എംക്യുഎം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പിടിഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞിരുന്നു. ഇമ്രാന് ഖാന്റെ പാര്‍ട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 24 വിമതര്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന് സൂരി അറിയിച്ചിരുന്നു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത തീയതി മാര്‍ച്ച് 31 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: