അനിരുദ്ധന്
വ്യവസ്ഥാപിതമായ നിയമനിര്‍മാണ പ്രക്രിയയുടെ ഭാഗമായി നിലവില്‍ വന്നതാണ് കേരളത്തിലെ കെഎസ്എസ്ആര്‍/ എസ്എസ്ആര്‍ നിയമങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമന, സേവന, വേതന വ്യവസ്ഥകള്‍ എല്ലാം കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു സ്റ്റാറ്റിയൂറ്ററി രേഖയാണിത്. അത്തരം വിഷയങ്ങള്‍ കൂടുതല്‍ സുതാര്യതയോടേയും സന്ദര്‍ഭോചിതമായും നടപ്പിലാക്കേണ്ടതുണ്ട് എന്ന കാഴ്ച്ചപ്പാടോടുകൂടിയാണ് ഈ പ്രധാന നിയമ നിര്‍മാണം നടത്തിയിട്ടുള്ളത്.ആ ലക്ഷ്യത്തോടെയാണ്, ഓരോ വകുപ്പുകളും അതിനാവശ്യമായ വിവരങ്ങള്‍ കാലാകാലങ്ങളില്‍ ഉള്‍പ്പെടുത്തിയും കാലഹരണപ്പെട്ടവ ഒഴിവാക്കിയും, അതിന്റേതായ ‘വിശേഷാല്‍ ചട്ടങ്ങള്‍’ ആവശ്യാനുസരണം ഭേദഗതി ചെയ്യണം എന്ന വ്യവസ്ഥ ഈ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശേഷാല്‍ ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യുക എന്നത് ബ്യൂറോക്രാറ്റിക്ക് എക്സിക്യൂട്ടീവിന്റെ മാത്രം ചുമതലയാണ്. അതിനാല്‍ തന്നെ, രാഷ്ട്രീയ എക്സിക്യുട്ടീവ് മാറി മാറി വന്നാലും, ഭേദഗതി പ്രക്രിയ തുടര്ന്നുപോവും. കാലഹരണപ്പെട്ട വിഷയങ്ങള്‍ ഒഴിവാക്കി കാലം ആവശ്യപ്പെടുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ ഭേദഗതിക്കു വിധേയമാകുന്നുണ്ട് എന്നത് രാഷ്ട്രീയ നേതൃത്വവും നിയമനിര്‍മാണ സഭയും നിയമസഭയിലെ വിശേഷാല്‍ചട്ട രൂപീകരണ സമിതിയും ഉറപ്പുവരുത്തേണ്ടതുമാണ്. ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്.
പിഎസ്സി ഒരു സര്‍ക്കാര്‍ വകുപ്പല്ല. രാഷ്ട്രീയ നേതൃത്വത്തിനോ ബ്യൂറോക്രസിക്കോ പിഎസ്സി ചെയര്‍മാനേയോ അംഗങ്ങളേയോ ഫയലുമായി വിളിച്ചു വരുത്തുവാനാകില്ല. നാട്ടിലെ നിയമങ്ങളോട് മാത്രമാണ് പിഎസ്സിക്ക് കടപ്പാടുള്ളത്. എന്നാല്‍, പിഎസ്സിയെ ഒരു സര്‍ക്കാര്‍ വകുപ്പിനെപ്പോലെ കരുതുവാന്‍ പലപ്പോഴും ഉദ്യോഗസ്ഥമേധാവിത്വം ശ്രമിക്കാറുണ്ട്. അതിനു പിഎസ്സി വഴങ്ങരുത്. റൂളുകളുടേയും ചട്ടങ്ങളുടേയും പിന്‍ബലമില്ലതെ, കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍, കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ നടത്തുന്നതിന് പിഎസ്സി കൂട്ടുനില്‍ക്കരുത്. എക്സിക്യൂട്ടീവ് ഉത്തരവുകള്‍ കൊണ്ടുവരുന്ന കാര്യങ്ങള്‍ നടത്തുന്നത് ഒരു കീഴ് വഴക്കമാക്കുകയോ സ്ഥായിയായി നടപ്പിലാക്കുവാനോ ബ്യൂറോക്രസി ശ്രമിക്കുന്നുണ്ട്.
സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രിന്‍സിപ്പല്‍ നിയമന പ്രക്രിയയാണ് ഇതിനു നല്ല ഉദാഹരണമായി ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ഇതിലെ എന്‍ട്രിലെവല്‍ തസ്തികയായ ലക്ച്ചറര്‍ എന്നത് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നാക്കി മാറ്റിയതു ചട്ടങ്ങളില്‍ ഭേദഗതി ചെയ്തിട്ടില്ല. പക്ഷേ, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നാണ് പിഎസ്സി ഇപ്പോള്‍ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നത്. സത്യത്തില്‍ പിഎസ്സിയുടെ ഈ മാറ്റത്തിന് നിയമ പിന്തുണയില്ല. അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് പ്ലേസ്മെന്റ് നല്കുന്നതില്, പിഎസ്എസിക്ക് യാതൊരു കാര്യവും ഇല്ല. അത് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധികാര പരിധിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന സംഗതിയാണ്.
എന്നാല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ, പ്രിന്‍സിപ്പല്‍ നിയമനം അപ്രകാരമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് രണ്ടാം ഗസറ്റഡ് തസ്തികയായ പ്രില്‍സിപ്പല്‍ നിയമനം നടത്തേണ്ടത്. വകുപ്പ് മന്ത്രി വരെ ഫയല്‍ എത്തേണ്ടതുണ്ട്. അതിനു മുമ്പ് പല ഘട്ടങ്ങളും പിന്നിടാനുണ്ട്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള വിശേഷാല്‍ ചട്ടങ്ങള്‍ കാലഹരണപ്പെട്ടതാണ്. എന്നിരുന്നാലും പുതിയ ചട്ടങ്ങള്‍ വന്നിട്ടില്ലാത്തതിനാലും പഴയത് പിന്വലിച്ചിട്ടില്ലാത്തതിനാലും, പല എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ താല്‍ക്കാലിക ഭേദഗതികള്‍ കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ രീതി. കേവലം സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ മാത്രം സെലക്ഷന് ഗ്രേഡ് ലക്ച്ചറര്‍മാരെ (ഇന്നത്തെ അസോസിയേറ്റ് പ്രൊഫസര്‍) പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കണം എന്നതാണ് 1994 ലെ വിശേഷാല്‍ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. അത്തരം സെലക്ഷന് ഗ്രേഡ് ലക്ച്ചറര്‍മാര്‍ക്ക് മിനിമം 25 വര്‍ഷത്തെ സര്‍ക്കാര്‍ കോളജ് അധ്യാപനം നിര്‍ബന്ധമാണ് എന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, 2010 ലെ യുജിസി റഗുലേഷന് വന്നതോടെ വ്യവസ്ഥകള്‍ അടിമുടി മാറുകയാണുണ്ടായത്. കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് അത് നടപ്പിലാക്കിയത്. ഇവിടുത്തെ വിശേഷാല്‍ചട്ടങ്ങള്‍ ഇതുപ്രകാരം ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പഴയ രീതിയില്‍ തന്നെ പ്രിന്‍സിപ്പല്‍ നിയമനം നടത്തുന്ന രീതി പിന്തുടരുകയുമായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിനായി സംസ്ഥാനത്ത് ഒരു പ്രത്യേക കാബിനറ്റ് മന്ത്രിയുള്ള കാലത്താണ് ഈ അലംഭാവം. ഇപ്പോഴും ഇക്കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നു.
പിന്നീട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് 2017 ല്‍ പുതിയ രീതിയില്‍ നിയമനം നടത്തിയത്. അതിലും ആദ്യത്തെ മൂന്നു വ്യവസ്ഥകള്‍ മാത്രമാണ് കേരളത്തില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് നിര്‍ബന്ധമാക്കിയത്. അദ്ധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് മറ്റു രണ്ടു വ്യവസ്ഥകള്‍ ഒഴിവാക്കിയത്. അതിനിടെയാണ് 2018 ല്‍ പുതിയ യുജിസി റഗുലേഷന്‍സ് നിലവില്‍ വരുന്നത്. പ്രിന്‍സിപ്പല്‍ നിയമനത്തിന്, കൂടുതല്‍ വ്യവസ്ഥകളാണ് അതിലുള്ളത്. അധ്യാപകരുടെ സീനിയോരിറ്റിക്ക് യാതൊരുവിധ പരിഗണനയും ഇല്ലാതെ, മറ്റു ഉന്നത അക്കാദമിക മാനദണ്ഡങ്ങള്‍ക്കു മാത്രം പരിഗണന നല്കിക്കൊണ്ടുള്ളതാണ് അതിലെ വ്യവസ്ഥകള്‍. അതനുസരിച്ച് 2020ല്‍ തന്നെ പ്രിന്‍സിപ്പല്‍ നിയമനത്തിനായി സര്‍ക്കാര്‍ കോളജ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നതാണ്. എന്നാല്‍, അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദം മൂലം ഇതുവരേക്കും നിയമനം നടത്താനായില്ല. മുമ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തിന്റെ വെളിച്ചത്തില്‍ കോടതി ഇടപെടലിലൂടെ അതേ രീതിയിലുള്ള നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പഴയ രീതിയില്‍ നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് നിയമനം നടത്തുന്നത്. യോഗ്യരായ അധ്യാപകരെ കൂടിക്കാഴ്ച്ച നടത്തിയാണ് തെരഞ്ഞെടുക്കേണ്ടത്. ഒട്ടേറെ ന്യൂനതകളോടെയാണ് എല്ലാം പുരോഗമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ നടപടികള്‍ ചെയ്യേണ്ടത്. പ്രൊഫസര്ഷിപ്പിനുള്ള യോഗ്യതപോലും ഇല്ലാതെ പ്രിന്സിപ്പലായവരും യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വിഷയ വിദഗ്ധരുമാണ് ഇന്റര്‍വ്യു നടത്തുന്നത്. ഗവേണിങ് ബോഡിയുടെ മേധാവി ചെയര്‍മാനായുള്ള സെലക്ഷന് കമ്മിറ്റിയാണ് പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കേണ്ടത് എന്ന് യുജിസി നിഷ്കര്‍ഷിക്കുന്നുണ്ട്. അതനുസരിച്ച്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് കമ്മിറ്റിയുടെ ചെയര്‍മാനാകേണ്ടത്. എന്നാല്‍ ഈ മാനദണ്ഡമൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
വേണം സുതാര്യത
പിഎസ്സി അംഗം ചെയര്‍മാനായുള്ള കമ്മിറ്റിയാണ് ഡിപിസി (ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന് കമ്മിറ്റി). പിഎസ്സി ഓഫീസില്‍ വെച്ചാണ് കമ്മിറ്റി ചേരേണ്ടത്. വകുപ്പ് സെക്രട്ടറി, ഫയലുമായി പിഎസ്സി ഓഫീസിലെത്തുകയാണ് വേണ്ടത്. കെഎസ്എസ്ആര്‍ / എസ്എസ്ആര്‍ വ്യവസ്ഥകളുടെയും വകുപ്പു തലത്തിലുള്ള വിശേഷാല്‍ ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ പാലിച്ചു ചേരേണ്ടുന്ന ഒന്നാണ് ഡിപിസി. നിയമങ്ങളില്‍ മാറ്റം വരുത്താതെ, കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മാത്രം പരിഗണിച്ച് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ തന്നിഷ്ടം പോലെ ഇറക്കുന്ന എക്സിക്യുട്ടീവ് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രമോഷന് നല്‍കുന്നതിനായി ഡിപിസി ചേരുന്ന കീഴ്വഴക്കം ശരിയല്ല. പ്രമോഷന് കാര്യങ്ങളില്‍ നിസ്സാര മാറ്റങ്ങള്‍ മാത്രമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പിലാക്കുന്നത് എങ്കില്‍ പ്രശ്നമില്ല. എന്നാല്‍, സകല വ്യവ്യസ്ഥകളും പൊളിച്ചെഴുതിക്കൊണ്ടുള്ളതാണ് ഇപ്പോഴത്തെ പ്രില്‍സിപ്പല്‍ പ്രമോഷന് വ്യവസ്ഥകള്‍. സമൂല മാറ്റങ്ങളാണ് ഇക്കാര്യത്തില്‍ വരുന്നതെന്ന്, വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ നമ്പര്‍ 33947/എഫ്-1/2010 ഉ. വി. വ. പ്രകാരമുള്ള സ്പെഷ്യല്‍ റൂള്‍സ് കരടില്‍ നിന്നും വ്യക്തമാണ്. ഓരോ ഫയലിലും ഓരോ ജീവനുണ്ട് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട് എങ്കിലും ഈ ഫയലിന്റെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ല എന്ന കാരണം കൊണ്ടു തന്നെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുതല്‍ സുപ്രീം കോടതി വരെ ഒട്ടേറെ കേസുകളാണ് ഇക്കാര്യത്തിലുള്ളത്. വിശേഷാല്‍ ചട്ടങ്ങള്‍ എന്ന ഒറ്റമൂലി മാത്രമാണ് ഇതിനെല്ലാം പരിഹാരം. അതിന്റെ അഭാവം ഒന്നുകൊണ്ടു മാത്രമാണ് കഴിഞ്ഞ നാലു വര്‍ഷം ഇവിടുത്തെ സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലാത്ത സ്ഥിതി ഉണ്ടായത്. നിലവിലെ യു ജിസി വ്യവസ്ഥ പ്രകാരം, സീനിയോരിറ്റി എന്നത് പ്രിന്‍സിപ്പല്‍ നിയമനത്തിന് ഒരു മാനദണ്ഡമേ അല്ല. അതിനു പുറമെ കാതലായ മറ്റു ധാരാളം മാറ്റങ്ങളും നിയമന രീതിയില്‍ വരുന്നുണ്ട്. പ്രായം കുറഞ്ഞ ഒട്ടേറെ പേര് പ്രിന്‍സിപ്പല്‍മാരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കാര്യം മനസിലാക്കിയാണ് യുജിസി വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിനാലാണ്, ഒരു പ്രിന്‍സിപ്പലിന്റെ ഓഫീസ് കാലാവധി കേവലം അഞ്ചു വര്‍ഷം എന്ന വ്യവസ്ഥ കൊണ്ടുവന്നത്. വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് യുജിസി ഇക്കാര്യം വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിന് ശേഷം ഒരു പ്രിന്‍സിപ്പലിന് പുനര്‍നിയമനം നല്കുന്ന കാര്യത്തിലും വ്യവസ്ഥകളില്‍ വ്യക്തതയുണ്ട്. എന്നാല്‍, ഇവിടുത്തെ വിശേഷാല്‍ ചട്ടങ്ങളുടെ കരടില്‍ അക്കാര്യമൊന്നും വ്യക്തമാക്കുന്നില്ല. ഭാവിയില്‍ ഒട്ടേറെ നിയമപ്രശ്നങ്ങള്‍ വിളിച്ചു വരുത്താവുന്ന സങ്കീര്‍ണമായ ഒരു പ്രശ്നമാണിത്.
വര്‍ഷങ്ങളായി പ്രിന്‍സിപ്പല്‍ നിയമനത്തില്‍ നില നില്ക്കുന്ന പ്രശ്നങ്ങളേക്കാള്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ് പ്രിന്‍സിപ്പലിന്റെ കാലാവധിയുടെ കാര്യത്തില്‍ ഇവിടെ വരാന്‍ പോകുന്നത്. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയൊന്നും പരിഹരിക്കാവുന്ന വിഷയമല്ല അത്. ശക്തമായ നിയമ പിന്‍ബലം അതിനാവശ്യമാണ്. അതിന് കൃത്യമായ വിശേഷാല്‍ ചട്ടങ്ങള്‍ നിലവില്‍ വരണം. നിലവിലെ വിശേഷാല്‍ ചട്ടങ്ങളുടെ കരടില്‍ അക്കാര്യം പരാമര്‍ശിച്ചിട്ടുപോലുമില്ല. ഇക്കാര്യത്തിലെ യുജിസി വ്യവസ്ഥ വളരെ സുതാര്യമാണ്. ആ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുതന്നെ, സംസ്ഥാനത്തിനാവശ്യമായ രീതിയില്‍ നമ്മുടെ വിശേഷാല്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തേണ്ടതാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രിന്‍സിപ്പല്‍ കാലാവധി അഞ്ചു വര്‍ഷം എന്ന് നിജപ്പെടുത്തേണ്ടതാണ്. രണ്ടാമതൊരു ടേം കൂടി എന്ന വ്യവസ്ഥ ഒഴിവാക്കണം. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്.
പ്രിന്സിപ്പലാകുവാന്, ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ കുറഞ്ഞത് 15 വര്‍ഷത്തെ അധ്യാപന/ഗവേഷണ പരിചയം വേണം എന്ന യുജിസി വ്യവസ്ഥയെ, സര്‍ക്കാര്‍ കോളേജിലെ തന്നെ 15 വര്‍ഷക്കാലത്തെ അധ്യാപന പരിചയം എന്നാണ് സ്പെഷ്യല്‍ റൂള്‍സിന്റെ കരടില്‍ പറയുന്നത്. അത് സ്വാഗതാര്‍ഹമാണ്. അതേ രീതിയില്‍, പ്രിന്‍സിപ്പലിന്റെ കാലാവധിയുടെ കാര്യത്തിലും സംസ്ഥാനത്തിന് തനതായ തീരുമാനം കൈക്കൊള്ളാവുന്നതാണ്. അത് അഞ്ച് വര്‍ഷമായി നിജപ്പെടുത്തുകയുമാകാം. ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് ഒഴിവു വരുമ്പോള്‍ നിലവിലെ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും നിയമിക്കേണ്ടതാണ്. സീനിയോരിറ്റി മാത്രമാകണം അതിനുള്ള ഏക മാനദണ്ഡം. സീനിയോരിറ്റി എന്നാല്‍ പ്രിന്‍സിപ്പല്‍ സീനിയോരിറ്റി എന്നല്ല മറിച്ച് ഒരു അധ്യാപകന്റെ എന്‍ട്രി ലെവല്‍ മുതലുള്ള സര്‍വ്വീസ് സീനിയോരിറ്റി എന്ന് കൃത്യതയോടെ സ്പെഷ്യല്‍ റൂള്‍സില്‍ പറഞ്ഞിരിക്കണം. ഈ സുപ്രധാന വിഷയം മറികടന്നുകൊണ്ടുള്ള നിയമ നിര്‍മാണം അപക്വമാണ്. അപൂര്‍ണമാണ്. നിയമ വിരുദ്ധമാണ്. അപ്രകാരം ചെയ്യാതെ ഇപ്പോഴത്തെ നിയനത്തിന് ഡിപിസി ചേരുന്നതിനായി കേരള പിഎസ്സിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമീപിക്കരുത്. ഇതിനെയൊരു ട്രയല്‍ ഏന്റ് ഇറര്‍ വിഷയമായി പരീക്ഷിക്കരുത്. പിഎസ്സി ഒരു രാഷ്ട്രീയ സ്ഥാപനമോ സര്‍ക്കാര്‍ വകുപ്പോ അല്ല. മറിച്ച് വളരെ സുതാര്യതയോടേയും കാര്യക്ഷമതയോടെയും മാത്രം പ്രവര്‍ത്തിക്കേണ്ടുന്ന ഒരു സ്ഥാപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: