പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള (71)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമാണ് . ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അനിത പിള്ളയാണ് ഭാര്യ. അരുണ പിള്ള, ഭാഗീരഥി പിള്ള മക്കള്‍
1973 ല്‍ ബിറ്റ്സ് പിലാനിയില്‍ നിന്ന് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷമായി വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു അദ്ദേഹം.
2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോര്പ്പറേഷന് ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന് ടൂള്‍സ് ലിമിറ്റഡ് ബംഗലൂരു എന്നിവയുടെ ചെയര്‍മാനായും മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഎസ് സംയുക്ത സംരംഭമായ ഫിഷര്‍ സാന്മാര് ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്സിക്യൂട്ടീവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നൊവേഷന് ആന്‍ഡ് ഇന്‍ഡസ്ട്രി അക്കാദമി സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അഭിയാനില്‍ പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ജനം ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയത്
ദേശീയ അന്തര്‍ദേശീയ ഫോറങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജി.കെ പിള്ള ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാണ്.
ജി.കെ പിള്ളയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം ജനം ടിവിക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ ദേശീയ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: