ന്യൂദല്‍ഹി: ജമ്മു താഴ്വരയിലെ പണ്ഡിറ്റുകളുടെ പാലായനം പ്രമേയമാക്കി ചിത്രീകരിച്ച ‘കശ്മീര്‍ ഫയല്‍സ്’ സിനിമക്കെതിരെ സിപിഎം കേന്ദ്രകമ്മറ്റി രംഗത്ത്. മുസ്ലീംങ്ങളെ ആകെ മോശക്കാരായി കാണിക്കുകയാണ് സിനിമയെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കില്ലെന്നും, സിനിമ പിന്‍വലിക്കണമെന്നും കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു. 23 ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് തയാറാക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സിപിഎം സിനിമക്കെതിരെ രംഗത്ത് വന്നത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് കശ്മീര്‍ ഫയല്‍സ് ബോക്സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് തന്നെ ചിത്രം കളക്ഷന്‍ 200 കോടി പിന്നിട്ടിരിക്കുകയാണ്. തിങ്കളാഴ്ച വരെയുള്ള കളക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്ന് ചിത്രം 206.10 കോടി നേടി.
രണ്ടാം വാര കളക്ഷനില്‍ ബിഗ്ബജറ്റ് ചിത്രം സൂര്യവംശിയുടെ റെക്കോര്‍ഡ് കശ്മീര്‍ ഫയല്‍സ് തകര്‍ത്തതായി പ്രമുഖ സിനിമാ ബിസിനസ് നിരീക്ഷകന് തരണ്‍ ആദര്‍ശ് കുറിച്ചു. കൊവിഡാനന്തര ബോളിവുഡ് കളക്ഷനിലും കശ്മീര്‍ ഫയല്‍സ് റെക്കോര്‍ഡുകള്‍ തിരുത്തുകയാണെന്നും തരണ്‍ അഭിപ്രായപ്പെട്ടു.
ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു. സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: