ന്യൂദല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ മോദി ഒരു സര്‍ദാര്‍ജിയായി വേഷമിട്ടു. ഒരിയ്ക്കല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു പൊലീസുകാരന് അടുത്തെത്തി. ‘എവിടെയാണ് നരേന്ദ്രമോദി താമസിക്കുന്നത്?’ ഈ ചോദ്യത്തിന് മോദി നല്കിയ മറുപടി ഇതായിരുന്നു: ‘എനിക്കറിയില്ല. ഉള്ളില്‍ ചെന്ന് തിരക്കി നോക്കൂ’- ഇത്രയും പറഞ്ഞ് മോദി പുറത്തെ സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. ഗുജറാത്തിയായ രോഹിത് അഗര്‍വാള്‍ മോദിയെക്കുറിച്ച് പറഞ്ഞ അനുഭവ കഥയാണിത്.
ഇനി മറ്റൊരു കഥ കേള്‍ക്കാം. 1980ല്‍ മോദിയോടൊപ്പം യാത്ര ചെയ്ത ഡോ. റാവല്‍ പറഞ്ഞ കഥയാണിത്. ‘ഒരു വരിയില്‍ അവസാനം നില്ക്കുന്നവന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?’- ഡോ. റാവല്‍ ഒരിയ്ക്കല്‍ മോദിയോട് ചോദിച്ചു. അതിന് മോദി പറഞ്ഞ കഥ ഒരു സ്വയം സേവകന്റെ വീട് സന്ദര്‍ശിച്ച അനുഭവമാണ്.
‘ഞാന്‍ ഒരിയ്ക്കല്‍ ഒരു സ്വയം സേവകന്റെ വീട്ടില്‍ പോയി. ശരിക്കും ഒരു കുടിലാണ്. അവിടെ അയാളും ഭാര്യയും കുട്ടിയുമാണുള്ളത്. അയാള്‍ എനിക്ക് പാതി ഭജ്റ റൊട്ടിയും ഒരു ഗ്ലാസ് പാലും തന്നു. അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുട്ടിയുടെ നോട്ടം മുഴുവന്‍ എനിക്ക് കുടിക്കാന്‍ നല്കിയ പാലിലാണ്. ഈ പാല് കുട്ടിക്ക് കുടിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ റൊട്ടി കഴിച്ച് വെള്ളം കുടിച്ചു. പാല് കുടിക്കാതെ വെച്ചു. അമ്മ ആ പാല് കുട്ടിക്ക് നല്കി. അവന് ഒറ്റശ്വാസത്തില്‍ ആ പാല് മുഴുവന്‍ വലിച്ചു കുടിച്ചു. എനിക്ക് കണ്ണുകളില്‍ വെള്ളം നിറഞ്ഞു. അന്നാണ് എന്റെ ജീവിതം പാവങ്ങളുടെ ഉന്നമനത്തിന് ഉഴിഞ്ഞുവെക്കണമെന്ന് തീരുമാനിച്ചത്’
ഇതുപോലെ മോദിയെക്കുറിച്ച് അറിയാന്‍ എണ്ണിത്തീര്‍ക്കാനാവാത്ത അത്രയും കഥകളുണ്ട്. ആ കഥ നിങ്ങള്‍ക്കും അറിയാന്‍ സന്നദ്ധസേവകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വെബ്സൈറ്റാണ് മോദിസ്റ്റോറിഡോട്ട്ഇന്(https://www.modistory.in/).
പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഒാര്‍മ്മകളും അനുഭവകഥകളുമാണ് ഈ വെബ്സൈറ്റില്‍ ഉള്ളത്. ഇപ്പോള്‍ തന്നെ നൂറുകണക്കിന് അനുഭവകഥകള്‍ ഇതില്‍ വായിക്കാനും കാണാനും കേള്‍ക്കാനുമുണ്ട്. അത്തരം അനുഭവങ്ങളുള്ള ആര്‍ക്കും അവരുടെ കഥകള്‍ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയോ ശബ്ദങ്ങളിലൂടെയോ പങ്കുവെയ്ക്കുകയും ചെയ്യാം. അതുപോലെ മോദിയൊടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെയ്ക്കാം.
‘അന്തസ്സിന്റെയും മനക്കരുത്തിന്റെയും കഥകള്‍…വ്യക്തിപരമായ കൂടിക്കാഴ്ചയുടെ അത്ഭുതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍…വര്‍ത്തമാനങ്ങള്‍…അത് സുവ്യക്തമായ ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ, സൗഹൃദം തുടിയ്ക്കുന്ന വ്യക്തിത്വത്തിന്റെ ഇതുവരെ പറയാത്ത, കേള്‍ക്കാത്ത കഥകളാണിവിടെ’- ഈ വെബ്സൈറ്റ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ പൊതുജീവിതത്തിലെ ജീവിതയാത്രയും പ്രവര്‍ത്തനവും ഹൃദ്യമായ കഥകളായും വ്യക്തിഗതഅനുഭവങ്ങളായും വരികയാണ്….’- കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ചെറുമകള്‍ സുമിത്ര ഗാന്ധി കുല്‍ക്കര്‍ണിയാണ് ഈ വെബ്സൈറ്റ് നാടിന് സമര്‍പ്പിച്ചത്. ഈ വെബ്സൈറ്റ് തന്റെ കൂ അക്കൗണ്ടിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കുവെച്ചു.
മോദിയുടെ ഇതുവരെ കാണാത്ത അസംഖ്യം ഫോട്ടോകളും ഈ വെബ്സൈറ്റില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: