മാര്‍ച്ച് 28, 29 തീയതികൡ നടക്കുന്ന പണിമുടക്കില്‍ ബിഎംഎസിന്റെ പങ്കാളിത്തം ഉണ്ടാവില്ല. ഓണം വരും, വിഷു വരും എന്ന പോലെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പണിമുടക്കു വരും എന്ന നിലയിലേക്ക് തരംതാഴേണ്ട ഒന്നല്ല പണിമുടക്കു സമരം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അഖിലേന്ത്യാ പണിമുടക്ക് എന്നു പേരിട്ടിരിക്കുന്ന ഈ പണിമുടക്ക് വാസ്തവത്തില്‍ കേരളത്തില്‍പോലും നടക്കില്ല. സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട്, വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കാതെ, ചെറുകിട കച്ചവടക്കാരുടെ കച്ചവടം പൂട്ടിച്ചു കൊണ്ടു നടത്തുന്ന വെറും പൊറാട്ടു നാടകം മാത്രമാണ് ഈ പണിമുടക്ക് മാമാങ്കം.
മുന്‍ പണിമുടക്കുകളുടെ അനുഭവമെന്താണ് ?
കേരളത്തിലെ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എഫ്എസിടി, കൊച്ചിന് ഷിപ്പ്യാര്ഡ്, കൊച്ചിന്‍പോര്‍ട്ട്, ബിപിസിഎല്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും പതിവുപോലെ ഷിഫ്റ്റുകളില്‍ തൊഴിലാളികള്‍ ഹാജരായി. ഒരു സ്ഥാപനത്തേയും മുന്‍കാല പൊതു പണിമുടക്ക് ബാധിച്ചില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിലും അറുപതുശതമാനം തൊഴിലാളികള്‍ ഹാജരായി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ല ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി. വിചിത്രമെന്നു പറയട്ടെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, ‘നോ വര്‍ക്ക് നോ പേ’ എന്ന തത്വം ലംഘിച്ചുകൊണ്ട് പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ ‘പാരിതോഷികമായി’ ജോലിക്കു വരാത്തതിനു ശമ്പളവും നല്കി. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ചെയ്യാത്ത ജോലിക്കു കൂലി നല്കാന്!
എന്തുകൊണ്ട് ബിഎംഎസ് വിട്ടുനില്‍ക്കുന്നു?
തികച്ചും രാഷ്ട്രീയപ്രേരിതം മാത്രമാണ് പണിമുടക്ക് എന്നതിനാലാണ് വിട്ടുനില്‍ക്കുന്നത്. യാതൊരുവിധ സത്യസന്ധതയുമില്ലാത്ത ഇടതുപക്ഷ നയ സമീപനമാണ് രണ്ടാമത്തെ കാരണം.
‘പണിയെത്തിക്കൂ കൈകളിലാദ്യം, എന്നിട്ടാവാം കമ്പ്യൂട്ടര്‍’ എന്നതായിരുന്നു എണ്‍പതുകളിലെ മുദ്രാവാക്യം. ‘തൊഴില്‍ തിന്നുന്ന ബകനായി’ കണ്ട് ബാങ്കുകളില്‍ കയറി കമ്പ്യൂട്ടറുകള്‍ വ്യാപകമായി തല്ലിപ്പൊളിച്ചു. അതിനുമുന്നേ ട്രാക്ടറിനു നേരെ സമരം ചെയ്തു. കൊയ്
ത്തുമെതി യന്ത്രത്തിനു മുന്നില്‍ തലവച്ചു സമരം ചെയ്തു. ഈ പട്ടിക നീളും. ഏറ്റവുമൊടുവില്‍ കൊച്ചി മെട്രോയ്ക്കും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കൊച്ചി എയര്പോര്ട്ടിനുമൊക്കെ എതിരെ അവര്‍ പോരാടി. ആ പോരാട്ട പാതയിലെ മറ്റൊരു ആവശ്യമാണ് ലേബര്‍ കോഡുകള്‍ അപ്പാടെ പിന്‍വലിക്കണമെന്നത്. അഖിലേന്ത്യാ പണിമുടക്ക് സമരത്തിന്റെ പ്രധാന ആവശ്യവും ഇതാണ്.
മിനിമം വേതനം നടപ്പാക്കാന്‍ രാജ്യത്ത് നിയമനിര്‍മാണം നടന്നിട്ട് ഏഴുദശകം കഴിഞ്ഞിട്ടും അസംഘടിതമേഖലയിലെ നാല്പതു കോടി തൊഴിലാളികളില്‍ കേവലം ഏഴ് ശതമാനത്തിനു മാത്രമാണ് നാളിതുവരെ മിനിമം വേതനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കുംവിധം മിനിമം വേതന നയം, വേജ്കോഡിലൂടെ കൊണ്ടുവരുമ്പോള്‍ അത് തള്ളിക്കളയണമെന്നു പറയുന്നതിന്റെ യുക്തി എന്താണ്.
ഇന്നലെവരെ ഒരു സാമൂഹ്യ സുരക്ഷാപദ്ധതിയുമില്ലാതിരുന്ന തൊഴിലാളി സമൂഹത്തെ സോഷ്യല്‍ സെക്യൂരിറ്റി കോഡിലൂടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുമ്പോള്‍ എങ്ങനെയാണ് ഇതെല്ലാം തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നത്. ലേബര്‍ കോഡുകളിലെ തെറ്റായ നിര്‍ദേശങ്ങള്‍ പരിഷ്കരിച്ചു നടപ്പാക്കുകയല്ലേ ഇവിടെ വേണ്ടത്.
പാര്‍ട്ടി കോണ്‍ഗ്രസ്സ് നയരേഖയും സിഐടിയു നിലപാടും
തൊഴിലാളി താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ നയരേഖയും സമരത്തിന്റെ ആവശ്യങ്ങളും കൂട്ടി വായിക്കുമ്പോഴാണ് പാര്‍ട്ടിയും ട്രേഡ് യൂണിയന് ഫ്രാക്ഷനും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാവുന്നത്.
അവര്‍ പറയുന്നു കേരളത്തില്‍ വ്യവസായം വരാന്‍ തൊഴിലാളി സംഘടനകള്‍ തെറ്റുതിരുത്തണം എന്ന്. വേതനം നിര്‍ണയിക്കുമ്പോള്‍ തൊഴിലാളികളുടെ ഭാഗത്തുനിന്നു മാത്രമല്ല വ്യവസായികളുടെ ഭാഗത്തുനിന്നു കൂടി ചിന്തിക്കണമെന്ന്. വ്യവസായികളുടെ പ്രശ്നം പഠിക്കാന്‍ അവര്‍ സമിതി രൂപീകരിക്കുന്നു. ഏറ്റവും പ്രധാനം രാജ്യത്തെ നിയമ സംവിധാനമനുസരിച്ച് മിനിമം വേതനം കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ സ്ഥാപനം നടത്തേണ്ടതില്ല എന്ന നയം നിലനില്ക്കുമ്പോള് സിപിഎം നയരേഖ പറയുന്നത്, വേതനം നിര്‍ണയിക്കുമ്പോള്‍ ജീവിതച്ചെലവിനൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തികശേഷി കൂടി കണക്കിലെടുക്കണമെന്നാണ്. മിനിമം വേതനം കൊടുക്കാന്‍ ശേഷിയില്ലെങ്കില്‍ അത് കൊടുക്കേണ്ടതില്ല. ഇക്കാലമത്രയും സമരം ചെയ്തു പൂട്ടിച്ചത് നൂറുകണക്കിനു സ്ഥാപനങ്ങളാണ്. അവരോടൊക്കെ മാപ്പ്… മാപ്പേ മാപ്പ് ഇതാണല്ലോ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി പറഞ്ഞു വയ്ക്കുന്നത്.
സിപിഎം പരിവര്‍ത്തനപ്പെടുകയാണ്
അനാവശ്യ സമരങ്ങളുണ്ടാക്കാത്ത, തൊഴില്‍ പ്രശ്നങ്ങളുയര്‍ത്താത്ത ഈ രണ്ടുദിവസത്തെ സമരം ഇതില്പ്പെടില്ല കേട്ടോ. പാര്‍ട്ടി നിലപാടിനൊത്തു സഞ്ചരിക്കുന്ന പുതിയ സിഐടിയുവിനെയാണ് നവകേരളത്തിനായി പിണറായി യുഗത്തില്‍ സിപിഎം ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. പാര്‍ട്ടി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത പോലും വ്യവസായത്തിന്റെ പേരില്‍ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ്. തനി മുതലാളിത്തത്തിലേക്കു തിരിച്ചുപോകാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറി പറഞ്ഞുവച്ചത് ഇന്നത്തെ നിലയില്‍ പോയാല്‍ എല്ലാ വ്യവസായങ്ങളും അന്യ സംസ്ഥാനത്തേക്കു പോകും. അതില്ലാതാക്കാന്‍ യന്ത്രവത്കരണം കൊണ്ടു വരണം. ട്രേഡ് യൂണിയനുകള്‍ ഇതിന് അനുസൃതമായ നിലപാട് സ്വീകരിക്കണം. ഇതല്ലേ ലളിതമായി കിറ്റക്സ് സാബുവും പറഞ്ഞത്.
1995ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വകാര്യ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി കൊടുത്തതിന്റെ പേരില്‍ കൂത്തുപറമ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. എത്ര രക്തരൂക്ഷിത സമരങ്ങള്‍ നടത്തി. വിദേശ സര്‍വ്വകലാശാലയെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയംഗമായതിനായിരുന്നു ടി.പി. ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ തല്ലിച്ചതച്ചത്. ഇന്നിപ്പോള്‍ സ്വാശ്രയരംഗത്ത് കൂടുതല്‍ സ്വകാര്യവത്കരണമാകാം, വിദേശ സര്വ്വകലാശാലയാകാം, യന്ത്രവത്കരണമാകാം, സ്വകാര്യ മൂലധനമാകാം, വിദേശമൂലധനമാവാം. എന്നിട്ടും മുഷ്ടിചുരുട്ടി എറിഞ്ഞു വിളിക്കുന്നു, വര്‍ഗ്ഗസമരം സിന്ദാബാദ്!
എന്താണ് കേരളത്തില്‍ നടക്കുന്നത് ?
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമോ പെന്‍ഷനോ സമയത്തു കൊടുക്കാന്‍ കഴിയുന്നില്ല. നാലായിരത്തോളം തൊഴിലാളികള്‍ താത്
ക്കാലിക തൊഴിലാളികളായിരുന്നു. 400 രൂപയായിരുന്നു കൂലി. ഇഎസ്ഐ ഇല്ല, പിഎഫ് ഇല്ല. ഇന്ന് തൊഴിലുമില്ല. കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറിയിലടക്കം പിരിഞ്ഞുപോയവര്‍ക്ക് വര്‍ഷങ്ങളായി ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍, ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നു. ഡിഎ കുടിശ്ശിക കൊടുക്കാന്‍ കഴിയുന്നില്ല.
സര്‍വ്വകലാശാലാ ജീവനക്കാര്‍ ഇനിമുതല്‍ പെന്ഷന് തനതുഫണ്ടില്‍നിന്ന് കണ്ടെത്തണമെന്ന ഉത്തരവിറക്കി കഴിഞ്ഞു. വാര്‍ധക്യകാല പെന്‍ഷനടക്കമുള്ള സാമൂഹ്യ പെന്ഷന് കൊടുക്കാന്‍ കഴിയുന്നില്ല. ഈ സര്‍ക്കാര്‍ സാമ്പത്തികമായി സമ്പൂര്‍ണ്ണ തകര്‍ച്ചയിലാണ്. കെ റെയില്‍ കൂടി വന്നാല്‍ ശ്രീലങ്കയിലെ പോലെ ജനം കേരളത്തില്‍ നിന്നും പലായനം ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്.
ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒരാത്മാര്‍ത്ഥതയും ഇല്ലെന്നതിന്റെ തെളിവാണ് കരാര്‍വത്കരണം അവസാനിപ്പിക്കണമെന്ന ആവശ്യം, കേരളത്തില്‍ അറുപതു ശതമാനത്തോളം കരാര്‍ തൊഴിലാളികളാണ്. സെക്രട്ടറിയേറ്റിനകത്തുമാത്രം ആയിരം പേരുണ്ട്. ഒരു പ്രത്യേകത എല്ലാവരും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്കാര്‍ക്കു മാത്രമേ തൊഴിലുള്ളു എന്നതാണ് സ്ഥിതി. 1999നുശേഷം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിഎസ്സി വഴി ഒരു നിയമനവും നടക്കുന്നില്ല. കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ ഒഴിവുവരുന്ന തസ്തികകളില്‍ പാര്‍ട്ടിക്കാരെ പുറംവാതിലിലൂടെ താല്‍ക്കാലികമായി നിയമിക്കുന്നു. പിന്നീട് അവരെ സ്ഥിരപ്പെടുത്തുന്നു.
പ്ലാന്റേഷന്, കശുവണ്ടി-കൈത്തറി-കയര്‍ മേഖലകളടക്കം കേരളത്തിന്റെ സമസ്ത തൊഴില്‍ മേഖലകളും തൊഴിലാളികളും പരിതാപകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു കൊവിഡ് മഹാമാരി വരുത്തിവച്ച വിനാശകരമായ സാഹചര്യത്തില്‍ ജോലിയില്ല, കൂലിയില്ല സ്വയം ശപിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് മറ്റൊരു ദുരന്തമായ് വന്നുഭവിക്കുന്ന ഈ പണിമുടക്കിന് ഒരു ന്യായീകരണവും നിരത്താനില്ല, ഉള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രം. ഇതിനോടു ബിഎംഎസിന് യോജിക്കാന്‍ കഴിയാത്തത്തിനാല്‍ പണിമുടക്കില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: