ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനമന്ത്രി അടക്കം വിഐപികള്‍ കടന്നു പോകുന്ന വഴിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച മലയാളി എംപിമാരെ പോലീസ് തടയുകയായിരുന്നു. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തുവെന്നു എംപിമാര്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. ഹൈബി ഈഡന് എംപിയുടെ മുഖത്ത് പൊലീസ് അടിച്ചെന്നും ടി.എന്‍. പ്രതാപനെ പിടിച്ച് തള്ളിയെന്നും എംപിമാര്‍ ആരോപിച്ചു. അതേസമയം, ഹൈബിയുടെ മുഖം ക്യാമറിയില്‍ ഇടിച്ചതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വിഷയത്തില്‍ പരാതി ഉന്നയിച്ചതോടെ യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു.
സുരക്ഷ മേഖലയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചതോടെയാണ് എംപിമാരെ പാര്‍ലമെന്റ് വളപ്പില്‍ തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ കാരണം മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: