ന്യൂദല്‍ഹി : മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്കുന്നതില് തെറ്റില്ല. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സുപ്രീംകോടതിയിലെ അന്തിമ വാദത്തിനിടയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ് പുതിയ നിര്‍ദ്ദേശവും വെച്ചിരിക്കുന്നത്.
അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ചാണ് തമിഴിനാടുമായി തര്‍ക്കം നിലനിന്നിരുന്നത്. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിക്കാണ് രൂപം നല്‍കേണ്ടതെന്നും കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു.
മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മിഷന് അണക്കെട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം കുറ്റപ്പെടുത്തി. എന്നാല്‍ വിഷയത്തില്‍ അന്താരാഷ്ട്ര വിദഗ്ധ സമിതി പഠനം നടത്തേണ്ടതില്ല. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സത്യവാങ്മൂലം നല്കി.
അണക്കെട്ടിന്റെ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന് ഷെഡ്യൂള്‍, ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നല്കിയ അപേക്ഷയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: