ഇന്ന് ലോക ജലദിനം. ഇനിയൊരു ലോകമഹായുദ്ധമുണ്ടാകുമെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പ് നമ്മെ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നു. ജലക്ഷാമം ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയും ദുരിതവും ദുരന്തവും എത്രത്തോളം ഭീതിദമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ജലദിനം.
ലോകത്തെ 220 കോടി ജനങ്ങള്‍ ജലദൗര്‍ലഭ്യം മൂലം കഷ്ടനഷ്ടങ്ങള്‍ക്കിരയാകുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ ജലസുരക്ഷാസമിതി വ്യക്തമാക്കിയിട്ടുള്ളത്. 2021 ലെ ജലദിനത്തില്‍ ജലത്തെ വിലമതിക്കുക എന്നതായിരുന്നു വിഷയം. ഇന്നത്തെ ജലദിനത്തില്‍ ഭൂഗര്‍ഭജലം എന്ന വിഷയത്തിലൂന്നിയിട്ടുള്ള പ്രചാരമാണ് സംഘടിപ്പിച്ചിട്ടുളള്ളത്. ലോകജല വികസനരേഖ ഇന്ന് ഐക്യരാഷ്‌ട്രസഭ പ്രസിദ്ധീകരിക്കും.
സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറും ജലം
ജലം എല്ലാ ജീവരാശിയുടെയും ചരാചരങ്ങളുടെയും നിലനില്പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ്. ഇതേക്കുറിച്ചുള്ള അവബോധവും ജലസുരക്ഷയോടുള്ള പ്രതിബദ്ധതയും സമൂഹത്തില്‍ വളര്‍ന്നുവരുന്നില്ലെങ്കില്‍ മനുഷ്യരാശിക്ക് മാത്രമല്ല, ഭൂമി എന്ന ഗ്രഹത്തിന് സംഭവിക്കുന്ന വിനാശവും പ്രത്യാഘാതവും അതിഗുരുതരമായിരിക്കും.
1992 ല്‍ ബ്രസീലിലെ റിയോവില്‍ യുഎന്‍ കോണ്‍ഫ്രന്‍സ് ഓണ്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് (ഡചഇഋഉ) എന്ന പേരില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിലാണ് ജലസുരക്ഷയ്‌ക്കുവേണ്ടി ഒരു ആഗോള പ്രചാരപരിപാടിയും കര്‍മ്മപദ്ധതിയും വേണമെന്ന ആശയം ഉയര്‍ന്നുവന്നത്. 1993 മാര്‍ച്ച് 22 ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന വിശദമായ ചര്‍ച്ചയ്‌ക്കുശേഷം ഈ ദിനം ലോക ജലദിനമായി പ്രഖ്യാപിച്ചു. ഭാരതത്തില്‍ ഏപ്രില്‍ 14 ബി.ആര്‍. അംബേദ്കര്‍ ദിനം ദേശീയ ജലദിനമായി ആചരിക്കുന്നു.
കുടിവെള്ളത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലവരുന്ന കാലം അടുത്തുവെന്നാണ് പല വിദഗ്ധരുടേയും പ്രവചനം. ജനസംഖ്യ വര്‍ധിക്കുകയും ഭൂമിയില്‍ ജലാംശം കുറയുകയും ചെയ്യുന്നു. കുടിവെള്ള സ്രോതസ്സുകള്‍ മലീമസമായി.
കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, ജലദൗര്‍ലഭ്യം, ഭക്ഷ്യപ്രതിസന്ധി എന്നിവ രൂക്ഷമായിക്കൊണ്ടിരിക്കുന്ന, ഗൗരവമേറിയ പ്രശ്‌നങ്ങളാണ്. ഇവയെ കണ്ടില്ലെന്ന് നടിക്കാനോ നിഷ്‌ക്രിയരായി നോക്കിനില്‍ക്കാനോ നമുക്കാവില്ല. ഇവ ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കി പ്രതിവിധികള്‍ കണ്ടെത്തിയേ മതിയാകൂ.
തീണ്ടാതിരിക്കുക കാവുകള്‍
കേരളത്തിലെ 44 നദികളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. തുരന്നെടുക്കുക വഴി അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട മലനിരകളാണ് നമ്മുടെ പ്രധാന ജലസ്രോതസ്സ്. മരങ്ങളും മണ്ണും ഇഴുകിച്ചേര്‍ന്ന് പ്രകൃതി ഒരുക്കിയ വരദാനമാണ് പശ്ചിമഘട്ടം. അവിടെനിന്ന് നിര്‍ഗമിക്കുന്ന കൊച്ചരുവികള്‍ വേനല്‍ക്കാലമായാലും നമ്മുടെ നദികളെ ജലസമ്പന്നമാക്കും. പെയ്യുന്ന മഴയിലൂടെ ഊര്‍ന്നിറങ്ങുന്ന ജലത്തെ ഏറ്റുവാങ്ങി ഭൂഗര്‍ഭത്തില്‍ സംഭരിക്കുകയും അത് കുളം, കിണര്‍, പുഴ തുടങ്ങിയ ജലസംഭരണികളിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. ജലവിതാനം എപ്പോഴും താഴാതെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഇത് സഹായകമാകും. പക്ഷേ ജലസ്രോതസ്സുകള്‍ അനുദിനം ക്ഷയിച്ചുവരുന്ന ഇന്നത്തെ ചുറ്റുപാടില്‍ ഭൂഗര്‍ഭജലവിതാനം താണുകൊണ്ടിരിക്കുന്നു. വളരെ ആപത്കരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ജലം കിട്ടാക്കനിയാവുകയും ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനാവാതിരിക്കുകയും ചെയ്താല്‍ മനുഷ്യരാശിയുടെ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കാവും കുളങ്ങളും നീര്‍ത്തടങ്ങളും പുഴയും കുന്നും നശിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന കാലമാണ്. 65 ശതമാനം കാവുകള്‍ വെട്ടിനശിപ്പിച്ചു. സ്വാഭാവികമായി ഭൂഗര്‍ഭത്തില്‍ ജലശേഖരം ഉണ്ടാകാറുണ്ട്. മണ്ണിനടിയിലൂടെ കടന്നുപോകുന്ന ചെറിയ നീരൊഴുക്കുകള്‍ തമ്മില്‍ ഒത്തുചേരുന്ന ഇടങ്ങള്‍ വലിയ ജലശേഖരമായി മാറുന്നു. അവിടെയുള്ള മണ്ണിന് ഈര്‍പ്പാംശം എപ്പോഴും ഉണ്ടാകും. തന്മൂലം ആ ഭാഗത്ത് മരങ്ങള്‍ തഴച്ചുവളരും. പ്രകൃതിയുടെ വരദാനമാണ് ഈ മരക്കൂട്ടം അഥവാ സര്‍പ്പക്കാവ്. പക്ഷികളും ജീവജാലങ്ങളും സസ്യലതാദികളും അടങ്ങുന്ന ജൈവവൈവിധ്യക്കലവറയാണ് ഈ കാവുകള്‍. ഇവ വെട്ടി നശിപ്പിച്ചതുമൂലം ആ ഭാഗത്തെ മണ്ണില്‍ സൂര്യരശ്മിപതിയുന്നു. മണ്ണിലെ ജലാംശം നഷ്ടപ്പെടുന്നു. ്രകമേണ ഭൂഗര്‍ഭത്തിലുള്ള ജലശേഖരം വറ്റിപ്പോകും. സമീപമുള്ള കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് തത്ഫലമായി താഴുന്നു.
കാവു തീണ്ടരുത്, കുളം വറ്റും എന്ന് നമ്മെ എപ്പോഴും ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്ന മുത്തശ്ശിയുടെ വാക്കുകള്‍ ഇപ്പോഴാണ് വീട്ടുകാര്‍ക്ക് മനസിലായത്. വീട്ടുമുറ്റത്തെ പുല്ല് പറിച്ചു മാറ്റി, പകരം കോണ്‍ക്രീറ്റ് ചെയ്തു. പുല്ല് ഭൂമിയുടെ സുരക്ഷാ കവചമാണ്. മഴവെള്ളം ഒലിച്ചുപോകാതെ പിടിച്ചുനിര്‍ത്തുകയും ഭൂഗര്‍ഭത്തിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമേറിയ സുരക്ഷാ ജോലി നിര്‍വഹിക്കുന്ന പുല്ലിനെ പലര്‍ക്കും പുച്ഛമാണ്. മണ്ണിന്റെ കാവലാളായ പുല്ലിനെ ശല്യമായി കരുതി നശിപ്പിച്ചതുകൊണ്ട് മണ്ണ് വെയിലത്ത് ചുട്ടുപൊള്ളുകയാണ്. തന്മൂലം മണ്ണിലെ ജീവാണുക്കള്‍ നശിച്ചു. വളക്കൂറ് നഷ്ടപ്പെട്ടു. ആവാസവ്യവസ്ഥയും തകര്‍ന്നു.
ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടാതെ പരിരക്ഷിക്കാനും പരിപാലിക്കാനും നമുക്ക് കഴിയണം. കൈ കഴുകാന്‍ അല്പം വെള്ളം ഗാന്ധിജി ചോദിച്ചു. ഒരു ബക്കറ്റ് വെള്ളവുമായി ഒരാള്‍ എത്തി. കപ്പില്‍ ആവശ്യമുള്ള വെള്ളം എടുത്ത് കൈകഴുകി. ബാക്കി വന്ന വെള്ളം എടുത്ത സ്ഥലത്തുതന്നെ കൊണ്ടുപോയി ഒഴിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ഒരു തുള്ളി പോലും പാഴാക്കരുതെന്നും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
മണ്ണൊലിപ്പാണ് നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മഴക്കാലത്ത് ഭൂമിയുടെ മേല്‍മണ്ണ് ഒഴുകി പുഴയിലേക്ക് പോകുന്നു. പുഴയില്‍ മണ്ണ് കൂട്ടംകൂടി പുറ്റുകളായിമാറും. അവിടെ ചെടികള്‍ വളരുന്നു. മേല്‍മണ്ണ് നഷ്ടപ്പെടുന്നതുമൂലം ഭൂമിയുടെ ജലശേഖരണശേഷി നഷ്ടപ്പെടുന്നു. നീര്‍മറി പ്രദേശങ്ങള്‍ അഥവാ വാട്ടര്‍ഷെഡുകള്‍ വറ്റിവരളുന്നു. ഇതെല്ലാം സമീപകാലത്ത് സംഭവിച്ച പ്രതിഭാസങ്ങളാണ്.
പാഴാക്കരുത്; ഒരിഞ്ചു മണ്ണ് പോലും
അനധികൃതമായി പാറപൊട്ടിച്ച് നീക്കുകയും കുന്നുകള്‍ ഇടിച്ചുനിരത്തുകയും ചെയ്യുന്ന പതിവ് കാഴ്ചകള്‍ കണ്ട് മനംമടുത്തവരാണ് കേരളജനത. പാറയും കുന്നും ഭാവിതലമുറയ്‌ക്കുള്ള കരുതലാണെന്ന ചിന്ത സര്‍ക്കാരിനോ കച്ചവടക്കണ്ണുള്ളവര്‍ക്കോ ഇല്ല. എന്തിനേയും വാണിജ്യതാല്പര്യത്തോടെ നോക്കുന്നവര്‍ക്ക് മനുഷ്യത്വമോ മനഃസാക്ഷിയോ ഉണ്ടാവണമെന്നില്ല. ലാഭക്കൊതി മാത്രമാണ് അവരുടെ കൈമുതല്‍. ഒരു ടണ്‍ മണ്ണ് ഒരു കുന്നില്‍നിന്നും നീക്കം െചയ്യുമ്പോള്‍ 1000 ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള ഭൂമിയുടെ കഴിവാണ് നഷ്ടപ്പെടുന്നത്. ഒരു ലോഡ് പാറ പൊട്ടിച്ച് മാറ്റുമ്പോള്‍ മഴവെള്ളം താങ്ങിനിര്‍ത്തി ഭൂഗര്‍ഭത്തിലേക്ക് ദാനം ചെയ്യുന്ന ജലശേഖരമാണ് ഇല്ലാതാകുന്നത്.
ജലചൂഷണമാണ് നാം നേരിടുന്ന മറ്റൊരു വെല്ലുവിളി. സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് ജലം ചൂഷണം ചെയ്യുന്ന വാണിജ്യതാത്പര്യക്കാര്‍ വര്‍ധിച്ചുവരികയാണ്. ബോര്‍വെല്‍ ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നു. സമീപമുള്ള ജലസ്രോതസ്സുകള്‍ വറ്റും. കിണറുകളില്‍ വെള്ളം ഇല്ലാതാകും. ജലസംഭരണത്തിന് ഒരു പ്രധാന മാര്‍ഗം മഴവെള്ള സംഭരണം ഊര്‍ജിതപ്പെടുത്തുകയാണ്. കുളങ്ങള്‍, തടാകങ്ങള്‍, കനാലുകള്‍, ചെക്ക്ഡാമുകള്‍, മഴക്കുഴികള്‍ തുടങ്ങിയവ നിര്‍മിച്ച് ജലസംഭരണശേഷി വര്‍ധിപ്പിക്കണം.
ഒരിഞ്ചു മണ്ണ് പോലും പാഴാക്കരുത്. കൃഷി ചെയ്ത് മണ്ണിനെ ഇളക്കിമറിച്ച് വെള്ളം ആഴ്ന്നിറങ്ങാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. പാടങ്ങള്‍ കൃഷിയിടങ്ങള്‍ മാത്രമല്ല, വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന ജലശേഖരങ്ങള്‍ കൂടിയാണ്. 15 വര്‍ഷത്തിനിടയില്‍ 1.06 ലക്ഷം ഹെക്ടറിലെ കൃഷിയാണ് കുറഞ്ഞത്. 2005-2006 മുതല്‍ 2019-20 വരെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി 2,75,742 ഹെക്ടറില്‍ നിന്നും 1,91,051 ഹെക്ടറായി കുറഞ്ഞു. 15 വര്‍ഷംകൊണ്ട് 84,691 ഹെക്ടറിലെ കൃഷി ഇല്ലാതായി. ഉത്പാദനം 6.81 ശതമാനം കുറഞ്ഞു. കൃഷിയില്ലാതായാല്‍ ഭക്ഷ്യ ഉത്പാദനം കുറയുക മാത്രമല്ല, ജലം സ്വാംശീകരിച്ച് ഭൂഗര്‍ഭത്തിലേക്ക് കൊടുക്കുന്ന പ്രക്രിയയും അവസാനിക്കും. അതോടെ ഭൂഗര്‍ഭജലവിതാനം താഴും. ജലക്ഷാമം രൂക്ഷമാകും. ഒരുവര്‍ഷക്കാലം കൃഷി ചെയ്യാതായാല്‍ പാടശേഖരങ്ങളിലെ മണ്ണ് കട്ടപിടിക്കും. സുഷിരങ്ങള്‍ അടയും.
പാടങ്ങള്‍ മണ്ണിട്ടുമൂടിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും മരങ്ങള്‍ വെട്ടിനശിപ്പിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന പ്രകൃതിധ്വംസന വിക്രിയകള്‍ക്ക് വിരാമമിടാന്‍ കഴിയാത്ത കാലത്തോളം ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കും. പ്രകൃതി അമ്മയാണെന്ന മഹാസങ്കല്പം കെട്ടുകഥയും അന്ധവിശ്വാസവുമാണെന്ന് പ്രചരിപ്പിച്ച പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദികള്‍. മണ്ണിലേക്ക് മടങ്ങുക, ജലം ജീവനാണെന്ന അവബോധം നെഞ്ചിലേറ്റുവാങ്ങുക. ഈ ജലദിനത്തില്‍ നമുക്കെല്ലാം ജലത്തിനുവേണ്ടി അണിചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: