തൃശ്ശൂര്‍/കാഞ്ഞാണി: ചുമട്ടു തൊഴിലാളികളുടെ കൂരയിലെത്തി അവരോടൊപ്പം കേക്ക് മുറിച്ച് വൈദികന്റെ തിരുനാളാഘോഷം. ആഴ്ചകള്‍ക്കു മുന്‍പു മാത്രം എറവ് സെ. തെരേസാസ് കപ്പല്‍ പള്ളി ഇടവക വികാരിയായി ചുമതലയേറ്റ ഫാ. റോയ് ജോസഫ് വടക്കനാണ് സാഹോദര്യത്തിന്റെ നന്മ തുളുമ്പുന്ന നല്ല ഇടയനായി മാറിയത്.
തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലാണ് തുറന്നിട്ട ജനലിലൂടെ പള്ളിക്ക് മുന്‍വശത്തെ റോഡിനപ്പുറത്തുള്ള വിവിധ യൂണിയനുകളിലുള്ള ചുമട്ടു തൊഴിലാളികളെ അച്ചന് ശ്രദ്ധിച്ചത്. ഒറ്റക്കെട്ടായി ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയുന്ന, പണിയെടുത്ത ശേഷം വിശ്രമിക്കുന്ന ഇവരെ കണ്ട നിമിഷം ഇദ്ദേഹത്തിന്റെ മനസില്‍ അപ്പോഴുണ്ടായ ഉള്‍പ്രേരണയില്‍ ഒരു കേക്കുമെടുത്ത് അവരുടെ അടുത്തേക്ക് ചെന്നു. കൂടെ സഹ വികാരി റിജിന്‍ ചിറ്റിലപ്പിള്ളിയും. കേക്കുമായി തങ്ങളുടെ അടുത്തെത്തിയ അച്ചനെയും, കൊച്ചച്ചനെയും കണ്ട് ആദ്യം തൊഴിലാളികള്‍ ഒന്നമ്പരന്നെങ്കിലും തങ്ങളുടെ കൂരയില്‍ സ്വീകരിച്ചിരുത്തി.
തൊഴിലാളികള്‍ക്ക് ആദ്യത്തെ അനുഭവമായിരുന്നു തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ദിനത്തില്‍ തന്നെ ഇടവക വികാരി എത്തിച്ചു നല്കിയ മധുര സമ്മാനം. തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് കേക്ക് മുറിച്ചാണ് ഫാ. റോയ് ജോസഫും ഫാ. റിജിനും യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചത്. യഥാര്‍ത്ഥ തൊഴിലാളികളോടു കൂടെയുള്ള തൊഴിലാളി മദ്ധ്യസ്ഥന്റെ തിരുനാള്‍ ആഘോഷം എന്തെന്നില്ലാത്ത ഒരു അനുഭവമായിരുന്നുവെന്ന് ഫാ. റോയ് ജോസഫ് വടക്കന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: