ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയതുള്‍പ്പടെയുള്ള വിവിധ കേസുകളില്‍ ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കെതിരെയുള്ള യുഎപിഎ അടക്കമുള്ള ചാര്‍ജ്ജുകള്‍ എന്‍ഐഎ കോടതി ശരിവെച്ചു. പാകിസ്ഥാന് കേന്ദ്രമായി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായത്തിനും നേതൃത്വം നല്കിയ ലഷ്കര്‍ സ്ഥാപക നേതാവ് ഹാഫിസ് സയിദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സാലഹുദ്ദീന്‍, കശ്മീരിലെ ഭീകരവാദികളായ യാസിന് മാലിക്, ഷബീര്‍ ഷാ, മുന്‍ എംഎല്‍എ റഷീദ് എന്‍ജിനീയര്‍, വ്യവസായി സാഹൂര്‍ അഹമ്മദ് ഷാ എന്നിവര്‍ക്കും മറ്റ് നേതാക്കള്‍ക്കുമെതിരെയും യുഎപിഎ, രാജ്യത്തിനെതിരെ സാമ്പത്തിക യുദ്ധം നടത്തുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി നിരവധി വകുപ്പുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പണം വന്‍തോതില്‍ ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ പ്രത്യേക ജഡ്ജി പ്രവീണ്‍ സിങ് വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാനില്‍ നിന്നുമാണ് നല്‍കിയിരുന്നത്. ഇതിനായി നയതന്ത്രമാര്‍ഗം പോലും ദുരുപയോഗിച്ചതായും എന്‍ഐഎ ചൂണ്ടിക്കാട്ടി. ലഷ്കര്‍ ഭീകരന് ഫായിസ് സയിദാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അയച്ചിരുന്നത്. തീവ്രവാദഫണ്ടിങ്ങിന്റെ പ്രധാന വഴികളിലൊരാളാണ് പ്രതി സഹൂര്‍ അഹമ്മദ് ഷാ വതാലിയെന്നും കുറ്റോരോപിതനായ നവല്‍ കിഷോര്‍ കപൂര്‍ ഇത് സുഗമമാക്കുന്നതിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമരം എന്ന പേരിലാണ് ജമ്മുകശ്മീരില്‍ ഭീകരവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായിപ്രതികള് ധനസമാഹരണം നടത്തിയിരുന്നത്. ഇതിനായി ജെകെഎല്‍എഫ് സ്ഥാപകന്‍ യാസിന് മാലിക് വിപുലമായ സംവിധാനം സ്ഥാപിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. 1993ല്‍ ആള് പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് എന്ന രാഷ്ട്രീയ സംവിധാനം രൂപീകരിച്ചത് തന്നെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വേണ്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: