കളമശേരി: നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിലില്‍ മരിച്ച പശ്ചിമബംഗാള്‍ സ്വദേശികളായ കുടുസ് മണ്ഡല്, നജേഷ് അലി മണ്ഡല്, ഫൈജുല മണ്ഡല്, നൂര്‍ അമീന് മണ്ഡല് എന്നിവരുടെ മൃതദേഹങ്ങള്‍ കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. എംബാം ചെയ്ത ശേഷം മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കൂടെ ജോലി ചെയ്തിരുന്ന എട്ട് ഇതരസംസ്ഥാന തൊഴിലാളികളും കമ്പനി ഉദ്യോഗസ്ഥനും അനുഗമിക്കും.
ഇവരുടെ കുടുംബത്തിന് നെസ്റ്റ് ഗ്രൂപ്പ് സഹായധനം നല്‍കും. 650 രൂപ ദിവസക്കൂലിക്കാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇന്‍ഷ്വറന്‍സ്, പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പറഞ്ഞു. കടുത്ത വേനലില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ഉച്ചയ്ക്ക് 11 മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യിക്കരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ജോലിസ്ഥലത്ത് അവഗണിക്കപ്പെട്ടു. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്. കളമശേരി ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ്, ജില്ലാ ലേബര്‍ ഓഫീസര്‍ നവാസ് തുടങ്ങിയവര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്നു.
കളമശ്ശേരിയില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലു ഇതരസംസ്ഥാനത്തൊഴിലാളികള്‍ മരിച്ച സംഭവം ലേബര്‍ കമ്മിഷണര്‍ ഡോ.എസ്. ചിത്ര അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: