ഫറ്റോര്‍ഡ: മഞ്ഞ ജേഴ്സി നഷ്ടമായെങ്കിലും ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് കൈയടിക്കാന്‍ മഞ്ഞപ്പട ഗ്യാലറിയിലുണ്ടാകും. നൂറ് ശതമാനം കാണികളെയും പ്രവേശിപ്പിക്കുമെന്നറിയിച്ചതിന് പിന്നാലെ രണ്ടാം ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്നലെ രാവിലെയാണ് തുടങ്ങിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു. ഐഎസ്എല്‍ അധികൃതര്‍ തന്നെയാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്ന വിവരം അറിയിച്ചത്. 18,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകുക. ഇതില്‍ പതിനായിരത്തിലധികം ടിക്കറ്റുകളും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ നേടിയെന്നാണ് വിവരം. ഇതോടെ കളി ഗോവയിലാണെങ്കിലും ഗ്യാലറിയില്‍ മഞ്ഞപ്പട നിറയുമെന്ന് ഉറപ്പായി.
നേരത്തെ ടിക്കറ്റുകള്‍ കൊള്ളവിലയില്‍ വില്‍ക്കുന്നെന്ന വാര്‍ത്തകളും വന്നിരുന്നു. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കിയവര്‍ ഇരട്ടി വിലയ്ക്ക് മറിച്ചുവില്‍ക്കുന്നതായാണ് വാര്‍ത്ത. ഇതിലും ടിക്കറ്റുകള്‍ക്കായി കേരളത്തില്‍ നിന്നുള്ളവര്‍ ശ്രമിക്കുന്നുണ്ട്. പ്രത്യേക ബസ്സുകള്‍ പോലും സജ്ജമാക്കിയാണ് കേരളത്തില്‍ നിന്ന് ഗോവയിലേക്ക് കളി കാണാന്‍ പോകുന്നത്. സമൂഹമാധ്യമത്തിലാകെ ടിക്കറ്റിനായി ആവശ്യക്കാര്‍ പരക്കം പായുകയാണ്. നേരത്തെ ഗോവയില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും ഇത് ഉപേക്ഷിച്ചു. ഓണ്‍ലൈനായി കൂടുതല്‍ പേര് ടിക്കറ്റ് ആവശ്യം ഉന്നയിച്ചതോടെയാണ് മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ക്കാന്‍ തീരുമാനിച്ചത്. ഇതും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസമായി. നേരത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ച് ആരാധകരോട് സ്റ്റേഡിയത്തിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: