മുസ്ലീം വിരുദ്ധത കുത്തിനിറച്ച സിനിമയായ ദ കശ്മീര്‍ ഫയല്‍സിന് തിയേറ്റര്‍ കിട്ടാത്തത് കുറ്റമാണോ? നിഷ്‌കു പ്രൊഫൈലുകളില്‍ നിന്നുള്ള ഇത്തരം ‘നരേറ്റീവുകള്‍’ കൂടി മനസില്‍ വെച്ചാണ് ആലപ്പുഴ പാന്‍ സിനിമാസില്‍ രാത്രി ഷോ കാണാന്‍ പോയത്. ആലപ്പുഴയിലെ ‘സംഘി’കള്‍ മിക്കവരും കാണുമെന്ന ധാരണയും ഉണ്ടായിരുന്നു. പ്രതീക്ഷ അസ്ഥാനത്തായില്ലെങ്കിലും പരിചയപ്പെടാനെത്തിയവര്‍ പലരും സംഘികളോ ഹിന്ദുക്കളോ പോലുമല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം.
ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിങ്ങലുമായി തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നരേറ്റീവുകള്‍ മുഴുവന്‍ തകര്‍ന്നടിയുന്നതായി മനസിലായി. അതോടെ കേരളത്തില്‍ സിനിമയ്‌ക്ക് നേരിടേണ്ടി വരുന്ന അപ്രഖ്യാപിത വിലക്കിനുള്ള കാരണവും പിടികിട്ടി. ഒപ്പം
കേരളത്തിന്റെ സാമൂഹ്യാവസ്ഥ ഇതില്‍ നിന്ന് ഒട്ടും ഭിന്നമല്ലെന്ന നടുക്കുന്ന തിരിച്ചറിവും.
1. ‘കശ്മീരിലെ അവസ്ഥ ഗുരുതരമാണെന്ന് അറിയാം എന്നാലും ഫറൂക്ക് അബ്ദുള്ളയുമായുള്ള സൗഹൃദം അതിലും പ്രധാനമാണ്.’ മുന്‍ പ്രധാനമന്ത്രി കശ്മീര്‍ സ്‌പെഷ്യല്‍ ഓഫീസറോട്…
2. ‘ഭരിക്കുന്നത് ആരായാലും സിസ്റ്റം ഞങ്ങളുടേതാണ്.’ രാധികാ മേനോന്‍ കൃഷ്ണാ പണ്ഡിറ്റിനോട്….
3. ‘ 1990 ജനുവരി 19 ന് ശേഷം കശ്മീരി ഹിന്ദുക്കളെ മാത്രമല്ല, ക്രിസ്ത്യാനികള്‍, സിഖുകാര്‍, മതഭ്രാന്തില്ലാത്ത മുസ്ലീങ്ങള്‍ തുടങ്ങി എല്ലാവരേയും തീവ്രവാദികള്‍ വംശഹത്യക്ക് വിധേയരാക്കിയിട്ടുണ്ട്.’ കൃഷ്ണാ പണ്ഡിറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട്…
4. ‘നീയൊരു ഭീരുവാണ്. ഭീരുകള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് നിന്നേപ്പോലുള്ളവര്‍ ആരുടെ വലയിലും വീഴും’ സ്‌പെഷ്യല്‍ ഓഫീസര്‍ ബ്രഹ്മദത്ത് ഐ.എ.എസ് കൃഷ്ണാ പണ്ഡിറ്റിനോട്….
ഈ നാല് ഡയലോഗുകളില്‍ നിന്ന് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ നമുക്ക് വായിച്ചെടുക്കാം. അല്ലെങ്കില്‍ സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്‌ട്രീയം ഈ നാല് സംഭാഷണ ശകലങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഈ സിനിമ മുസ്ലീം തീവ്രവാദം ചര്‍ച്ച ചെയ്യുന്നതാണ്. പക്ഷേ വിചാരണ ചെയ്യുന്നത് മുസ്ലീങ്ങളെയല്ല, കോണ്‍ഗ്രസിനേയും അര്‍ബന്‍ നക്‌സലുകളേയുമാണ്.
കടിക്കുക എന്നത് പേപ്പട്ടിയുടെ സഹജസ്വഭാവമാണ്. ഇത് അറിഞ്ഞുകൊണ്ട് അതിനെ തുടലൂരി വിടുന്നവനോ, പേപ്പട്ടിയോ? ആരാണ് യഥാര്‍ത്ഥ കുറ്റവാളി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആയുധമെടുക്കുകയോ അന്യരെ ദ്രോഹിക്കുകയോ ചെയ്യാത്ത കശ്മീരി പണ്ഡിറ്റുകള്‍ വംശഹത്യ ചെയ്യപ്പെടുമ്പോള്‍ രാജ്യത്തെ പ്രധാന ഒരു നേതാവ് സ്വീകരിച്ച നിലപാടാണ് ഒന്നാമത്തെ ഡയലോഗില്‍ കാണുന്നത്. കശ്മീര്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ കാര്‍മികത്വത്തിലായിരുന്നു വംശഹത്യ എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. ഡി.ജി.പിയുടെ പോലും ഉത്തരവ് അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കിയ മുഖ്യമന്ത്രി, തീവ്രവാദിയുമായി സല്ലാപത്തില്‍ ഏര്‍പ്പെടുന്ന മുഖ്യമന്ത്രി, സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥനോട് താങ്കള്‍ ഇന്ത്യന്‍ ചാരനാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി. ഫാറൂക്ക് അബ്ദുള്ളയെന്ന അന്നത്തെ മുഖ്യമന്ത്രി പഴയ പ്രധാനമന്ത്രിയുടെ ഉറ്റ ചങ്ങാതി ആയിരുന്നു. ജവാന്‍മാരെ അടക്കം കൊലപ്പെടുത്തിയ തീവ്രവാദിയ്‌ക്ക് പ്രധാനമന്ത്രിയുടെ സ്വീകരണമുറി വരെ കടന്നു ചെല്ലാനായതും കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്‌ട്രീയം ഇതാണ്.
അതു കൊണ്ട് ഈ സിനിമ മുസ്ലീം വിരുദ്ധമല്ല തന്നെ.
കോണ്‍ഗ്രസ് കഴിഞ്ഞാല്‍ വിചാരണ ചെയ്യപ്പെടുന്നത് അര്‍ബന്‍ നക്‌സലുകളും മാധ്യമങ്ങളുമാണ്. രാജ്യം ആരു ഭരിച്ചാലും
‘സിസ്റ്റം’ ‘റണ്‍’ ചെയ്യിക്കുന്നത് കാര്യങ്ങള്‍ നടപ്പാക്കുന്നത് ഞങ്ങളാണ് എന്ന രാധികാ മേനോന്റെ ആത്മവിശ്വാസമാണ് വംശഹത്യയുടെ ഇന്ധനം. യുവതലമുറയെ ‘ഫാള്‍സ് നരേറ്റീവ്’ കൊണ്ട് വഴിതെറ്റിക്കുന്ന രാധികാ മേനോന്‍ 90 കളുടെ മാത്രമല്ല 2020കളുടേയും വാര്‍പ്പ് മാതൃകയാണ്. തീവ്രവാദികള്‍ക്ക് മാന്യതയുടെ, മനുഷ്യാവകാശത്തിന്റെ, മതേതരത്വത്തിന്റെ മുഖംമൂടി നല്‍കുക എന്ന ജോലി അവര്‍ ഇന്നും വിജയകരമായി നിറവേറ്റുന്നുണ്ട്. ബുദ്ധിജീവികള്‍ പടച്ചു വിടുന്ന എന്തിനും സ്വീകാര്യത നല്‍കുക എന്ന ദൗത്യം മാധ്യമങ്ങളും നിറവേറ്റുന്നു. അതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കശ്മീര്‍ ഫയല്‍സ് വിചാരണ ചെയ്യുന്നത് ഇസ്ലാമിനെയല്ല, അര്‍ബന്‍ നക്‌സലുകളേയാണ്.
അതു കൊണ്ട് ഈ സിനിമ മുസ്ലീം വിരുദ്ധമല്ല തന്നെ.
താഴ്വരയില്‍ ജീവനും ജീവിതവും നഷ്ടമായത് ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് മാത്രമല്ല. ക്രിസ്ത്യാനികളും സിഖുകാരും എന്തിന് സമാധാന കാംക്ഷികളായ മുസ്ലീങ്ങളും ക്രൂരമായി വേട്ടയാടപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരേക്കാള്‍ എണ്ണത്തില്‍ കൂടുതലായത് കൊണ്ട് പണ്ഡിറ്റുകള്‍ ദൃശ്യവത്കരിക്കപ്പെട്ടു എന്നേയുള്ളൂ. വംശഹത്യക്ക് വിധേയരായ ലോകമെമ്പാടുമുള്ള സാധുക്കള്‍ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത് തന്നെ. ആദ്യ പകുതി അവസാനിക്കുന്നത് കുരിശു മരണം വിധിക്കപ്പെട്ട, തീവ്രവാദികള്‍ക്കായി പേനയുന്തിയ കവിയുടേയും മകന്റേയും മൃതദേഹത്തിലാണ്. അതിനാല്‍ ഈ സിനിമ മുസ്ലീം വിരുദ്ധതയല്ല ചര്‍ച്ച ചെയ്യുന്നത്.
അവസാന ഡയലോഗ് ഈ നാട്ടിലെ മതേതര നിഷ്‌കളങ്ക പ്രൊഫൈലുകളോടാണ്. നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതും പഠിക്കാത്തതുമായ കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലാത്തതാണ് എന്ന് വിശ്വസിക്കുന്ന ‘പണ്ഡിറ്റു’കളാണ് ഇന്ന് അധികവും. അവരാണ് രാധികാ മേനോന്‍മാരുടെ പ്രധാന ഇരകള്‍. അവര്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറല്ല. അവര്‍ക്ക് വേണ്ടത് ചില ‘പട്ട’ങ്ങള്‍ മാത്രമാണ്. ചാര്‍ത്തിക്കിട്ടിയ മതേതരപുരോഗമന പട്ടം നഷ്ടമാകുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഭീരുക്കള്‍. മരം മുറിക്കുന്ന കോടാലിയുടെ കൈയും മരം തന്നെയാണെന്ന ബോധ്യം ഇല്ലാത്തവര്‍. അവര്‍ക്കായാണ് ഈ സിനിമ. മുസ്ലീം വിരുദ്ധതയല്ല, ചരിത്ര പാഠമാണ് ഇത് പ്രചരിപ്പിക്കുന്നത്. ഒരേ കല്ലില്‍ തട്ടി രണ്ടു തവണ വീഴരുതെന്ന സാമാന്യ ബോധം, മുന്‍ തലമുറയ്‌ക്ക് പറ്റിയ അബദ്ധം നമുക്കും ഉണ്ടാവരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ ഇതൊക്കെയാണ് കശ്മീര്‍ ഫയല്‍സ് പകര്‍ന്നു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: