തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരശ്ശീല ഉയരും. നിശാഗന്ധി തിയേറ്ററില്‍ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സാംസ്കാരികമന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും.
തുര്‍ക്കിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിക്കും. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. മന്ത്രി ജി.ആര്. അനില്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിന് മേയര്‍ ആര്യാ രാജേന്ദ്രന് നല്കി പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍. കരുണിന് നല്കി പ്രകാശനം ചെയ്യും.
ഉദ്ഘാടനചടങ്ങിനു മുന്നോടിയായി 5.30ന് അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഗായത്രി അശോകന് ഗാനങ്ങള്‍ ആലപിക്കും. അക്കോര്‍ഡിയന്‍ വാദകന്‍ സൂരജ് സാഥേ സംഗീതപരിപാടിക്ക് അകമ്പടി സേവിക്കും. ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: