രാജ്യസഭയിലേക്ക് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് മാര്‍ച്ച് 31ന് നിശ്ചയിട്ടുള്ള തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണല്ലോ. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ചില ഫോര്‍മുലകളില്‍ ഒന്നാണ് മത- സാമുദായിക സന്തുലിതാവസ്ഥ. എന്നാല്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ കേരള ജനസംഖ്യയില്‍ പന്ത്രണ്ട് ശതമാനത്തിലധികം വരുന്ന പട്ടിക വിഭാഗങ്ങളെയും ഏതാണ്ട് അതിനടുത്തു വരുന്ന പരിവര്‍ത്തിത ക്രൈസ്തവരെയും ഒരു പൗരസമൂഹമായി പരിഗണിക്കാതിരിക്കുന്നത് രാഷ്ട്രീയ അനൗചിത്യമാണ്.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി കേരളത്തിന്റെ പ്രതിനിധികളായി ഇതിനോടകം 88 പേര് രാജ്യസഭയില്‍ എത്തിയിട്ടുണ്ട്. അതില്‍ എ.കെ.ആന്റണി, ബി.വി. അബ്ദുള്ളക്കോയ എന്നിവര്‍ അഞ്ചു തവണയും വയലാര്‍ രവി നാല് തവണയും തെന്നല ബാലകൃഷ്ണപിള്ള കെ.കരുണാകരന്, പി.ജെ.കുര്യന് എന്നിവര്‍ മൂന്ന് തവണയും പത്തൊമ്പത് പേര് രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ടു. അറുപത്തിമൂന്ന് പേര് ഓരോ തവണ രാജ്യസഭാംഗങ്ങളായി.
സാമുദായിക സംവരണം ഇല്ലാത്തതു കാരണം പട്ടിക വിഭാഗക്കാര്‍ തഴയപ്പെടുന്നതായാണ് അനുഭവം. സിപിഐ(എം) പ്രതിനിധികളായി പി.കെ.കുഞ്ഞച്ചന്, കെ.സോമപ്രസാദ്, കോണ്‍ഗ്രസ് പ്രതിനിധികളായി കെ.കെ.മാധവന്, ടി.കെ.സി. വടുതല എന്നിങ്ങനെ നാലു പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ഉന്നതമായ ജനാധിപത്യ ബോധവും ഉയര്‍ന്ന സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കേരള സംസ്ഥാനത്തിന്റെ ഉത്കൃഷ്ട പാരമ്പര്യത്തിന് നിരക്കാത്ത തിരസ്കരണവും കുറ്റകരമായ അനാസ്ഥയുമാണ് ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ പിന്തുടരുന്നത്. ഒരുപക്ഷേ സംവരണമുണ്ടായിരുന്നുവെങ്കില്‍ പട്ടിക വിഭാഗത്തില്‍ നിന്നും ഇതിനോടകം ഒമ്പത് പേര് കേരളത്തിന്റെ പ്രതിനിധികളായി രാജ്യസഭയില്‍ എത്തുമായിരുന്നു.
പട്ടിക വിഭാഗങ്ങള്‍ പരസ്യമായി അരങ്ങേറുന്ന ഈ സാമുദായിക പ്രീണന നയങ്ങളില്‍ കണ്ണടയ്ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ പട്ടിക വിഭാഗ പ്രാതിനിധ്യവും തുല്യനീതിയും മാറ്റിവയ്ക്കപ്പെടുന്നു. അവര്‍ക്ക് സംവരണ മണ്ഡലങ്ങള്‍ ഉണ്ടല്ലോ എന്നതാണ് ന്യായം. എന്നാല്‍ സംവരണം ഏര്‍പ്പെടുത്താത്ത ഇടങ്ങളില്‍ അടിസ്ഥാന ജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കേണ്ടത് ജനാധിപത്യ ധര്‍മ്മമാണെന്ന് തിരിച്ചറിഞ്ഞ്, നീതി കിട്ടാത്തവര്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്ന തോന്നല്‍ ഉളവാക്കുന്ന സാഹചര്യമാണുള്ളത്. അവസരം ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും അവസരം നല്‍കാതെ രാഷ്ട്രീയ കക്ഷികള്‍ നീതിയുടെയും സമത്വത്തിന്റെയും കാവലാളുകളാകണം. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഭരണപക്ഷത്തിന് രണ്ടംഗങ്ങളെയും പ്രതിപക്ഷത്തിന് ഒരു അംഗത്തെയും വിജയിപ്പിക്കാനാകും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പട്ടിക വിഭാഗത്തില്‍ നിന്നും ഓരോ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി വിജയിപ്പിച്ചാല്‍ അത് കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിനും സാക്ഷരതാ നിലവാരത്തിനും ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയാകും.
(സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: