ഡോ.കെ.ജയപ്രസാദ്
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടി ഭാരതീയ ജനതാ പാര്‍ട്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പഞ്ചാബില്‍ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടിക്ക് കീഴടങ്ങി ഉന്മൂലനത്തിന്റെ പാതയിലാണ്. യാതൊരു തരത്തിലും സാന്നിധ്യം അറിയിക്കാതെ ഇടതുപക്ഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും ചരിത്രമായി മാറി. അകാലിദള്‍, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പ്രധാന പ്രാദേശിക കക്ഷികളും പരാജയപ്പെട്ടു. ബിജെപി ഭരിച്ച നാലു സംസ്ഥാനങ്ങളിലും വോട്ട് ശതമാനം വര്‍ധിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി ഭരണതുടര്‍ച്ച നേടിയത്. അഴിമതിരഹിതമായി വികസനോന്മുഖ പദ്ധതികളുമായി ബിജെപി കൂടുതല്‍ സ്വീകാര്യമാകുന്ന കാഴ്ച. മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ വലിയ രീതിയില്‍ ബിജെപിക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. ഏറെ കൊട്ടിഘോഷിച്ച കര്‍ഷക സമരം കേവലം ഊതിവീര്‍പ്പിച്ച ബലൂണ്‍ ആയിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പശ്ചിമ യുപിയില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്നത് കര്‍ഷക സമരം യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നതാണ്. ജാതി രാഷ്ട്രീയവും കുടുംബ രാഷ്ട്രീയവും വോട്ടര്‍മാര്‍ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ഹിന്ദു-മുസ്ലിം ഭിന്നത വളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സിന്റെയും ബിഎസ്പിയുടെയും പരാജയം എടുത്തു പറയേണ്ടതാണ്. കോണ്‍ഗ്രസ് കേവലം 2.4 ശതമാനം വോട്ടും, രണ്ടു സീറ്റുമായി ചുരുങ്ങിയപ്പോള്‍ ബിഎസ്പി കേവലം ഒരു സീറ്റ് മാത്രം വിജയിച്ചു. ഉത്തരാഖണ്ഡില്‍ തുടര്‍ഭരണം നേടി ബിജെപി ചരിത്രം കുറിച്ചു. ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് അവിടെ ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. മണിപ്പൂരിലും ഗോവയിലും വ്യക്തമായ ഭൂരിപക്ഷം നേടി സുസ്ഥിര ഭരണം ഉറപ്പാക്കിയാണ് ബിജെപി അധികാരത്തില്‍ തിരിച്ചുവരുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ എടുത്തു പറയയേണ്ട ജനവിധിയാണ് ഉത്തര്‍പ്രദേശിന്റേത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയില്‍ ഒരു മുഖ്യമന്ത്രി ഭരണത്തുടര്‍ച്ച നേടി വീണ്ടും വിജയം വരിക്കുന്നതും ആദ്യമായാണ്. ഉത്തര്‍പ്രദേശ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ലബോറട്ടറിയാണ്. ജനാധിപത്യ അവകാശത്തെ അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ വിനിയോഗിച്ച വോട്ടര്‍മാരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇരുപത്തിനാലുകോടി ജനങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശ് രാജ്യത്തെ ഒന്‍പത് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം കൂടിയാണ്. വികസനത്തില്‍ പിന്നാക്കം നിന്നിരുന്ന സാക്ഷരതയില്‍ പിറകിലുള്ള സംസ്ഥാനവുമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് ഉത്തര്‍പ്രദേശ് വികസനത്തിന്റെ പാതയില്‍ മുന്നോട്ടു കുതിക്കുന്നത്. 2017 ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തര്‍പ്രദേശിന്റെ ചരിത്രം തന്നെ മാറി. ക്രമസമാധാന പാലനം വികസനത്തിന്റെ ചവിട്ടു പടിയാണെന്ന് യോഗി തെളിയിച്ചു. സംസ്ഥാനത്തെ ഗുണ്ടാരാജ് അവസാനിപ്പിച്ചു. ഓരോ കുടുംബത്തിന്റെയും വികസനം മുഖ്യ അജണ്ടയായി. പുതിയ ഭവനങ്ങള്‍, ശൗചാലയങ്ങള്‍ കുടിവെള്ളം, വൈദ്യുതി, ഗ്യാസ് ഇവയൊക്കെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ആദ്യമായി ലഭിച്ചു. റോഡ് വികസനം, തൊഴില്‍, ആരോഗ്യ മേഖല, വ്യവസായം, കൃഷി തുടങ്ങിയ മണ്ഡലങ്ങളിലും വന്‍ പുരോഗതിയുണ്ടായി. ഏതാണ്ട് ആറ് പതിറ്റാണ്ട് യുപി ഭരിച്ച കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ജനതാദള്‍ പാര്‍ട്ടികള്‍ ശ്രദ്ധിക്കാതെ പോയ മേഖലകളാണ് മുകളില്‍ സൂചിപ്പിച്ചത്. രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി യുപി തുടര്‍ന്നത് അതുകൊണ്ടായിരുന്നു. മോദിയും യോഗിയും ഒരുമിച്ച് വന്നതോടെ പുതിയൊരു രാഷ്ട്രീയ സംസ്കാരവും യുപിയിലെ ജനങ്ങള്‍ കണ്ടു. 2017 നെക്കാള്‍ മൂന്നുശതമാനം വോട്ടുകള്‍ വര്‍ധിപ്പിച്ച് 44.2 ശതമാനം വോട്ടും 273 സീറ്റുകളും 2022 ല്‍ ബിജെപി നേടി. സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ കൂടുതലായി എസ്പിയിലേക്ക് പോയി. കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നത് അതുകൊണ്ട് കൂടെയായിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലുള്ള കേന്ദ്ര പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ലഭ്യമായ സംസ്ഥാനം എന്നതു മാത്രമല്ല, അത് ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനം കൂടിയായിരുന്നു ഉത്തര്‍പ്രദേശ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാര്‍ജിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് അതുകൊണ്ടായിരുന്നു.
മുസ്ലിം മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്വീകാര്യത
ഏതാണ്ട് ഇരുപത് ശതമാനം മുസ്ലിങ്ങള്‍ വസിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഏറ്റവും പിന്നാക്കമായി കഴിയുന്ന വിഭാഗവുമാണ്. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും അവരെ ‘വോട്ട് ബാങ്കാ’യി മാത്രം കണ്ടു. വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അവരെ അനുവദിച്ചില്ല. എന്നാല്‍ യോഗിയുടെ പദ്ധതികള്‍ യാതൊരു വിവേചനവും കൂടാതെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമായി. മുസ്ലിം കേന്ദ്രീകൃത മണ്ഡലങ്ങളില്‍ 41.6 ശതമാനം സീറ്റുകള്‍ ബിജെപി വിജയിച്ചു. 42.7 ശതമാനം സീറ്റുകള്‍ എസ്പിയ്ക്ക് ലഭിച്ചു. 2017 ല്‍ ബിജെപിക്ക് 39.9 ശതമാനം സീറ്റുകള്‍ മുസ്ലിം മേഖലകളില്‍ ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഏതാണ്ട് 27 ജില്ലകള്‍ മുസ്ലിങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഉള്ളവയാണ്. ഇതില്‍ ഷഹറാന്‍പൂര്‍, മുസഫര്‍ബാദ്, ഗാസിയബാദ്, ഭാഗ്പട്ട്, ബാലന്ദ്ഷഹര്‍, റാംപൂര്‍, അമോറ, ബിജോര്‍, അലിഗഡ്, മുറാദാബാദ്, ബറേലി തുടങ്ങിയ ജില്ലകളില്‍ മുസ്ലിങ്ങളാണ് ഏറ്റവും വലിയ വിഭാഗം (40+ശതമാനം) വോട്ടര്‍മാര്‍. പല ജില്ലകളിലും നാല്പതു ശതമാനത്തിലധികം മുസ്ലിങ്ങള്‍ വസിക്കുന്നു. അലിഗഡിലെ ഏഴുമണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. ഷഹാന്‍പൂര്‍ 5(7), മുസഫര്‍ നഗര്‍-2(6), മീററ്റ്-3(7) ഗാസിയാബാദ്-5 (5), ഭാഗ്ബട്ട്-2(3) ബാലന്ദ്ഷഹര്‍-7(7) ബിജോര്‍-4(8), റാംപൂര്‍-2, (5) ഹാത്രസ്-2(3) ആഗ്ര-9(9) ഫിറോസാബാദ്-2(5) എന്നിങ്ങനെയാണ് മുസ്ലിം കേന്ദ്രീകൃത ജില്ലകളിലെ ബിജെപിവിജയം. ചുരുക്കത്തില്‍ 27 ജില്ലകള്‍ ഉള്‍പ്പെടുന്ന ആറു ഡിവിഷനുകളിലായി (ഷഹറാന്‍പൂര്‍, മൊറാദാബാദ്, മീററ്റ്, ആഗ്ര, അലിഗഡ്, ബറേലി) 136 നിയോജക മണ്ഡലങ്ങള്‍ ഉണ്ട്. ഇതില്‍ 93 സീറ്റുകള്‍ ബിജെപി വിജയിച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടി 43 മണ്ഡലങ്ങളില്‍ വിജയിച്ചു. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. മുസ്ലിം സമൂഹത്തെ കേവലം വോട്ട് ബാങ്കായി കാണുന്നതിനു പകരം, അവരുടെ വികസന വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിയതാണ് ബിജെപിക്ക് വന്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയായത്. കലാപങ്ങളില്ലാത്ത യുപി മുസ്ലിം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കണം. മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ ബിജെപി സ്വീകരിച്ച സമീപനം മുസ്ലിം സ്ത്രീ വോട്ടര്‍മാര്‍ക്ക് ഏറെ സ്വീകാര്യമായി.
പട്ടികജാതി സംവരണ സീറ്റുകളില്‍ 44.8ശതമാനം ബിജെപി വിജയിച്ചു. 2017ല്‍ 34ശതമാനം ആയിരുന്നു ബിജെപിയുടെ വിജയം. 252 ബിജെപി എംഎല്‍എമാര്‍ വീണ്ടും വിജയിച്ചു. 80 മണ്ഡലങ്ങളില്‍ 50 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ച ബിജെപിക്ക് ബഹുഭൂരിപക്ഷം മണ്ഡലങ്ങൡലും 45ശതമാനത്തിന് മുകളില്‍ വോട്ടു ലഭിച്ചിരുന്നു. അതായത് സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ബിജെപിക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. നരേന്ദ്ര മോദിയും യോഗിയും മുന്നില്‍ വച്ച വികസന പാത യുപിയിലെ ജനങ്ങള്‍ സ്വീകരിച്ചു എന്നതാണ് 2022 ലെ ബിജെപി തുടര്‍ഭരണം തെളിയിക്കുന്നത്.
യുപിയും കേരളവും
2022 ലെ യുപി തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. ബിജെപി പരാജയപ്പെട്ടാല്‍ ഉത്തര്‍പ്രദേശ് കേരളം പോലെയാകും എന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ച് പറഞ്ഞത് കേരളത്തില്‍ വസ്തുതകളെ മാറ്റിവച്ച് ഏറെ ചര്‍ച്ച ചെയ്തിരുന്നു. യോഗി പറഞ്ഞത് വോട്ടര്‍മാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു. കേരളത്തിലെ ക്രമസമാധാനപാലനവും കൊലപാതക രാഷ്ട്രീയവും ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രഭവ കേന്ദ്രം, കള്ളക്കടത്ത്, അഴിമതി, രാഷ്ട്രീയാന്ധത, മാര്‍ക്സിസ്റ്റ് ഫാസിസം, രാജ്യവിരുദ്ധ സമീപനം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ഓര്‍മപ്പെടുത്തല്‍. വികസന സൂചികയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ചോദ്യം ചെയ്തില്ല. മറിച്ച് ദേശദ്രോഹ നിലപാടുകളും, മാധ്യമരംഗത്തെ അത്തരം ശക്തികളുടെ ഇടപെടലുകളും, ഇസ്ലാമിക തീവ്രവാദത്തിന് ലഭിക്കുന്ന സ്വീകാര്യതയും കേരളത്തില്‍ നടന്ന ഐഎസ്ഐഎസ് റിക്രൂട്ട്മെന്റും രാജ്യത്തെ തീവ്രവാദ ആക്രമണങ്ങളിലെ മലയാളി പങ്കാളിത്തവും യോഗി ചര്‍ച്ചാ വിഷയമാക്കി. വോട്ടര്‍മാര്‍ അത് സ്വീകരിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്. ‘കേരള മോഡല്‍ രാഷ്ട്രീയം’ അവര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ടു തന്നെ യോഗി കേരളത്തെ കുറിച്ച് പറഞ്ഞത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. മലയാളികളെ ബോധവത്കരിക്കാന്‍ അതുപകരിക്കും. വികസന സൂചികയില്‍ കേരളം ഉയര്‍ന്നതാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം സ്വേച്ഛാധിപത്യത്തിനും അഴിമതിക്കും മതാന്ധതയ്ക്കും രാജ്യദ്രോഹ നിലപാടുകള്‍ക്കും രാഷ്ട്രീയ ഫാസിസത്തിനും സ്വീകാര്യത നല്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: