തിരുവനന്തപുരം: പോലീസുകാര്‍ക്കെതിരെ ഉയരുന്ന പരാതികളും പോലീസുകാര്‍ ചെയ്യുന്ന കുറ്റങ്ങളും വര്‍ധിച്ചതോടെ പോലീസിലെ കുറ്റവാളികള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി സര്‍ക്കാര്‍. പോലീസിന്റെ കുറ്റകൃത്യം അന്വേഷിക്കാന്‍ പുതിയ ഏജന്‍സിക്ക് ശിപാര്‍ശ. പ്രത്യേകസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ചീഫ്സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര സെക്രട്ടറി അംഗവുമായ സമിതിയാണ് പോലീസുകാരുടെ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി വേണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്. നിലവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്ന പരാതികളും പോലീസുകാര്‍ ചെയ്യുന്ന കുറ്റങ്ങളും അന്വേഷിക്കുന്നത് പോലീസ് സേനയിലുള്ളവരാണ്. വകുപ്പുതല അന്വേഷണം പലപ്പോഴും എങ്ങുമെത്തുന്നില്ല. നടപടി സസ്പെന്ഷനിലോ സ്ഥലംമാറ്റത്തിലോ മാത്രമായി ഒതുക്കും. അതുമല്ലെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ പരാതികള്‍ പോലും കാണാതാകുന്നു. ഇത് അവസാനിപ്പിക്കാനാണ് പുതിയ ഏജന്‍സി വേണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
സര്‍ക്കാര്‍ തലത്തില്‍ പുതിയ ഏജന്‍സിയെ കൊണ്ടുവരാനാണ് ശിപാര്‍ശ. സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പോലീസുകാര്‍ക്കെതിരെ ജനങ്ങളില്‍ നിന്നും ഉയരുന്ന പരാതികള്‍ അന്വേഷിക്കാന്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുണ്ട്. എന്നാല്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ മാത്രമാണ് അധികാരം. അതേസമയം പോലീസ് സേനയ്ക്കുള്ളിലെ കുറ്റകൃത്യങ്ങളും ക്രമക്കേടും അന്വേഷിക്കാന്‍ അധികാരവും ഇല്ല.
അന്വേഷണ ഏജന്‍സിക്ക് സ്വതന്ത്ര ചുമതല നല്‍കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനുള്ള റിപ്പോര്‍ട്ടും ശിപാര്‍ശയുമാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: