ഫറ്റോര്‍ഡ: ആറ് വര്‍ഷത്തെ കാത്തിരിപ്പ്, ആയിരങ്ങളുടെ പ്രതീക്ഷ, സ്വപ്ന ഫൈനല്‍ കേരളം പിടിച്ചെടുത്തു. ജംഷഡ്പൂരിന്റെ കനത്ത ആക്രമണങ്ങളെ അങ്ങേയറ്റത്തെ ചെറുത്തുനില്‍പ്പിലൂടെ പിടിച്ചുകെട്ടിയ കേരളം അര്‍ഹിച്ച ഫൈനല്‍ നേടിയെടുത്തു. അഡ്രിയാന്‍ ലൂണയുടെ ലോകോത്തര ഗോള്‍ കേരളത്തിന്റെ മുന്നേറ്റം ആധികാരികമാക്കി. യൂറോപ്യന്‍ ലീഗിനെ അനുസ്മരിപ്പിക്കുന്ന അതിമനോഹര ഗോളിലൂടെ കേരളത്തെ മുന്നിലെത്തിക്കുകയും ഒടുവില്‍ വിജയിപ്പിക്കുകയും ചെയ്ത ലൂണ ഇന്ന് മലയാളികളുടെ ആകെ ഹരമാവുകയാണ്. മത്സരത്തില്‍ ഓരോ ഗോള്‍ നേടി കേരളവും ജംഷഡ്പൂര്‍ എഫ്സിയും സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡ് കേരളത്തിന്റെ ഫൈനല്‍ സ്വപ്നം പൂവണിയിച്ചു.
18-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്ന് അല്‍വാരോ വാസ്ക്വസ് നല്കിയ പന്തില്‍നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയാന്‍ ലൂണ സ്വതസിദ്ധമായ ശൈലിയില്‍ എതിര് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പൂര്‍ ബോക്സിലേക്ക് മുന്നേറി. ബോക്സിനു തൊട്ടുമുന്നില്‍നിന്ന് ഗോള്‍കീപ്പറുടെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. ജംഷഡ്പൂരിന്റെ കാവല്ക്കാരന് ടി.പി. രഹനേഷിന് മറുപടി ഉണ്ടായില്ല. കണ്ടുനിന്നവരെല്ലാം അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ട നിമിഷം.
50-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയ ജംഷഡ്പൂര്‍ പിന്നീട് വിജയ ഗോളിനായി കനത്ത പോരാട്ടം നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം വിലങ്ങുതടിയായി. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ആദ്യ പത്ത് മിനിറ്റില്‍ തന്നെ നാല് അവസരങ്ങളാണ് ലഭിച്ചത്. ആദ്യ ഗോള്‍ നേടിയ ശേഷം പ്രതിരോധത്തിലേക്ക് നീങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് ജംഷഡ്പൂരിന്റെ നീക്കങ്ങള്‍ക്ക് തടയിട്ടതോടെയാണ് വിജയം ഉറപ്പിച്ചത്. 20ന് മൂന്നാം ഫൈനലിന് കേരളം തയ്യാറെടുക്കുമ്പോള്‍ ആദ്യ കിരീടമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: