ന്യൂദല്‍ഹി: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ച സംഭവം ഏറെ ഖേദകരമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിഷയം കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചത്. ആയുധ പരിപാലനത്തിന് സര്‍ക്കാര്‍ അതീവ പ്രാധാന്യമാണു നല്‍കുന്നതെന്നും മിസൈല്‍ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ക്കു വകയില്ലെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു. മിസൈല്‍ യൂണിറ്റുകളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്. ‘പാക്കിസ്ഥാന് പ്രദേശത്താണു മിസൈല്‍ പതിച്ചതെന്നു പിന്നീടാണു മനസ്സിലായത്. സംഭവത്തില്‍ ഉടന്‍തന്നെ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്ന വാര്‍ത്ത ഞങ്ങള്‍ക്ക് ആശ്വാസമേകി’- രാജ്നാഥ് സിങ് പറഞ്ഞു. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിനായാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഭാവിയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ മിസൈല്‍ സംവിധാനം അത്യധികം വിശ്വസനീയവും സുരക്ഷിതവുമാണ്. എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ അവ ഉടന്‍ തന്നെ പരിഹരിക്കും. രാജ്യത്തിന്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: