ഇംഫാല്‍: പരീക്ഷണങ്ങളാണ് ബിജെപിയുടെ മുഖമുദ്ര. ഈ പരീക്ഷണങ്ങളിലൂടെ ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഭരണവിരുദ്ധവികാരങ്ങളെ ഇല്ലാതാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. അതിന് കഴിയാതിരുന്നതാണ് കോണ്‍ഗ്രസിന്റെ പഞ്ചാബിലെ ദുരന്തം. ഉത്തര്‍പ്രദേശില്‍ യോഗിയെ മാറ്റാതെ, ജനങ്ങള്‍ക്ക് വന്‍തോതില്‍ ക്ഷേമപദ്ധതികള്‍ വീട്ടുപടിക്കലും ധനസഹായങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്കും നല്‍കിയാണ് ബിജെപി മുന്നേറിയത്.
എന്നാല്‍ ഉത്തരാഖണ്ഡില്‍ നാല് മാസത്തില്‍ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റിയാണ് അവിടുത്തെ ഭരണവിരുദ്ധവികാരം ബിജെപി ശമിപ്പിച്ചത്. ബിജെപിക്കുള്ളില്‍ പടലപ്പിണക്കങ്ങളും തീര്‍ത്തു. നാല് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തിരാത്ത് സിങ്ങ് റാവത്തിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നു. എന്നിട്ട് വിപുലമായി കുംഭമേള സംഘടിപ്പിച്ചു. എന്നാല്‍ കോവിഡ് പരന്നതോടെ കുംഭമേള ഒരാഴ്ചക്ക് ശേഷം പിന്‍വലിച്ചു. പിന്നീട് തിരാത്ത് സിങ്ങ് റാവത്തിനെ മാറ്റി അവിടെ പുഷ്കര്‍ സിങ്ങ് ധമിയെ മുഖ്യമന്ത്രിയാക്കി. ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ല് ശമിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. അത് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണത്തുടര്‍ച്ചയിലേക്ക് ബിജെപിയെ നയിച്ചു.
ഇപ്പോഴിതാ മണിപ്പൂരില്‍ ബീരേന്‍ സിങ്ങിനെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാണിച്ച ബിജെപി ഭരണത്തുടര്‍ച്ച നേടിയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരാണ് വരികയെന്ന് പ്രവചിക്കാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുകയാണ്. ഇതും ബിജെപിയുടെ പരീക്ഷണത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. താരതമ്യേന യുവാവായ തൊങ്കം ബിശ്വജിത് സിങ്ങിനെക്കൂടി ബിജെപി ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ബീരേന്‍ സിങ്ങിന്റെ കൂടെയാണ് യുവാവായ തൊങ്കം ബിശ്വജിതിനെ കൂടി വിളിപ്പിച്ചിരിക്കുന്നത്. ഇതോടെ മണിപ്പൂരില്‍ ആര് മുഖ്യമന്ത്രിയാകും എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
2012ല്‍ മണിപ്പൂര്‍ നിയമസഭയിലേക്ക് തൃണമൂല്‍ സീറ്റില്‍ ജയിച്ച് വന്ന ആളാണ് തൊങ്കം ബിശ്വജിത് സിങ്ങ്. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് മാറി. 2015ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചു. 2017ല്‍ ഈ സീറ്റ് തൊങ്കം ബിശ്വജിത് സിങ്ങ് നിലനിര്‍ത്തി. മണിപ്പൂരില്‍ പൊതുമരാമത്ത്, ഗ്രാമവികസന, പഞ്ചായത്തീരാജ്, എന്നിവയുടെ ചുമതല കിട്ടി. കൂടെ വാണിജ്യ, വ്യവസായം, ഊര്‍ജ്ജം, ഭരണ പരിഷ്കാരം എന്നിവയുടെ കൂടി ചുമതലകള്‍ വഹിച്ചു.
2022ലും അദ്ദേഹം കോണ്‍ഗ്രസിന്റെ സെറാം നെകെന് സിങ്ങിനെ 6000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഇപ്പോള്‍ ദല്‍ഹിയിലേക്ക് ബിജെപി ഉന്നതതല സമിതി ബീരേന്‍ സിങ്ങിനൊപ്പം തൊങ്കം ബിശ്വജിത് സിങ്ങിനെക്കൂടി വിളിപ്പിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും കിരണ്‍ റിജിജുമാണ് ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലയുള്ള നിരീക്ഷകര്‍.
ഇക്കുറി ബിജെപി 60ല്‍ 32 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് മണിപ്പൂരില്‍ വെറും അഞ്ച് സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. 2017ല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എന്നീ പാര്‍ട്ടികള്‍ക്കൊപ്പമാണ് ബിജെപി അധികാരത്തില്‍ വന്നത്. ഇക്കുറി എന്‍പിപിക്ക് ഏഴ് സീറ്റുകളും എന്‍പിഎഫിന് അഞ്ച് സീറ്റുകളും ലഭിച്ചിട്ടുണ്ട്. നിതീഷ്കുമാറിന്റെ ജെഡി(യു) ആറ് സീറ്റുകളില്‍ വിജയിച്ചു. ഇതില്‍ എന്‍പിപിയും ജെഡി(യു)വും ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: