ന്യുദല്‍ഹി : മീഡിയ വണ്‍ സംപ്രേഷണം തുടരാം. ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ചാനല്‍ സംപ്രേഷണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ ചാനലിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചയ്ക്കകം കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാം. കേസില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ആവശ്യപ്പെട്ടു. നേരത്തെ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാവോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 26ന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. വിശദമായ ഫയല്‍ കാണണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ അതിന് ശേഷം കേസ് രേഖകള്‍ ചേംബറില്‍ വച്ച് പരിശോധിച്ചു ഇതിന് ശേഷമാണ് മീഡിയ വണ്‍ വിലക്ക് സ്റ്റേ ചെയ്തുള്ള ഉത്തരവ് വന്നത്.
ജനുവരി 31നാണ് മീഡിയ വണ്ണിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് ചാനല്‍ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ആദ്യം ശരിവെയ്ക്കുകയായിരുന്നു.
അതിനുശേഷം ഡിവിഷന് ബെഞ്ചിനെ സമീപിച്ചെങ്കിലും അതും തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: