ന്യൂദല്‍ഹി: ചിലര്‍ സുപ്രീംകോടതി ഉത്തരവ് മറയാക്കി വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്കി നഷ്ടപരിഹാരം തട്ടിയെടുക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
ഇതും ദുരുപയോഗം ചെയ്ത് തട്ടിപ്പു നടത്തുമെന്ന് ഒരിക്കലും കരുതിയില്ല, ജസ്റ്റിസുമാരായ എം.ആര്. ഷാ, ബി.വി. നാഗരത്ന എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
കൊവിഡ് മൂലം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയെന്നത് ദൈവികമായ കാര്യമാണ്. ഈ പദ്ധതിയും ദുരുപയോഗം ചെയ്യപ്പെടുമെന്ന് കരുതിയതേയില്ല. കൊവിഡ് നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി പറഞ്ഞു. മാര്‍ച്ച് ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ ചിലര്‍ വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്കി നഷ്ട പരിഹാരം തട്ടിയെടുക്കുന്നുണ്ടെന്നും ഇതെങ്ങനെ തടയാന്‍ കഴിയുമെന്ന് അറിയില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ ഇങ്ങനെ തട്ടിപ്പു നടത്തുന്നവര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം വേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.
ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ആശങ്കകള്‍ ആവര്‍ത്തിച്ച കോടതി, ഇത്തരം വ്യാജ ക്ലെയിമുകള്‍ സംബന്ധിച്ച് വിശദമായ രേഖ തയ്യാറാക്കി നല്‍കാനും നഷ്ട പരിഹാരത്തിന് അപേക്ഷ നല്കാന് സമയ പരിധി നിശ്ചയിക്കാനും കേന്ദ്രത്തോട് നിര്‍ദേശിച്ചു. വിശദമായ രേഖ ഇന്ന് സമര്‍പ്പിക്കണം. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഗൗരവമേറുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മൂലം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിനകം 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.
നഷ്ടപരിഹാരത്തിന് കിട്ടുന്ന അപേക്ഷകള്‍ അതത് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ പരിശോധിക്കണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ആര്. ബസന്ത് നിര്‍ദേശിച്ചു. കേസ് 21ന് വീണ്ടും പരിഗണിക്കും. വിവിധ സര്‍ക്കാരുകള്‍ നല്കിയ കണക്കുകളിലെ പൊരുത്തക്കേടിലും സുപ്രീംകോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മരിച്ചവരുടെ എണ്ണവും നഷ്ടപരിഹാരം ലഭിച്ചവരുടെ കണക്കും തമ്മില്‍ വലിയ അന്തരമാണ്. ചിലതില്‍ എട്ടിരട്ടി വ്യത്യാസമുണ്ട്. അതിനാല്‍ മരണസംഖ്യ പെരുപ്പിച്ചതാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: