ലത തുളസി
എഴുത്തിന്റെ വഴികള്‍ വര്‍ണ്ണനാതീതമാണ്. ചിലര്‍ അവനവനു വേണ്ടി എഴുതും. അത് ആത്മഗതമായി ഒടുങ്ങും. ചിലരുടെ എഴുത്ത് വായനക്കാരെ രസിപ്പിക്കും. ചിലതു ചിന്തിപ്പിക്കും. ദുരൂഹത നിറഞ്ഞ സമകാലീന വിഷയങ്ങള്‍ പ്രമേയമാക്കുമ്പോള്‍, എഴുത്തുകാരന്റെ അനുഭവ സമ്പത്തിന്റെ ഉള്‍ക്കാഴ്ച അന്തര്ലീനമാകുമ്പോള് അനുവാചകന്റെ മുമ്പിലെ ദുരൂഹത മാറി ചിത്രങ്ങള്‍ക്ക് മിഴിവേകും. ഡോ.കെ.എന്‍. രാഘവന്റെ ‘ബൗണ്‍സര്‍’ വായിക്കുമ്പോള്‍ ക്രിക്കറ്റ് ഗാലറിയിലെ കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ കേള്‍ക്കാം. ഗ്രൗണ്ടില്‍ പിച്ച് ചെയ്യുന്ന പന്തിന്റെ വേഗ വ്യത്യാസങ്ങള്‍ അറിയാം. വിക്കറ്റിനായി എറിയുന്ന ‘യോര്‍ക്കറും’ ബാറ്റസ്മാനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗണ്‍സറും, റണ്‍ ഒന്നും വഴങ്ങാത്ത ‘മെയ്ഡന്‍ ഓവറും’ എല്ലാം മനസ്സിലൂടെ കടന്നുപോകുന്ന വേറിട്ട അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്.
ടെലിവിഷന്റെ മുമ്പില്‍ ഇരുന്നു കളി കാണുന്ന പ്രതീതി ഒരു പുസ്തകം വായനക്കാരില്‍ സൃഷ്ടിക്കുന്നുണ്ടെങ്കില് അത് പ്രമേയത്തിനൊത്ത ആഖ്യാനശൈലി കഥാകൃത്ത് സ്വീകരിച്ചതു കൊണ്ടാണ്. ഫീല്‍ഡിങ് പരിശീലന വേളയില്‍ ആരും പിടിക്കാത്ത പന്തിനു പിന്നാലെ പായുന്ന കൊച്ചിക്കാരന് ‘പാവം പയ്യന്’ തന്റെ കഠിന പ്രയത്നവും ഭാഗ്യവുംകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു മികച്ച ബൗളറാണ്. ലോക കപ്പ് നേടുന്നതില്‍ വരെ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. എന്നാല്‍ ഇവിടെ കളിയെ നിയന്ത്രിക്കുന്നത് കളിക്കളത്തിനു പുറത്തുള്ള വമ്പന്‍ സ്രാവുകള്‍ ആണെന്ന സത്യം നാം തിരിച്ചറിയുന്നു. ശങ്കര്‍ എന്ന യുവതാരത്തിന്റെ പന്തുകള്‍ നിലം തൊടുന്നതിനു മുമ്പുതന്നെ വന്‍കിട ബിസിനസ് ലോബി വാതുവെപ്പിലൂടെ ഗോള്‍ അടിക്കുന്നു. അവര്‍ വിദഗ്ദ്ധമായി വിരിച്ച വലയില്‍ ഈ ചെറുപ്പക്കാരന്റെ മൂല്യങ്ങള്‍ അടിയറവു പറയുന്നു.
മദ്യവും മദിരാക്ഷിയും സിനിമാമേഖലയും പണം എറിഞ്ഞു പണം വാരുന്ന വിദേശ വാണിഭക്കാരും അവരുടെ പിണിയാളുകളും അടക്കി വാഴുന്ന ഒരു മേഖലയുടെ സ്വാധീനം ക്രിക്കറ്റിനെ പിടിമുറുക്കുന്ന നഗ്നമായ സത്യം ഈ പുസ്തകം വായിക്കുന്നതിലൂടെ നാം മനസ്സിലാക്കുന്നു. തന്റെ താരമൂല്യത്തിന്റെ പ്രഭാവലയത്തില്പെട്ടു ശങ്കറിന്റെ കാല് പിഴക്കുമ്പോള്‍ താന്‍ കടന്നുവന്ന വഴികളും തന്നെ കൈപിടിച്ചുയര്‍ത്തിയ ആള്‍ക്കാരെയും അയാള്‍ സൗകര്യപൂര്‍വം മറക്കുന്നു.
ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ പിടിച്ചുപറ്റിയ വിഷയമാണ് ക്രിക്കറ്റ് മേഖലയിലെ വാതുവെപ്പും കോഴ വിവാദവും. ഇതു മൂലം പലരും ഈ കളിയിലെ വിശ്വാസ്യത നഷ്ടപ്പെട്ടവരാണ്. ക്രിക്കറ്റിനോടുള്ള ആരാധന മൂലം സാധാരണക്കാരായ യുവ തലമുറ സര്‍വ്വവും ഉപേക്ഷിച്ച് ഈ കളിയിലേക്ക് ഇറങ്ങിത്തിരിക്കുന്നു. ചിലര്‍ രക്ഷപ്പെടുന്നു. ചിലര്‍ പ്രാദേശിക കളിക്കളങ്ങളില്‍ മികവ് കാട്ടി ഒതുങ്ങിക്കൂടുന്നു. വിന്ധ്യനപ്പുറം കടക്കുന്ന നമ്മുടെ കളിക്കാരെ ഒന്നുകില്‍ കളിക്കാരായ വടക്കന്‍ ലോബികള്‍ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി ഒതുക്കുന്നു. അല്ലെങ്കില്‍ അവരെ വലിയ സ്രാവുകള്‍ക്ക് വിട്ടുകൊടുക്കുന്നു. വാഴുന്നവര്‍ വീഴുകയും വീഴുന്നവര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്ന കളിക്കളത്തിലെ കാണാക്കയങ്ങള്‍ കഥാകാരന് പുറത്തുകൊണ്ടുവരുന്നു. ഒപ്പം ഐപിഎല്‍, ഐസിഎല്‍, രഞ്ജി ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റിന്റെ ആവേശവും വായനക്കാരില്‍ സൃഷ്ടിക്കുന്നു. ബൗളിങിന്റെ ബാലപാഠങ്ങള്‍ വരെ ഇതില്‍ വ്യക്തമാണ്.
കഥാകൃത്ത് ചെറുപ്രായത്തില്‍ തന്നെ അന്താരാഷ്ട മത്സരങ്ങള്‍ നിയന്ത്രിച്ച അനുഭവ സമ്പത്തുള്ളതുകൊണ്ടും, പ്രധാനപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്തതുകൊണ്ടും ഈ മേഖലയിലെ സൂക്ഷ്മമായ ചുവടുവയ്പ്പുകള്‍ പോലും ഭംഗിയായി അവതരിപ്പിക്കുന്നതിനു കഴിയുന്നു. ഇവിടെ കഥാപാത്രങ്ങളുടെ അനാവശ്യ വര്‍ത്തമാനങ്ങളില്ല. കൂടുതലും ശങ്കര്‍ എന്ന പ്രധാന കഥാപാത്രം തന്നെ അയാളുടെ മനോഗതികള്‍ അവതരിപ്പിക്കുന്നു. ക്രിക്കറ്റ് മേഖലയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ഗോപന് ചേട്ടന്, അഭിലാഷ്-ഇവര്‍ ആദ്യാവസാനം കഥയില്‍ നിറഞ്ഞു നില്ക്കുന്നു. വാതുവെപ്പിനുള്ളിലെ കിടമത്സരങ്ങളില്‍ ചെറിയ മത്സ്യത്തെ വലിയ മത്സ്യം വിഴുങ്ങുന്നതുകൊണ്ട് കഥാപാത്രം വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു നാട്ടിലെത്തി സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്നു.
വായനയില്‍ അളവുകള്‍ പാകമായ ഒരു പുത്തനുടുപ്പിട്ട പ്രതീതി. ഡോക്ടര്‍, ക്രിക്കറ്റിന്റെ മര്‍മ്മം അറിയുന്ന അമ്പയര്‍, മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിങ്ങനെ ഗ്രന്ഥകര്‍ത്താവിന് ഒട്ടേറെ സവിശേഷതയും വിശേഷണങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: