യുദ്ധവും അനുസാരികളും അങ്ങ് ദൂരെ ഉക്രൈനിലും സമീപ കേന്ദ്രങ്ങളിലും ആണെങ്കിലും വെടിയൊച്ച നമ്മുടെ ഇട്ടാവട്ടത്താണ്. വിദേശകാര്യത്തെപ്പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്തവര്‍ കൂടി ഘോര ഘോര വിശകലനങ്ങള്‍,നിര്‍ദേശങ്ങള്‍, വ്യാഖ്യാനങ്ങള്‍ എന്നിവ നിര്‍ബാധം നടത്തുന്നു.
ഇവിടെ യുദ്ധവും അതില്‍ വേദനിക്കുന്നവരും ഒന്നുമല്ല പ്രശ്നം. തികഞ്ഞ രാജ്യദ്രോഹവും നിലവിലുള്ള ഭാരത ഭരണകൂടത്തോടുമുള്ള എതിര്‍പ്പാണ്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നരേന്ദ്ര മോദിയോടുള്ള അരിശം. ഏതു വഴിയ്ക്കും വെറുപ്പ് വിറ്റ് ജീവിക്കാന്‍ ക്വട്ടേഷനെടുത്ത സാംസ്കാരിക നേതൃമ്മന്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചാകര തന്നെയാണിപ്പോള്‍. ഒരു യുദ്ധമുഖത്ത് എന്തൊക്കെ സംഭവിക്കുമെന്നോ, അവിടത്തെ സാധാരണക്കാരെ അത് എങ്ങനെയൊക്കെ ബാധിക്കുമെന്നോ ഇത്തരക്കാര്‍ക്കറിയില്ല. നരേന്ദ്രമോദിയെ രണ്ടു കല്ലു വലിച്ചെറിയാന്‍ കിട്ടിയ അവസരമായാണ് ഉക്രൈന് യുദ്ധത്തെ അത്തരം ആളുകള്‍ കാണുന്നത്.
ഭാരതത്തിന്റെ വൈഭവശാലിത്വവും തന്മയത്വവും പക്വതയും എന്താണെന്നും അതിന്റെ ഫലം എന്താണെന്നും അറിയാനുള്ള അസുലഭ(ദുരന്തത്തിന്റെ വേളയാണെന്ന് മറക്കുന്നില്ല)അവസരമായാണ് പലരും കാണുന്നത്. സ്വന്തം പൗരന്മാരെ വിധിക്കും തോക്കിനും മുമ്പില്‍ എറിഞ്ഞുകൊടുത്ത് നയതന്ത്രപ്പുതപ്പിനുള്ളില്‍ സുഖകരമായി സ്വാസ്ഥ്യം കൊള്ളുന്ന ലോകനേതാക്കള്‍ ഞെട്ടലോടെയാണ് ഭാരതത്തിന്റെ മക്കളെ ഭരണകൂടം നാട്ടിലേക്കു കൊണ്ടുപോകുന്നത് കാണുന്നത്. ലോക പൊലീസ് എന്ന ബഹുമതി സ്വയം അണിഞ്ഞ അമേരിക്കയ്ക്കു പോലും പറ്റാത്തത് ഭാരതത്തിന് സാധിച്ചിരിക്കുന്നു. ഇത് ഒരു സുപ്രഭാതത്തില്‍ ഉണ്ടായ നയതന്ത്ര വര്‍ത്തമാനത്തിന്റെ ബാക്കിപത്രമല്ല. ത്യാഗസന്നദ്ധവും പാരമ്പര്യപ്പെരുമയും കരുണയുടെ കരുതലും സ്നേഹത്തിന്റെ സുതാര്യതയും കലര്‍ന്ന ഇടപഴകലിന്റെ ഗുണമാണ്. മോദി ലോകം ചുറ്റി നടക്കുകയാണ് എന്ന് നാട്ടുകാര്‍ക്ക് മുമ്പില്‍ അപഹസിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്യുന്ന കൂപമണ്ഡൂകങ്ങള്‍ കണ്ണുതുറന്ന് കാണേണ്ടതാണിത്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ദര്‍ശനപ്പൊരുള്‍ ഹൃദയത്തില്‍ വെച്ച് പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും ആത്മാര്‍ത്ഥതയ്ക്ക് കിട്ടിയ അംഗീകാരമാണത്. ഒരു യുദ്ധമുഖത്തു നിന്ന് പോറല്‍ പോലുമേല്‍ക്കാതെ സ്വന്തം പൗരന്മാരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ ഭരണാധികാരിയുടെ നിസ്തന്ദ്രമായ പ്രവര്‍ത്തനത്തെ കലവറയില്ലാതെ പിന്തുണയ്ക്കുന്നു എന്ന് അറിയണം.സ്വന്തം പാര്‍ട്ടിയിലെ ആളുകളെ പോലും നേരാംവണ്ണം കാണാനോ കേള്‍ക്കാനോ കഴിയാത്ത അജണ്ടാധിഷ്ഠിത രാഷ്ട്രീയക്കോമരങ്ങള്‍ മാത്രമേ ഉക്രൈന് യുദ്ധസമയത്തെ ഒഴിപ്പിക്കലിനെ കുറ്റപ്പെടുത്തൂ. സൈനിക വിമാനങ്ങളിലടക്കം പൗരന്മാരെ കൊണ്ടുവരികയാണ്. അവര്‍ക്ക് ചെയ്യാവുന്നതിന്റെ അങ്ങേയറ്റത്തെ കാര്യങ്ങള്‍ വരെ ചെയ്തുകൊടുക്കുന്നു. മനുഷ്യരെ മാത്രമല്ല, അവരുടെ അരുമകളായ മൃഗങ്ങളെയും പോറലേല്‍ക്കാതെ എത്തിക്കുന്നു. അതിനിടയിലാണ് ഒന്നിനെക്കുറിച്ചും ധാരണയില്ലാത്ത ഏഷണി നേതാക്കളുടെയും അവരുടെ പിന്‍പാട്ട് സംഘത്തിന്റെയും ചൊറിച്ചില്‍.
ഉക്രൈന് വ്യോമാതിര്‍ത്തിയില്‍ ഭാരതത്തിന്റേതല്ലാത്ത മറ്റൊരു രാജ്യത്തിന്റെയും വിമാനങ്ങള്‍ അനു വദിക്കില്ലെന്നാണ് റഷ്യ നിലപാടെടുത്തത്. നരേന്ദ്രമോദിയുമായുള്ള വഌദിമീര്‍ പുടിന്റെ ചര്‍ച്ചയ്ക്കു ശേഷം മറ്റൊരു തീരുമാനവുമുണ്ടായി. രൂക്ഷമായ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് ഭാരതീയരെ റഷ്യന്‍ സേന തന്നെ സുരക്ഷിതപാതയിലൂടെ ഒഴിപ്പിക്കും.
അതിനായി എട്ടു മണിക്കൂറിലധികം സമയം യുദ്ധം നിര്‍ത്തിവയ്ക്കും! നയതന്ത്രം എന്താണെന്നും അതെങ്ങനെയാണ് പ്രാവര്‍ത്തികമാകുന്നതെന്നും ഇതിനെക്കാള്‍ ഭംഗിയായി എപ്പോഴാണ് അറിയാനാവുക. മറ്റു രാജ്യങ്ങള്‍ കൂടി തങ്ങളുടെ പൗരന്മാരെ ഭാരതപതാകയുടെ സുരക്ഷയിലൂടെ രക്ഷപ്പെടുത്താന്‍ അനുവാദം ചോദിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിനും അതിന്റെ ഭരണാധികാരിക്കും കിട്ടുന്ന അംഗീകാരത്തെ പക്ഷേ, ഇവിടെ ചിലര്‍ അമ്ലമഴയില്‍ കുതിര്‍ത്താനുള്ള നികൃഷ്ട നീക്കമാണു നടത്തുന്നത്. അതും ദൈവത്തിന്റെ സ്വന്തം രാജ്യത്തു നിന്നാണത് എന്നതത്രേ സങ്കടകരമായ കാര്യം!
സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍ തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഭാരതം മുന്നറിയിപ്പ് കൊടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലകളുടെ ഉദാസീന നിലപാടും വിദ്യാര്‍ത്ഥികളുടെ നിസ്സംഗതയും ഒരു പരിധിവരെ ഇന്നത്തെ അന്തരീക്ഷത്തിന് വഴിവച്ചു എന്നത് വാസ്തവം തന്നെയാണ്. ഒടുവില്‍ ഷെല്ലുകള്‍ പതിക്കാന്‍ തുടങ്ങിയപ്പോഴാണ് കൈവിട്ടു പോയത് മനസ്സിലാവുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഭാരതം ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ഒരുവഴിയിലേക്കെത്തിച്ചു. ബഹുഭൂരിപക്ഷം പൗരന്മാരും മടങ്ങി. നിര്‍ഭാഗ്യവശാല്‍ ചില ജീവനുകള്‍ നഷ്ടമായി. എന്നാല്‍ കാര്യങ്ങള്‍ അറിയാനോ വിശകലനം ചെയ്യാനോ മിനക്കെടാതെ എല്ലാം നരേന്ദ്രമോദിയുടെ തലയിലിട്ട് തീക്കുണ്ഠത്തിനരികെ ചവിട്ടുനാടകത്തിന് തിരക്കുകൂട്ടുകയാണ് നെറികേടിന്റെ രാഷ്ട്രീയം. ചിലര്‍ പ്രസ്താവനയിറക്കുന്നു, കോടതിയില്‍ ഹരജികൊടുക്കുന്നു, കത്തെഴുതുന്നു. എന്തിന്? നിര്‍ണായകമായ ഒരു സ്ഥിതിവിശേഷത്തില്‍ ശത്രുവിന് കത്തിയെറിഞ്ഞു കൊടുക്കുന്ന ദുഷ്പ്രവണതകളെ മുളയിലേ നുള്ളേണ്ടതല്ലേ? ഭാരതത്തിനെതിരെ ഒളിയുദ്ധത്തില്‍ സജീവമായ ഘടകങ്ങള്‍ക്ക് ആയുധമെത്തിച്ച് നരേന്ദ്രമോദി ഭരണകൂടത്തെ തകര്‍ക്കുന്ന പ്രവണതയ്ക്ക് കൂച്ചുവിലങ്ങിട്ടേ തീരൂ.
ഇന്നത്തെ സംഘര്‍ഷവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്നതുകൂടി പങ്കുവച്ച് അവസാനിപ്പിക്കാം, നരേന്ദ്ര രഘുനാഥ് എഴുതിയ പോസ്റ്റ് ഇതാ:
‘ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദയനീയത കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ആര്‍ട് ഫെസ്റ്റിവലിന് പോയി തിരിച്ചു വരുമ്പോള്‍ ഷാര്‍ജയില്‍ നിന്നും വിമാനത്തില്‍ കയറിയ ഒരു കൂട്ടം മലയാളി കുട്ടികളെയാണ്.
യാത്രാമധ്യേ ഷാര്‍ജയില്‍ നിര്‍ത്തിയ വിമാനത്തില്‍ ടേക്ക് ഓഫിന്റെ അനൗണ്‍സ്മെന്റ് വന്നതിനു ശേഷമാണ് ഒരാറു കുട്ടികള്‍ എനിക്കരികിലും മുന്നിലുമായുള്ള സീറ്റില്‍ ഓടിക്കിതച്ചെത്തിയിരുന്നത്. നാല് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമായിരുന്നു ആ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ആകെ ഒരലങ്കോലപ്പെട്ട വേഷവിധാനങ്ങളായിരുന്നു എല്ലാവരുടെയും. ഉറക്കമൊഴിഞ്ഞതിന്റെയും തണുപ്പില്‍ നിന്നും വരുന്നതിനാലായിരിക്കണം അട്ടിയിട്ട കുപ്പായങ്ങളും എല്ലാം കൂടി ആകെ ഒരലങ്കോലം എന്നേ പറയാനാകു. കയറിയത് മുതല്‍ അവരെല്ലാം നിര്‍ത്താതെ സംസാരമായിരുന്നു. വരുന്നതിനു മുന്‍പ് നടന്ന പാര്‍ട്ടികളുടെയും ഹാങ്ങോവറിന്റെയും കോളേജിലെ ടീച്ചര്‍മാരെപ്പറ്റിയും എന്ന് വേണ്ട അടുത്ത അരമണിക്കൂറിനുള്ളില്‍ അവരുടെ മുഴുവന്‍ ജീവചരിത്രവും എനിക്ക് മനസ്സിലാക്കാനായി എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. എല്ലാവരും കോട്ടയം, എറണാകുളം, തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ഉക്രൈനില്‍ പഠിക്കുന്ന മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ക്രിസ്മസ് അവധിക്കു നാട്ടിലേക്ക് വരുകയാണ്.
ഒരര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് എയര്‍ഹോസ്റ്റസ് ഭക്ഷണവുമായി വന്നത്. ഇന്റര്‍നാഷണല്‍ ഫ്ളൈറ്റ് ആണെങ്കിലും, നോഫ്രില്‍ ഫ്ലൈറ്റ് ആയതിനാല്‍, ഫുഡ് ബുക്ക് ചെയ്തില്ലെങ്കില്‍ അല്ലെങ്കില്‍ വാങ്ങിയില്ലെങ്കില്‍ ഭക്ഷണം കിട്ടുമായിരുന്നില്ല. ഫെസ്റ്റിവലുകാര്‍ എനിക്ക് ആഹാരം ബുക്ക് ചെയ്തിരുന്നതിനാല്‍ അവരെനിക്ക് ഭക്ഷണപ്പൊതി തന്നു. അപ്പോഴാണ് പതിനേഴുമണിക്കൂറായി അവര്‍ ആഹാരമൊന്നും കഴിക്കാത്തതിന്റെയും കൈയിലുള്ള കാശെല്ലാം അടിച്ചു പൊളിച്ചതിന്റെയും വിശക്കുന്നതിന്റെയും കഥയൊക്കെ മെല്ലെ പുറത്തുവന്നത്. പെട്ടെന്നെന്റെ മുന്നില്‍ ഇതുപോലെയൊക്കെ ഭാവിയില്‍ പെട്ടുപോകാവുന്ന എന്റെ മകളുടെ മുഖമെനിക്കോര്‍മ്മവന്നതുകൊണ്ടു ഫെസ്റ്റിവല്‍കാര് തന്ന കാശ് കുറച്ചു പോക്കറ്റില്‍ ഉണ്ടായിരുന്നതെടുത്തു എയര്‍ഹോസ്റ്റസിനോട് അവര്‍ക്കാറുപേര്‍ക്കും കൂടി ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പെട്ടന്നവരെല്ലാവരും ഒന്ന് ഞെട്ടിപ്പോയി. തണുപ്പായതിനാല്‍ ജാക്കറ്റും തൊപ്പിയും താടിയുമൊക്കെ വച്ച് പുസ്തകം വായിച്ചിരുന്ന എന്നെ അതുവരെ അവര്‍ ശ്രദ്ധിച്ചിരുന്നില്ല. ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും, എന്റെ തൊട്ടടുത്തിരുന്ന പയ്യന് ‘അങ്കിളേ, അഭിമാനം വിചാരിച്ചിരിക്കണമെന്നുണ്ട്. പക്ഷെ വിശന്നിട്ടു നിവൃത്തിയില്ല. താങ്ക് യു. അങ്കിള്‍ മലയാളിയാണെന്ന് കരുതിയില്ല’ എന്നും പറഞ്ഞു സന്തോഷത്തോടെ ഭക്ഷണം വാങ്ങി. ചമ്മലോടെയാണെങ്കിലും ബാക്കിയുള്ളവരും അവസാനം ഭക്ഷണം വാങ്ങി കഴിക്കാന്‍ തുടങ്ങി. പിന്നീടായിരുന്നു തമാശ മുഴുവന്‍.
‘അപ്പൊ അങ്കിളിത്രയും നേരം ഞങ്ങളുടെ കഥയൊക്കെ കേട്ടാസ്വദിക്കയായിരുന്നു അല്ലെ?’ എന്നും ചോദിച്ചു ഞങ്ങളുടെ സംഭാഷണം ആരംഭിച്ചു.
‘അങ്കിള്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ഭാഗത്തെങ്ങാനുമാണോ?’ എന്നായി അടുത്ത ചോദ്യം. ചോദിച്ചത് മുന്നിലെ സീറ്റിലിരുന്ന പെണ്‍കുട്ടിയായിരുന്നു .
എനിക്ക് ചിരിയൊതുക്കാനാകാതെ ‘എന്ത് പറ്റി’ എന്ന് ചോദിച്ചപ്പോള്‍ ‘ഓ! കര്‍ത്താവേ, അങ്കിള്‍ കണ്ണൂര്കാരനാ ഭാഗ്യം. അപ്പൊ നമ്മുടെ അപ്പനമ്മമാരുടെ കൂട്ടുകാരനാവാനുള്ള ചാന്‍സ് കുറവാ. ഇത്രയും നേരം ഞങ്ങളുടെ തെമ്മാടിത്തമൊക്കെ കേട്ട് ആസ്വദിക്കയായിരുന്നില്ലേ’ എന്നും പറഞ്ഞാ കുട്ടി കുരിശു വരച്ചു. എനിക്ക് ചിരിയൊതുക്കാനായില്ല എന്നതായിരുന്നു സത്യം.
പിന്നീടവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇത്തരം ചെറിയ രാജ്യങ്ങളിലേക്കൊക്കെ മെഡിസിന് പഠിക്കാനെന്നും മറ്റും പറഞ്ഞു ഏജന്റിനെയും മറ്റും വിശ്വസിച്ചു പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ക്കുള്ള നേര്‍ക്കാഴ്ചയായിരുന്നു. അതിലെ ചില പ്രധാന സംഭാഷണശലകങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു
‘എന്റെ അങ്കിളേ, മൂന്ന് കൊല്ലമായി ഞങ്ങള്‍ മെഡിസിനെന്നും പറഞ്ഞു പഠിക്കുന്നു. ഇന്നേ വരെ ഒരു പേഷ്യന്റിനെ നാലയലത്തു പോലും കണ്ടിട്ടില്ല’
‘എന്തോന്ന് കോളേജങ്കിളെ! നാലു നില കെട്ടിടത്തില്‍ പത്തു നാല്പതു രോഗികളില്ലാത്ത ബെഡ്ഡും തട്ടിക്കൂട്ടി അഞ്ചു ടീച്ചര്‍മാരും ആകെ ഒരു തട്ടിപ്പാ’
‘എന്റെ അങ്കിളേ ഞങ്ങളെ അനാട്ടമിയും സര്‍ജറിയും പഠിപ്പിക്കുന്നത് മെഡിക്കല്‍ ഹിസ്റ്റോറിയനാ. മൂപ്പത്തിയാര് ജീവിതത്തിലിന്നുവരെ മനുഷ്യ ശരീരത്തില്‍ കത്തിവെച്ചിട്ടുണ്ടാകില്ല. ശവങ്ങള് മുറിക്കുന്നത് നിരോധിച്ചതുകൊണ്ടു പാവ തുറന്നു കാട്ടുന്നതാ സര്‍ജറി ക്ലാസ് ‘
‘ഞാനൊക്കെ വല്ലപ്പോഴുമൊക്കെയേ ക്ലാസ്സില്‍ പോകു. പോകാതിരുന്നാല്‍ ടീച്ചേഴ്സിന് സന്തോഷാ. അവര്‍ക്കറിയാത്തത് നമ്മളെ പഠിപ്പിക്കണ്ടല്ലോ. കൊറച്ചു കാശ് കൊടുത്താല്‍ അങ്ങ് പാസ്സാക്കി വിടും’
‘കൊറേ മലയാളി കുട്ടികളുണ്ട്. ഞങ്ങളൊക്കെ അടിച്ചു പൊളിച്ചു ജീവിക്കയാ’
‘സത്യം പറയാലോ അങ്കിളേ. ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഡിഗ്രി കിട്ടും. എനിക്ക് ക്രോസിന് എങ്ങനെ കൊടുക്കണം എന്നും കൂടി അറിയില്ല’
‘എന്റെ അങ്കിളേ അറിയാതെ പോലും ഇവിടെയൊക്കെ പഠിച്ചുവരുന്നവന്റെ അടുത്തൊക്കെ അസുഖം വന്നുചെന്ന് പെടല്ലേ. ചത്തൂന്നൊറപ്പിച്ചാല്‍ മതി’
‘നാട്ടില്‍ അറിയുന്ന ഭാഷയില്‍ പഠിപ്പിച്ചിട്ടൊന്നും തലയില്‍ കേറിയിട്ടില്ല …പിന്നല്ലേ ഈ അറിയാത്ത ഭാഷയില്‍ പഠിപ്പിച്ചാല്‍ മനസ്സിലാക്കേണ്ടത്. അപ്പന്റെ കാശു തൊലയ്ക്കുന്നതല്ലേ. ഞങ്ങളാമ്പിള്ളേരു യുറോപ്പിലെവിടെക്കെങ്കിലും കോഴ്സ് കഴിയുമ്പോഴേക്കും കടക്കും. പെണ്പിള്ളേര്ക്ക് ഈ ഡിഗ്രി വച്ച് നല്ല കെട്ട്യോന്മാരെ വീട്ടുകാര്‍ തരപ്പെടുത്തും.’
ഞാന്‍ ചിരിച്ചു കൊണ്ട് ഇതൊക്കെ കേട്ടിരുന്നെങ്കിലും, ഫ്ളൈറ്റ് ഇറങ്ങാറായപ്പോള്‍ അവരിലൊരു പെണ്‍കുട്ടി പറഞ്ഞതെന്നെ വല്ലാതെ വേദനിപ്പിച്ചു.
‘വേണ്ടിയിരുന്നില്ല അങ്കിളേ. വന്നു കുടുങ്ങി. ഇല്ലാത്ത കാശൊക്കെ ഒപ്പിച്ച അപ്പനെന്നെ മെഡിസിന് പഠിക്കാനെന്നും പറഞ്ഞിങ്ങോട്ടേക്കയച്ചത്. ഡോക്ടറുപോയിട്ടു ഒരു മെഡിക്കല്‍ ഷോപ്പില്‍ പോയിരിക്കാനുള്ള വിവരം പോലും എനിക്കിതുവരെ കിട്ടിയിട്ടില്ല’.
കോടികള്‍ ചിലവാക്കി, ഏജന്റുമാരെ വിശ്വസിച്ചു ഇത്തരം രാജ്യങ്ങളിലേക്ക് മക്കളെ മെഡിസിനെന്നും മറ്റും പറഞ്ഞു ഇത്തരം തട്ടിപ്പു പ്രസ്ഥാനങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന അച്ഛനമ്മമാരോട് ദയവു ചെയ്തു വേണ്ടാത്ത പണിക്കു നില്‍ക്കരുത്.
*അപ്പോ ശരി, ഇനി കൂടുതലൊന്നും പറയാനില്ല. അവിടെ വെടി പൊട്ടുമ്പോള്‍ ഒച്ച ഇവിടെ ആയിക്കോട്ടെ.
——
നേര്‍മുറി
ഉക്രൈന് വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു: വാര്‍ത്ത മേപ്പടി കത്ത് യുഎന്‍ പൊതുസഭയില്‍ വായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: