പടിഞ്ഞറെ കല്ലട: ഉക്രൈന് യുദ്ധഭൂമിയിലെ നടുക്കുന്ന ഓര്‍മകളുമായി ആ കൂട്ടുകാരികള്‍ ജന്മനാട്ടിലെത്തി. ഐത്തോട്ടുവ മുരളി മന്ദിരത്തില്‍ സജീവിന്റെയും ഉഷയുടെയും മകള്‍ അഖില സജീവും ഐത്തോട്ടുവാ ചാപ്രയില്‍ വീട്ടില്‍ അജിത് കുമാറിന്റെയും വിജയുടെയും മകളായ ദൃശ്യ അജിതുമാണ് ഭാരത സര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗയുടെ ഭാഗമായി നാട്ടില്‍ തിരികെയെത്തിയത്.
ഉക്രൈനിലെ സഫ്രേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് അഖില സുരേഷ്. ഇതേ കോളേജില്‍ തന്നെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ദൃശ്യ അജിത്. അയല്‍വീടുകളില്‍ താമസിക്കുന്ന ഇരുവരും ചെറുപ്പം മുതലെ കൂട്ടുകാരികളാണ്.
ഉക്രൈനില്‍ നിന്ന് ഫെബ്രുവരി 28ന് 500 പേര്‍ക്ക് കയറാവുന്ന ട്രെയിനില്‍ ആയിരത്തില്‍പരം ആളുകള്‍ തിങ്ങിക്കയറി. ആ യാത്രയിലെ യാതനകള്‍ സഹിച്ച് ഹംഗറിയുടെ അതിര്‍ത്തിയായ ചോപ്പിയില്‍ എത്തുകയായിരുന്നു ഇരുവരും. അവിടെ നിന്നും വീണ്ടും നാല് മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്ത് തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ എത്തി. അവിടെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഹംഗറിയുടെ സന്നദ്ധ പ്രവര്‍ത്തകരും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒരു ദിവസം ഇവര്‍ അവിടെ തങ്ങിയതിനു ശേഷം ബുഡാഫെസ്റ്റ് എയര്‍പോര്‍ട്ടില്‍ നിന്നും ഓപ്പറേഷന് ഗംഗയുടെ ഭാഗമായുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്ന ഇവര്‍ യുദ്ധഭീതി മാറിയാണ് ജന്മനാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: