ന്യൂദല്‍ഹി: 2011ല്‍ മന്മോഹന് സിങ്ങിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യക്കാരെ ഒഴിപ്പിച്ചത് ഒച്ചിഴയും വേഗത്തില്‍. അന്ന് അതിന്റെ പേരില്‍ കോണ്‍ഗ്രസിനെ രാജ്യസഭയില്‍ വിമര്‍ശിച്ചത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെന്നത് ചരിത്രം. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും മന്മോഹന്സിങ്ങ് സര്‍ക്കാരിനെ നിറയെ പിഴവുകളുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
എന്നാല്‍ ഉക്രൈനില്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ ഏറെ ചെലവ് ചെയ്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെളിവാരിയെറിയാന്‍ ശ്രമിക്കുകയാണ്. റഷ്യ ഫിബ്രവരി 24ന് ഉക്രൈനെതിരെ ആക്രമണം ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു:’അവസാന ഇന്ത്യക്കാരെ വരെ ഒഴിപ്പിക്കും’. ഇതോടെ കോണ്‍ഗ്രസ് പല രീതികളില്‍ സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ ദൗത്യങ്ങളെ വിമര്‍ശിക്കാന്‍ തുടങ്ങി. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും ഒഴിപ്പിക്കാനായി ഗംഗാദൗത്യം എന്ന പേരില്‍ ഒരു പ്രത്യേക ദൗത്യം തന്നെ മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയും മേല്‍നോട്ടത്തിനായി നാല് കേന്ദ്രമന്ത്രിമാരെ ഉക്രൈന് അതിര്‍ത്തികളിലേക്ക് അയയ്ക്കുകയും ചെയ്തു.
പല രീതികളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അനുകൂലമായ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും പാതി നുണകളും വ്യാജവാര്‍ത്തകളും ഉയര്‍ത്തി മോദിസര്‍ക്കാരിന്റെ ഗംഗാദൗത്യത്തെ തകിടംമറിയ്ക്കാന്‍ ശ്രമിക്കുകയാണ്. ഒറ്റപ്പെട്ട പിഴവുകളെ ഉയര്‍ത്തിക്കാട്ടി ഗംഗാദൗത്യത്തിന് നേരെ ചെളിവാരിയെറിയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നവീന്‍ ശേഖരപ്പ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴും ഒഴിപ്പിക്കല്‍ ദൗത്യം ആകെ പരാജയമാണെന്ന് നിലവിളിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 20000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വിജയദൗത്യത്തെ മറച്ചുപിടിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഇനി ലിബിയയില്‍ നിന്നും 2011ല്‍ കോണ്‍ഗ്രസ് നടത്തിയ ഒഴിപ്പിക്കല്‍ ദൗത്യത്തെക്കുറിച്ച് പരിശോധിക്കാം. അന്ന് എത്രപേരെ ഒഴിപ്പിച്ചു എന്ന കാര്യത്തില്‍ തന്നെ കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യമില്ല. 15,400 ഇന്ത്യക്കാരെ ലിബിയയില്‍ നിന്നും ഒഴിപ്പിച്ചു എന്നാണഅ മാണിക്കം ടാഗോര്‍ എന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നത്. 16000 ഇന്ത്യക്കാരെ ഒളിപ്പിച്ചുവെന്ന് കേരളത്തിലെ കോണ്‍ഗ്രസും 18,000 പേരെ ഒഴിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും പറയുന്നു.
വാസ്തവത്തില്‍ 2011 ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ ദൗത്യത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചൈനയേക്കാള്‍ സാവധാനത്തിലായിരുന്നു ഇന്ത്യ ഒഴിപ്പിക്കല്‍ ചടങ്ങ് നടത്തിയതെന്നാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പ്രസിദ്ധ വാര്‍ത്തഏജന്‍സിയായ റോയിട്ടേഴ്സ് അന്നെഴുതിയ റിപ്പോര്‍ട്ടില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ സാവധാനത്തിലാണ് ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കുന്നതെന്നായിരുന്നു വിമര്‍ശിച്ചത്. അന്ന് 2011 മാര്‍ച്ച് ഒന്നിന് ചൈന 32,000 പേരെ ഒഴിപ്പിച്ചപ്പോള്‍ ഇന്ത്യ ആകെ ഒഴിപ്പിച്ചത് 4,500 പേരെ മാത്രം. അമേരിക്ക അപ്പോഴേക്കും എല്ലാവരേയും ഒഴിപ്പിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ലിബിയന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് റോയിട്ടേഴ്സ് നല്കിയ തലക്കെട്ട്:
ഓപ്പറേഷന് സേഫ് ഹോംകമിങ് എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പേരിട്ട് വിളിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ ലിബിയയില്‍ ആരോഗ്യ, എണ്ണ, നിര്‍മ്മാണമേഖലകളില്‍ ജോലിചെയ്യുന്ന 18000 പേരെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് ഇന്ത്യന്‍ എക്സ്പ്രസ് മന്മോഹന്സിങ്ങ് സര്‍ക്കാരിനെ വിമര്‍ശിച്ചത് ഇങ്ങിനെ:’ലിബിയയില്‍ ഇന്ത്യ ഒച്ചുവേഗത്തില്‍ ഇഴയുന്നു.മറ്റെല്ലാ രാജ്യങ്ങളിലെയും പൗരന്മാര് വീട്ടില്‍ സുരക്ഷിതമായി എത്തിയപ്പോള്‍’. ആയിരക്കണക്കിന് പൗരന്മാര് കുടുങ്ങിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അന്ന് ഇന്ത്യന്‍ എക്സ്പ്രസ് വിമര്‍ശിച്ചു.
ചൈനയേക്കാള്‍ സാവധാനത്തിലാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ എന്ന പഴി കേട്ടപ്പോള്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു നല്കിയ മറുപടി ഇതാണ്: ‘ഞങ്ങള്‍ ചൈനയുമായി മത്സരത്തിനില്ല. ദയവായി ഈ ദൗത്യത്തെ വിലകുറച്ച് കാണരുത്’. ഉക്രൈനില്‍ ചൈന ഒഴിപ്പിക്കല്‍ തുടങ്ങിയത് ഫിബ്രവരി 28നാണ്. അതേ സമയം 219 ഇന്ത്യക്കാരെ ഫിബ്രവരി 26ന് തന്നെ ഇന്ത്യ മുംബൈയില്‍ എത്തിച്ചു.
ലിബിയയിലെ ഒഴിപ്പിക്കല്‍ ദൗത്യത്തിലെ പോരായ്മകള്‍ അന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ‘ഇന്ത്യയുടെ ലിബിയയിലെ ഒഴിപ്പിക്കല്‍ പ്രക്രിയയിലെ സാവധാനത്തിലുള്ള പുരോഗതിയെ രാജ്യസഭാ അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു’- ഇന്ത്യന്‍ എക്സ്പ്രസ് എഴുതി.
അന്ന് ഡിഎംകെ അംഗമായ തിരുച്ചി ശിവ മന്മോഹന് സിങ്ങ് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: