ജ്യോതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
മനുഷ്യന് ശ്രേയസ്സ് നേടാനായി സ്വജീവിതത്തില്‍ പാലിക്കുകയും പിന്തുടരുകയും ചെയ്യേണ്ട ചര്യകളെ ‘പുരുഷാര്‍ത്ഥങ്ങള്‍’ എന്ന് പൗരാണികര്‍ വിളിച്ചു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാര്‍ത്ഥങ്ങള്‍. അവ നാലെണ്ണമാകയാല് ‘പുരുഷാര്‍ത്ഥ ചതുഷ്ടയം’ എന്നും പറയപ്പെട്ടു. ഇവയില്‍ മോക്ഷമൊഴികെ മറ്റു മൂന്നിനുമായിരുന്നു, ഒരു കാലത്ത് ഊന്നല്‍. അവയെ ‘ത്രിവര്‍ഗം’ എന്നും സംബോധനചെയ്തു.
പുരുഷാര്‍ത്ഥങ്ങള്‍ നാലും പരസ്പര പൂരകങ്ങളാണ്. സ്വജീവിതം കൊണ്ട് തന്നാലാവുംവിധം ഇവ നാലും പൂര്‍ത്തിയാക്കപ്പെടുക എന്നത് ഓരോ മനുഷ്യന്റെയും അനിവാര്യമായ ദൗത്യമാണ്. അങ്ങനെയായിരുന്നു ആചാര്യന്മാരുടെ അനുശാസനം.
ജീവിതത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം സൂക്ഷ്മമായി ജ്യോതിഷത്തിലും തദ്വാരാ ജാതകത്തിലുമുണ്ട്. ജീവിതബാഹ്യമോ മനുഷ്യനില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതോ ആയ ഒന്നല്ല ജ്യോതിഷം. അവയുടെ പാരസ്പര്യവും പൂരകത്വവും അത്രമേല്‍ പ്രഗാഢമാണ്.
ഒരു വ്യക്തിയുടെ ജനന സമയത്തെ മുന്‍നിര്‍ത്തി കണ്ടെത്തുന്നതാണ് ലഗ്നം എന്നത്. വ്യക്തിയുടെ പ്രപഞ്ചബന്ധം അതിലൂടെയാണ് വെളിപ്പെടുന്നതും അരക്കിട്ട് ഉറപ്പിക്കപ്പെടുന്നതും എല്ലാം. ലഗ്നാദി ദ്വാദശഭാവങ്ങളിലായി/ലഗ്നത്തില്‍ തുടങ്ങി ഒന്ന്, രണ്ട് എന്നിങ്ങനെയുള്ള പന്ത്രണ്ട് ഭാവങ്ങളിലായി വ്യക്തിജീവിതം പടര്‍ന്നു കിടക്കുകയാണ്. ആ പന്ത്രണ്ടുഭാവങ്ങളില് പുരുഷാര്‍ത്ഥ ചതുഷ്ടയങ്ങളും വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് ദൈവജ്ഞന്മാരുടെ പക്ഷം. ജനനമരണപര്യന്തം സര്‍വ്വവും ലഗ്നം മുതല്‍ പന്ത്രണ്ടുവരെയുള്ള ഭാവങ്ങളില്‍ വായിച്ചെടുക്കാം. ആധികാരിക ഗ്രന്ഥങ്ങളില്‍ അക്കാര്യം പരാമര്‍ശിക്കപ്പെടുന്നു. അവയുടെ ഏകദേശവിധാനം ഇനി പറയും പ്രകാരമാണ്:
ലഗ്നം, അഞ്ച്, ഒമ്പത് എന്നിവ മൂന്നും ധര്മ്മഭാവങ്ങള്. രണ്ട്, ആറ്, പത്ത് എന്നിവ അര്‍ത്ഥഭാവങ്ങള്‍. മൂന്ന്, ഏഴ്, പതിനൊന്ന് എന്നിവ കാമഭാവങ്ങള്‍. ശേഷിക്കുന്നവ മൂന്നും നാല്, എട്ട്, പന്ത്രണ്ട് എന്നിവ മോക്ഷഭാവങ്ങള്. ഇങ്ങനെയാണ് വിഭാഗീകരണം. ഇതിന്റെ പ്രയുക്തത അഥവാ ഫലചിന്ത എങ്ങനെയാവുമെന്ന് നോക്കാം.
ധര്മ്മഭാവങ്ങള് പുഷ്ടിയുള്ളതായാല്, അവിടെ വ്യാഴം മുതലായ സദ്ഗ്രഹങ്ങള്, ബലിഷ്ഠരായ മറ്റു ഗ്രഹങ്ങള്‍ എന്നിവ നിന്നാല്‍ ജാതകന്/ജാതക പ്രായേണ ധര്മ്മകാര്യങ്ങള് ചെയ്യും. ഒട്ടൊക്കെ സാത്വികമാവും അവന്റെ/അവളുടെ ചിത്തവൃത്തി. പരോപകാരാര്‍ത്ഥമായി ജീവിതം നയിക്കും. അര്ത്ഥഭാവങ്ങള്ക്കാണ് ഗ്രഹനിലയില്‍ പുഷ്ടിയും ശക്തിയുമെങ്കില്‍ വലിയ ധനികനാവും. ഉയര്‍ന്ന സമ്പാദ്യം കൈവരും. കാമഭാവങ്ങള്ക്കാണ് പ്രാബല്യമെങ്കിലോ? ഭൗതികവാസനകള് ഉയര്‍ന്നിരിക്കും. പലതരം ആഗ്രഹങ്ങളുണ്ടാകും. അവയുടെ പൂര്‍ത്തീകരണത്തിന് ഉത്സുകനാവും. ജീവിതമെന്നത് ശാരീരികമായ സന്ധാനം മാത്രമാണെന്ന് ഉറപ്പിക്കും. മോക്ഷഭാവങ്ങള്ക്ക് തെളിച്ചമുള്ള വ്യക്തി ലൗകികജീവിതത്തില്‍ ആബദ്ധനും ആമഗ്നനുമാവുകയില്ല. മണ്ണില്‍ ചവിട്ടിനിന്നാലും ജീവിതത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് സദാ ചിന്തിച്ചുകൊണ്ടിരിക്കും. ഗീതാവാക്യം കടമെടുത്താല്‍ ‘അനാസക്തിയോഗം’ എന്ന വിശേഷണത്തിന് സമര്ഹമാവും അയാളുടെ അവനിവാഴ്വ്. ദ്വാദശഭാവങ്ങളെക്കുറിച്ചുള്ള ഈ വ്യഖ്യാനം ഏതാണ്ട് ശരിയാണെന്നു പറയാമെന്നു മാത്രം. ഋഷിമാരുടെ കാഴ്ചപ്പാടുകള്‍ മുഴുവനായും നാമറിയുന്നില്ലെന്നതത്രെ പരമാര്‍ത്ഥം.!
അശ്വതി മുതല്‍ അഭിജിത്തു കൂട്ടി ഇരുപത്തിയെട്ട് നക്ഷത്രങ്ങളെ ധര്‍മ്മ, അര്‍ത്ഥ, കാമ ,മോക്ഷ നക്ഷത്രങ്ങളായി വിഭജിച്ചിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാണ്. അശ്വതി മുതല്‍ നാലു നക്ഷത്രങ്ങള്‍ ക്രമത്തില്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷ നക്ഷത്രങ്ങള്‍. അഞ്ചാം നക്ഷത്രമായ മകയിരം മോക്ഷ നക്ഷത്രം എന്ന് തുടങ്ങി നാലുനാളുകള്‍ വിപരീതമായി/വിലോമമായി വരും. വീണ്ടും ധര്‍മ്മം മുതല്‍. നാലു നക്ഷത്രങ്ങള്‍. പിന്നെ വിപരീതമായി മോക്ഷം മുതല്‍. ഓരോ വിഭാഗത്തിലും ഏഴു നക്ഷത്രങ്ങള്‍ ഉണ്ടാവും. ചുവടെ അക്കാര്യം വിശദമാക്കുന്നു.
ധര്‍മ്മ നക്ഷത്രങ്ങള്‍:
അശ്വതി, പൂയം, ആയില്യം, വിശാഖം, അനിഴം, അവിട്ടം, ചതയം.
അര്‍ത്ഥ നക്ഷത്രങ്ങള്‍:
ഭരണി, പുണര്‍തം, മകം, ചോതി, തൃക്കേട്ട, തിരുവോണം, പൂരൂരുട്ടാതി.
കാമ നക്ഷത്രങ്ങള്‍:
കാര്‍ത്തിക, തിരുവാതിര, പൂരം, ചിത്തിര, മൂലം, അഭിജിത്ത്, ഉത്രട്ടാതി.
മോക്ഷ നക്ഷത്രങ്ങള്‍:
രോഹിണി, മകയിരം, ഉത്രം, അത്തം, പൂരാടം, ഉത്രാടം, രേവതി.
ധര്‍മ്മം എന്ന വിഭാഗത്തില്‍ വരുന്ന നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ അടിസ്ഥാനപരമായി ധാര്മ്മികരാവും എന്നാണോ വിവക്ഷ? അര്‍ത്ഥ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ ധനേച്ഛുക്കളും കാമനക്ഷത്രങ്ങളില് ജനിക്കുന്നവര്‍ കാമികളും മോക്ഷനക്ഷത്രങ്ങളില് ജനിക്കുന്നവര്‍ മുമുക്ഷുക്കളും ആവും/ ആയിരിക്കും എന്നാണോ വിഭാവനം? അക്കാര്യം വ്യക്തമല്ല. അഥവാ ധര്മ്മപ്രധാന കൃത്യങ്ങള്‍ ധര്മ്മനക്ഷത്രങ്ങളില് തുടങ്ങാമെന്നാണോ ഉദ്ദേശ്യം? ആര്‍ത്ഥിക കര്‍മ്മങ്ങള്‍ സമാരംഭിക്കുവാന്‍ അര്ത്ഥനക്ഷത്രങ്ങള് സമുചിതമാവുമെന്നാണോ? മറ്റുവാക്കുകള്‍ കൊണ്ടുപറഞ്ഞാല് ഒരുകാര്യമോ ഒരാശയമോ മാത്രമല്ല ഇതെല്ലാം ചേര്‍ന്നതാവും എന്നും വന്നുകൂടായ്കയില്ല.
അതെ, ജ്യോതിഷം മറ്റേത് ആര്ഷവിദ്യയേയും പോലെ നമ്മെ പിന്നെയും ചിന്തിപ്പിക്കുന്നു. പുതിയ ആലോചനകളിലേക്ക് നയിക്കുന്നു. ‘പൂര്‍ണസ്യ പൂര്ണമാദായ പൂര്‍ണമേവാവശിഷ്യതേ’ എന്നാണല്ലോ ആര്‍ഷവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: