ആലപ്പുഴ: കടലില്‍ മത്സ്യബന്ധനത്തിന് പോയ ഒരു കാലമുണ്ടായിരുന്നു ആലപ്പുഴ കളക്ടര്‍ എ അലക്സാണ്ടര്‍ക്ക്. അച്ഛന് ആന്റണി കടലില്‍പ്പോയി മീന്‍പിടിച്ചും അമ്മ മറിയപുഷ്പം മീന്‍വിറ്റും നേടുന്ന പണം പാറശ്ശാല കൊല്ലങ്കോടു തീരത്തുള്ള പുറമ്പോക്കിലെ ആ കുടിലിലെ എട്ടംഗങ്ങളുടെ വയറുനിറയ്ക്കാന്‍ തികയുമായിരുന്നില്ല. ആ സാഹചര്യത്തിലാണ് സ്കൂള്‍വിദ്യാര്‍ഥിയായ അലക്സാണ്ടറെ കടലിലേക്കു തുഴഞ്ഞുപോകാന്‍ പ്രേരിപ്പിച്ചത് . ആദ്യം അച്ഛന് ആന്റണിക്കൊപ്പമായിരുന്നു യാത്ര. പിന്നെ മറ്റു വള്ളങ്ങളിലും പോയിത്തുടങ്ങി.
ആ പണംകൊണ്ടായിരുന്നു പഠനം. ബാക്കിയുള്ളത് വീട്ടുചെലവിനും. അഭിമാനത്തോടെ ഏതുജോലിയും ചെയ്യാന്‍ കുട്ടിക്കാലത്തുതന്നെ കാണിച്ച ഉത്സാഹമാണ് സിവില്‍ സര്‍വീസ് എന്ന ഉന്നതപദവിയിലെത്താന് അലക്സാണ്ടര്‍ക്കു കരുത്തായത്. ആലപ്പുഴ കളക്ടറായി ഇന്ന് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങും. കൊല്ലങ്കോട് ഗവ. എച്ച്. എസ്. എസിലെ പഠനത്തിനുശേഷം ലയോള കോളേജില്‍നിന്നു ബിരുദം. പിന്നീട് അവിടെനിന്നുതന്നെ എംഎസ്ഡബ്ല്യു. അപ്പോഴും അധ്വാനിക്കുന്നതു തുടര്‍ന്നു.
1990ല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറായി സര്‍ക്കാര്‍ നിയമനം ലഭിച്ചു. അപ്പോഴും പുറമ്പോക്കിലായിരുന്നു താമസം. പിന്നീട് ജോലിയില്‍നിന്നു ലഭിച്ച വരുമാനംകൊണ്ട് അഞ്ചുസെന്റ് സ്ഥലം വാങ്ങി. 2014ല്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണറും 2018-ല്‍ ലേബര്‍ കമ്മിഷണറുമായി. ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി, ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിക പദവികളും വഹിച്ചു. 2019ലാണ് ഐഎഎസ് ലഭിച്ചത്. സബ് കളക്ടറായി ആദ്യ നിയമനം. രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍, ഹൗസിങ് ബോര്‍ഡ് കമ്മിഷണര്‍, സഹകരണസംഘം രജിസ്ട്രാര്‍ തുടങ്ങിയ പദവികളും വഹിച്ചു. ആലപ്പുഴ ജില്ലയുടെ 52ാമത്തെ കളക്ടറായി 2020 ജൂണിലാണ് തിരുവനന്തപുരം സ്വദേശിയായ അലക്സാണ്ടര്‍ ചുമതലയേറ്റത്.
ഒടുവില്‍ സംസ്ഥാനത്തെ മികച്ച കളക്ടര്‍ എന്ന അംഗീകാരവും നേടിയാണ് ഭാര്യ ടെല്‍മയും മക്കളായ ടോമിയും ആഷ്മിയുമടങ്ങുന്ന കുടുംബത്തിനൊപ്പം തിരക്കുകളില്ലാത്ത ജീവിതത്തിലേക്ക് അലക്സാണ്ടര്‍ മടങ്ങുന്നത്. ഏതു സാഹചര്യത്തില്‍ വളര്‍ന്നു എന്നതിലല്ല, കഠിനാധ്വാനം ചെയ്താല്‍ ഉയരങ്ങളിലെത്തും എന്ന സന്ദേശം അദ്ദേഹം സ്വജീവിതത്തിലൂടെ യുവതലമുറയ്ക്ക് പകര്‍ന്നു നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: