രാജ്കോട്ട്: ഓപ്പണര്‍ രോഹന് കുന്നുമ്മല്‍ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി കുറിച്ച് റിക്കാര്‍ഡിട്ട മത്സരത്തില്‍ കേരളത്തിന് ഉജ്ജ്വല വിജയം. രഞ്ജി ട്രോഫി എലൈറ്റ് എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം എട്ട് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി.
ഗുജറാത്ത് മുന്നോട്ടുവച്ച 214 റണ്‍സ് വിജയലക്ഷ്യം കേരളം അവസാന ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോര്‍: ഗുജറാത്ത് 388, 264. കേരളം: 439, രണ്ട് വിക്കറ്റിന് 214. രോഹന് കുന്നുമ്മല്‍ 87 പന്തില്‍ 12 ഫോറും മൂന്ന് സിക്സറും സഹിതം 106 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഇതോടെ രഞ്ജിട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന റിക്കാര്‍ഡ്് രോഹന് സ്വന്തമായി. ആദ്യ ഇന്നിങ്ങ്സിലും രോഹന് സെഞ്ച്വറി നേടിയിരുന്നു. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരെയും ഈ ഓപ്പണര്‍ നൂറ് കടന്നിരുന്നു. രോഹനാണ് കളിയിലെ കേമന്‍.
നേരത്തെ അഞ്ചിന് 128 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഗുജറാത്ത് 264 റണ്‍സിന് ഓള് ഔട്ടായതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 214 റണ്‍സായത്. ഒന്നാം ഇന്നിങ്സില്‍ കേരളം 51 റണ്‍സ് ലീഡ് നേടിയിരുന്നു. വിജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയ കേരളത്തിന് 27 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ പി. രാഹുലിനെ നഷ്ടമായി. ഏഴു റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.
മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സച്ചിന് ബേബി ഓപ്പണര്‍ രോഹനൊപ്പം പിടിച്ചുനിന്നതോടെ കേരളത്തിന്റെ സ്കോര്‍ബോര്‍ഡിലേക്ക്. റണ്‍സ് ഒഴുകി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 143 റണ്‍സ് കുട്ടിച്ചേര്‍ത്തു. 62 റണ്‍സ് നേടിയ സച്ചിന് പുറത്തായതോടെയാണ് ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ന്നത്. 76 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെയാണ് സച്ചിന് 62 റണ്‍സ് എടുത്തത്.
തുടര്‍ന്നെത്തിയ സാല്മാന് നിസാറിനൊപ്പം രോഹന് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. നിസാര്‍ 30 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കേരളം മേഘാലയയെ ഇന്നിങ്സിന് പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: