തിരുവനന്തപുരം: ഗ്രൂപ്പ് യോഗങ്ങള്‍ കെപിസിസി വിലക്കിയിട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ രാത്രി രഹസ്യ ഗ്രൂപ്പ് യോഗം. ഇന്നലെരാത്രി പത്തോടെയാണ് യോഗം ചേര്‍ന്നത്. ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് അന്വേഷണത്തിന് കെപിസിസി പ്രസിഡന്റ് അയച്ച സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ സെക്രട്ടറി വിപിന്‍ മോഹനും എത്തിയപ്പോഴേക്കും നേതാക്കള്‍ പല വാതിലിലൂടെ പുറത്തേക്ക് ഓടി.
നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും വെറുതെ ഒന്ന് ഇരുന്നതാണെന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം. കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുമ്പോഴാണ് ഗ്രൂപ്പ് യോഗവും കെപിസിസി അധ്യക്ഷന്റെ റെയ്ഡും.
നേരത്തേ, പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി പുതുപ്പള്ളിയിലും എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി, മുന്‍ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുതുപ്പള്ളി അധ്യാപക സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ എ ഗ്രൂപ്പ് നേതാക്കള്‍ തടഞ്ഞിരുന്നു. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പും ഡി സി സി പുനസംഘടനയും ലക്ഷ്യം വച്ചാണ് രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ എം എല്‍ എ ഫണ്ട് വിതരണത്തിന്റെ റിവ്യൂ മീറ്റിംഗ് ആയിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: