കൈതപ്രം (പയ്യന്നൂര്‍): മനുഷ്യനെ ദേവതുല്യനാക്കി ഉയര്‍ത്തുന്ന യാഗങ്ങളില്‍ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനയാഗമായ സോമയാഗത്തിന് വേദഭൂമിയായ കൈതപ്രം ഗ്രാമമൊരുങ്ങുന്നു. സ്മാര്‍ത്തകര്‍മ്മങ്ങളായ ഷോഡശക്രിയകള്‍ക്ക് ശേഷം ഗൃഹസ്ഥനായ ബ്രാഹ്മണനാണ് ശ്രൗതകര്‍മ്മമായ യാഗങ്ങള്‍ ചെയ്യേണ്ടത്. സോമയാഗം ചെയ്ത് സോമയാജിയാവുന്ന ഗൃഹസ്ഥനും ഭാര്യയും ജീവിതാവസാനം വരെ ത്രേതാഗ്നി കെടാതെ-നിത്യവും രണ്ടു നേരം അഗ്നിഹോത്രം ചെയ്ത് സംരക്ഷിക്കണം.
കേരളത്തില്‍ വളരെ അപൂര്‍വ്വവും ഉത്തര കേരളത്തില്‍ 200 കൊല്ലങ്ങള്‍ക്കിപ്പുറം ആദ്യമായുമാണ് സോമയാഗം നടക്കുന്നത്. പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍ ശ്രൗതയാഗ കര്‍മ്മങ്ങള്‍ ധാരാളമായി നടന്നിരുന്നതായി ചരിത്രമുണ്ട്. നാലുദേശങ്ങളിലും അഞ്ചുദേശങ്ങളിലും തലമുറകള്‍ക്ക് മുമ്പ് അഗ്ന്യാധാനം ചെയ്തവര്‍ ഉണ്ടായിരുന്നതായി കേട്ടുകേള്‍വിയുണ്ട്.
വസന്ത ഋതുവില്‍ (ഏപ്രില്‍,മെയ്) ഉത്തരായണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുചേരുന്ന ശുഭദിനത്തിലാണ് യാഗാരംഭം. മെയ് 2,3 തീയതികളിലായി കൈതപ്രം കൊമ്പങ്കുളം ഇല്ലത്ത് നടക്കുന്ന സോമയാഗപൂര്വ്വരംഗമായ അഗ്ന്യാധാനം നടക്കും. വേദ, വ്യാകരണ പണ്ഡിതനായ കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും ഭാര്യ ഉഷ അന്തര്‍ജനവുമാണ് യജമാനപദവി അലങ്കരിക്കുന്നത്.
ആധാനത്തിന്റെ ആദ്യ ദിനം ഋത്വിക്കുകളുടെ വരണം, അര്‍ഹണം, ശ്രദ്ധാഹ്വാനം, വിനിധി, ദേവയജനയാചനം ആയതനപരിഗ്രഹം സര്വ്വൗഷധഹോമം ഉപവസഥ ദ്യൂതം തുടങ്ങി രാത്രിയോളം നിരവധി ചടങ്ങുകള്‍ നടക്കും. രണ്ടാംദിവസം അശ്വത്തെക്കൊണ്ട് ചവുട്ടിച്ച ആഹവനീയകുണ്ഡത്തില് അര്ദ്ധോദയസമയത്ത് സാമഗാനങ്ങളോടെ ആഹവനീയാഗ്നിവിഹരണം. തുടര്‍ന്ന് അഗ്നിഹോത്രം, പവമാനേഷ്ടി, ശുചീഷ്ടി, പാവകേഷ്ടി എന്നീ ഇഷ്ടികളും ഇങ്ങനെ വൈകുന്നേരത്തോളം നിരന്തരം ചടങ്ങുകളുണ്ടാകും.
ശ്രൗതകര്മ്മപുനരുദ്ധാരണപ്രവര്ത്തനങ്ങള്കൊണ്ട് പ്രസിദ്ധി നേടിയ വനിവ്രതന് വൈദികന് എടമന നാരായണന് പോറ്റി മുഖ്യ സംഘാടകോപദേഷ്ടാവായി നടത്തപ്പെടുന്ന യജ്ഞത്തിന്റെ മുഖ്യ വൈദികന് പ്രശസ്ത വേദ-ശ്രൗത പണ്ഡിതനായ ചെറുമുക്കു വൈദികന് ബ്രഹ്മശ്രീ വല്ലഭന് അക്കിത്തിരിപ്പാടാണ്. ഇന്ന് കേരളത്തിലെ ശ്രൗതകര്‍മ്മങ്ങളുടെ അവസാന വിധികര്‍ത്താവും ആ രംഗത്തെ മഹാപണ്ഡിതനും ആയ പന്തല്‍ വൈദികന് ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരി, തൈക്കാടു വൈദികന് ശങ്കരനാരായണന് നമ്പൂതിരി, നാറാസ് മന ഇട്ടിരവി നമ്പൂതിരി, സാമവേദ പണ്ഡിതന്മാരായ തോട്ടം കൃഷ്ണന് നമ്പൂതിരി, തോട്ടം ശിവകരന് നമ്പൂതിരി തുടങ്ങി ഇരുപതോളം വേദശ്രൗതപണ്ഡിതരായ യാജ്ഞികാചാര്യന്മാര് കൈതപ്രം ഗ്രാമത്തിലെത്തും. ആദ്യ രണ്ടു ദിവസത്തെ അഗ്ന്യാധാനചടങ്ങുകള്ക്ക് ശേഷം എല്ലാ ദിവസവും രണ്ടു നേരം നിത്യാഗ്നിഹോത്രം വാവു ദിവസങ്ങളില്‍ ദര്ശപൂര്ണ്ണമാസേഷ്ടി എന്നിവ നടക്കും. ഒരു വര്‍ഷം ഇങ്ങിനെ ആചരിച്ചതിന് ശേഷമാണ് പ്രധാന ചടങ്ങായ അഗ്നിഷ്ടോമസോമയാഗം നടക്കുക. അരണി കടഞ്ഞുണ്ടാക്കുന്ന അഗ്നിയില്‍ മരം കൊണ്ടും മണ്ണ് കൊണ്ടും നിര്‍മ്മിച്ച യജ്ഞപാത്രങ്ങള്‍ കൊണ്ട് നെയ്യ്, പുരോഡാശം, അപ്പപ്പോള്‍ കറന്നെടുക്കുന്ന പശുവില്‍ പാല്, പ്ലാശിന്‍ചമത തുടങ്ങിയ ദ്രവ്യങ്ങളാണ് ഹോമത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.
അധ്വരു, ഹോതാവ്, ഉദ്ഗാതാവ്, ബ്രഹ്മന്‍ ആഗ്നീധ്രന് തുടങ്ങിയവര്‍ യജമാനനും പത്നിക്കും വേണ്ടിയും യജമാനന് ലോകകല്യാണത്തിനുവേണ്ടിയുമാണ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വ്യാകരണം പ്രഫസറും വ്യാകരണവിഭാഗം മുന്‍ അദ്ധ്യക്ഷനുമായ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി, വ്യാകരണത്തില്‍ തന്നെ ഡോക്ടറേറ്റ് നേടിയ ഭാര്യ ഉഷ അന്തര്‍ജനം, സംസ്കൃത വ്യാകരണത്തില്‍ എംഎയും നെറ്റും നേടിയ യജുര്‍വേദം ക്രമപാഠിയായ മകന് സാരസ്വത് മുക്തേശ്വര്‍, വേദവിദ്യാര്ത്ഥിയായ വംശീകൃഷ്ണന് എന്നിവരടങ്ങുന്നതാണ് യാഗം ചെയ്യുന്ന കുടുംബം.
ആഗ്ന്യാധാനത്തിന് മുന്നോടിയായി ഗുരുകുല വിദ്യാഭ്യാസ വ്രതങ്ങളിലവസാനത്തേതായ സമ്മിതവ്രതം മാര്‍ച്ച് 12,13,14 തീയതികളിലും ഏപ്രില്‍ 1,2,3 തീയതികളില്‍ വ്യക്തിക്കും സമഷ്ടിയ്ക്കും വന്നുഭവിച്ചിട്ടുള്ള ബ്രഹ്മഹത്യാ വീരഹത്യാ ഭ്രൂണഹത്യാദി സകല പാപങ്ങള്‍ക്കും പരിഹാരമായും യജമാനന്ന് സര്‍വ്വഥാ കര്‍മ്മശുദ്ധിയും കര്‍മ്മത്തിനുള്ള യോഗ്യതയും നേടിക്കൊടുക്കുന്നതുമായ കൂഷ്മാണ്ഡിഹോമവും ഉണ്ടാകുമെന്ന് ശ്രൗതകര്മ്മപുനരുദ്ധാരണസമിതി കാര്യദര്‍ശി കാനപ്രം ശങ്കരന്‍നമ്പൂതിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: