കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം ശക്തമാകുന്നു. ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാലാം ബ്ലോക്കിലെ അന്തേവാസികള്‍ക്കാണ് പുതിയതായി കൊറോണ വ്യാപനം സ്ഥിരീകരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവരെ ആര്‍ടിപിസിആറിന് വിധേയമാക്കുകയായിരുന്നു. എന്നാല്‍ സഹതടവുകാരെയും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.
മാസ് പരിശോധന നടത്താത്തതിനാല്‍ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇതുവരെ വേര്‍തിരിച്ച് താമസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കടുത്ത ലക്ഷണങ്ങളുള്ളവരെ മാത്രമാണ് മാറ്റി പാര്‍പ്പിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം ശക്തമാകുകയും കൊവിഡ് ബാധിതനായ തടവുകാരന് കഴിഞ്ഞദിവസം മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ അന്തേവാസികളെയും ഉടന്‍ മാസ് പരിശോധന നടത്തി അടിയന്തിരമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് തടവുകാരുടെ ബന്ധുക്കളുടെ ആവശ്യം.
രോഗബാധിതരായ തടവുകാരും അല്ലാത്തവരും ഒരേ ശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് രോഗവ്യാപന തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ആയിരത്തോളം വരുന്ന തടവുകാര്‍ക്ക് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഉച്ചക്ക് 2 മണിക്ക് ശേഷം ജയിലില്‍ ഡോക്ടര്‍മാരുടെ സേവനം പോലും ലഭ്യമല്ലാത്തത് തടവുകാരിലും കടുത്ത മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. അടിയന്തിര ഘട്ടമുണ്ടായാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജില്ലാ ഗവ.ആശുപത്രിയില്‍ രോഗബാധിതരായ തടവുകാരെ കൊണ്ട് പോകേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ജയില്‍ ജീവനക്കാര്‍ക്കുമുണ്ട്.
കൊവിഡ് ബാധിതര്‍ക്കും രോഗം വന്ന് ഭേദമായ തടവുകാര്‍ക്കും പ്രത്യേക ഭക്ഷണമോ വിശ്രമമോ നല്‍കാനോ പോസ്റ്റ് കൊവിഡ് പരിചരണത്തിനോ ജയിലില്‍ സംവിധാനങ്ങളില്ല. ആയിരത്തോളം തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മതിയായ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തിരമായി നിയമിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. കൊവിഡിന് പുറമെ ജയിലില്‍ മഞ്ഞപിത്ത പകര്ച്ചാഭീതിയും ഉയര്‍ന്നിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ ഒരാള്‍ കഴിഞ്ഞദിവസം മഞ്ഞപിത്തം ബാധിച്ച് മരണപ്പെടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: