കുറവിലങ്ങാട്: നവീകരിച്ച എംസി റോഡില്‍ അപകടം വിട്ടൊഴിയുന്നില്ല. അടുത്ത കാലത്തുതന്നെ നിരവധി പേരുടെ ജീവനാണ് എംസി റോഡില്‍ വാഹനാപകടങ്ങളില്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 5.30ഓടെ മോനിപ്പള്ളിയിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവനാണ് നഷ്ടമായത്.
പന്തളം പറന്തല്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് പന്തളം സ്വദേശികളായ ശ്രീജിത്ത്, മനോജ് എന്നിവര്‍ തല്‍ക്ഷണം മരണപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി തിരികെയെത്തുമ്പോള്‍ കാര്‍ മോനിപ്പള്ളിയില്‍ വെച്ച് മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന ടോറസുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ടോറസ് റോഡില്‍ നിന്ന് തെന്നി മാറി റോഡ് സൈഡ് താഴ്ചയിലേക്ക് മറിഞ്ഞു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമിതവേഗവും അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അശാസ്ത്രിയതയും എല്ലാം അപകടത്തിന് കാരണമാകുന്നു. എംസി റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത ക്രമാതീതമായി വര്‍ദ്ധിച്ചു. വളവുകളില്‍ വേഗത കുറയ്ക്കാതെയാണ് പലപ്പോഴും ഡ്രൈവിങ്. സുരക്ഷാ സൂചകങ്ങള്‍ ഏറെ ഉണ്ടെങ്കിലും നിയമം ലംഘിച്ചുള്ള യാത്ര എംസി റോഡിനെ ചോരക്കളമാക്കുന്നു.
ശാസ്ത്രീയമായും സാങ്കേതികവിദ്യ ഉപയോഗിച്ചും റോഡിനു സുരക്ഷ ഒരുക്കുമ്പോഴും ഗതാഗത നിയമ ലംഘനങ്ങള്‍ കാരണമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. സുരക്ഷാ ലൈനുകള്‍, വേഗ നിയന്ത്രണത്തിന് ഹംപുകള്‍ (റിഫ്ലക്ടിങ് സ്റ്റഡ്), അപകട സാധ്യത കണക്കിലെടുത്ത് മറികടക്കാതിരിക്കാനുള്ള സൂചകങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വേഗപ്പാച്ചില്‍. പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെ ഓരോ കിലോമീറ്ററിനുള്ളിലും ശരാശരി 10 വളവുകളെങ്കിലും ഉണ്ടായിരുന്നു. ഇതില്‍ കുറെയൊക്കെ നിവര്‍ത്തി. എന്നാല്‍ പ്രധാന അപകടവളവുകളിലെ അപകടസാധ്യത ഇപ്പോഴും നിലനില്ക്കുന്നു. ഉന്നത നിലവാരത്തില്‍ നവീകരിച്ച റോഡില്‍ മണിക്കൂറില്‍ 70 കിലോമീറ്ററിലധികം വേഗതയില്‍ വാഹനം ഓടിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
നിയമം നോക്കുകുത്തി: ലോറികളില്‍ അമിതഭാരം
സാധാരണ ഒരു ലോറിയില്‍ 10 ടണ്‍ കയറ്റാനേ നിയമം അനുവദിക്കുന്നുള്ളൂ. 20 മുതല്‍ 23 ടണ്‍ വരെ കയറ്റിയാണ് റോഡിലുടെ പായുന്നത്. അമിത ഭാരം കയറ്റിവരുന്ന വലുതും ചെറുതുമായ ലോറികള്‍ മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രികര്ക്കുമെല്ലാം ഭീഷണിയാകുന്നെന്നാണു പരാതി.
വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ പുറത്തേക്കു തള്ളിനില്ക്കുന്ന വലിയ മരത്തടികളുമായി പോകുന്ന ലോറികള്‍ എതിരെയും പിന്നിലൂടെയും വരുന്ന വാഹനങ്ങള്‍ക്കു വലിയ ഭീഷണിയാണ്. മിക്ക ലോറികളിലും അപകട മുന്നറിയിപ്പിനായുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ലോറിയുടെ പുറത്തേക്കു തള്ളി നില്ക്കുന്ന തടിയുടെ ഭാഗങ്ങള്‍ കാണാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ട്.
അമിതഭാരത്താല്‍ വഴിയില്ക്കുടുങ്ങുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ലോറിയുടെ ക്യാബിനെക്കാള്‍ ഉയരത്തില്‍ തടി കയറ്റി വരുന്ന ലോറികള്‍ വൈദ്യുതക്കമ്പികളും കേബിള്‍ വയറുകളുമെല്ലാം നശിപ്പിക്കുന്നതായും പരാതിയുണ്ട്.
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശേരി പോലീസ് സ്റ്റേഷന് പരിധിയിലാണ്.
ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന പാതയും എംസി റോഡാണ്. പെരുന്ന, ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടം, നാഗമ്പടം, തുരുത്തി, കുറവിലങ്ങാട്, വെമ്പള്ളി പ്രദേശങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക് സ്പോട്ടുകള്‍.
കോടിമത നാലുവരിപ്പാത, വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിന് മുന്‍വശം, പാലാത്ര ഭാഗം, തുരുത്തി, പുന്നമൂട്, മിഷന് പള്ളി ഭാഗങ്ങള്‍, ചിങ്ങവനം, ഗോമതിക്കവല, സെമിനാരിപ്പടി, മോനിപ്പള്ളി മുക്കട ജങ്ഷന്, നാഗമ്പടം പാലത്തിനു ശേഷമുള്ള ജങ്ഷന്, നീലിമംഗലം പാലത്തിനു ശേഷമുള്ള വളവ് മോനിപ്പള്ളി മുക്കട ജങ്ഷന്, സെന്‍ട്രല്‍ ജങ്ഷന്, വിമല ജങ്ഷനിലെ വളവ്, ഗാന്ധിനഗര്‍ ജങ്ഷന് എന്നിവിടങ്ങളും അപകടമേഖലകളണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: