മലപ്പുറം: ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകള്‍ നടത്തിയ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് ജേക്കബ് ലൂയിസും കൂട്ടാളിയും പിടിയില്‍. മലപ്പുറം കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ് (44), സഹായി കൊയമ്പത്തൂര് ഉക്കടം സ്വദേശി ജെയ്ലാബ്ദീല്ന്‍ (46) എന്നിവരെ അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സജിത്ത്, എസ്.ഐ. കെ.പി. ചന്ദ്രന്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ അഞ്ച് ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്, കാര്‍ മോഷണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. കൊളത്തൂര്‍ അമ്പലപ്പടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കോര്‍പിയോ മോഷണം പോയതായി പരാതി ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
ടൗണിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുകയും മോഷണമുതല്‍ വാങ്ങുന്ന കൊയമ്പത്തൂര് ഏജന്റുമാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാര്‍ കൊയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊളത്തൂരില്‍ വച്ച് തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു മാലപൊട്ടിക്കല്‍, വാഹനമോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതി ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ പാലക്കാട് മലമ്പുഴ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും വാഹനമോഷണത്തിലേക്ക് തന്നെ തിരിഞ്ഞു.
കൊയമ്പത്തൂര്, പാലക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ബസ്സില്‍ കറങ്ങിനടന്ന് പകല്‍ സമയം വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കണ്ടുവച്ച് രാത്രി വന്ന് അവ മോഷ്ടിക്കുന്ന രീതിയാണ് ഇവരുടേത്. ഇങ്ങനെ മോഷ്ടിക്കുന്ന വാഹനങ്ങള്‍ കൊയമ്പത്തൂര് ഭാഗത്ത് കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം. സന്തോഷ് കുമാര്‍ അറിയിച്ചു. അന്വേഷണ സംഘത്തില്‍ കൊളത്തൂര്‍ സി.ഐ. സജിത്ത്, എസ്.ഐ. കെ.പി. ചന്ദ്രന് എന്നിവര്‍ക്ക് പുറമെ സി.പി. മുരളീധരന്, എന്‍.ടി. കൃഷ്ണകുമാര്‍, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, വിപിന്‍ ചന്ദ്രന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: