കാഞ്ഞാണി: കയർഫെഡിന് നിർമ്മിച്ചു നൽകുന്ന കയറുകളുടെ വില വിപണിയിലെ പ്രതിസന്ധി മൂലം ലഭിക്കാത്തതിനാൽ കൂലി ലഭിക്കാതെ വലഞ്ഞ കരിക്കൊടി കയർ നിർമ്മാണ യൂണിറ്റിലെ തൊഴിലാളികൾ ജീവിക്കാനായി മറ്റു മാർഗങ്ങൾ തേടുകയാണ്. കോവിഡ് കാലത്തുണ്ടായ വിപണിയിലെ മാന്ദ്യം കാരണം ഇവരിൽ നിന്നും ശേഖരിക്കുന്ന കയറുകൾ കയർ ഫെഡിന് വിറ്റഴിക്കാൻ കഴിയാത്തതാണ് തൊഴിലാളികൾക്ക് കൂലി കിട്ടാതെ ജീവിതം ദുരിതത്തിലാക്കിയത്.
കരിക്കൊടി കയർ വ്യവസായ സഹകരണ സംഘത്തിൽ നീക്കിയിരുപ്പ് സംഖ്യ ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് നൽകേണ്ട കൂലിയുടെ കുടിശിഖ തീർക്കാനും കഴിഞ്ഞില്ല. മേഖലയിൽ പുലാമ്പുഴ കരിക്കൊടിയും, ചെമ്മാപ്പിള്ളിയിലും മാത്രമാണ് കയർ നിർമ്മാണ യൂണിറ്റുകൾ ഉള്ളത്. സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടലിൽ തൊഴിലാളികൾക്ക് വേതനം കൃത്യമായി ലഭിക്കാനുള്ള മാർഗം ഉണ്ടാക്കണമെന്നും, അല്ലാത്ത പക്ഷം പരമ്പരാഗതമായ ഒരു വ്യവസായം അടച്ചു പൂട്ടേണ്ട അവസ്ഥയുമാണെന്ന് തൊഴിലാളികൾ പറയുന്നു.
പുനർജന്മം 2010 ൽ
പുലാമ്പുഴയിലുള്ള കരിക്കൊടി കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ആദ്യ നാളുകളിൽ നല്ല രീതിയിൽ ഉത്പാദനം നടന്നിരുന്ന കയർ യൂണിറ്റ് പലവിധ പ്രശ്നങ്ങളെ തുടർന്ന് 25 വർഷം അടഞ്ഞു കിടന്നു. തുടർന്ന് 2010 ൽ അന്തിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സന്റെ നേതൃത്വത്തിൽ ഭരണ സമിതിയുണ്ടാക്കിയ ശേഷം പൂട്ടിക്കിടന്നിരുന്ന കയർ യൂണിറ്റ് പുനരാരംഭിച്ചു. 21 സെന്റ് ഭൂമിയിൽ ഓലമേഞ്ഞ സ്ഥലത്തായിരുന്നു പഴയ യൂണിറ്റ് . തൊഴിലാളികളെ സംഘടിപ്പിച്ച് പരിശീലനം നൽകുകയും കയർ നിർമ്മാണ യൂണിറ്റിന് വേണ്ട സൗകര്യങ്ങൾക്കായി എ.വി.ശ്രീവത്സന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകി.
തുടർന്ന് കെട്ടിടം പണിയാനായി 18 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിച്ചു. 10 ഇലക്ട്രോണിക് റാട്ടും ഇതോടൊപ്പം കിട്ടിയിരുന്നു. പിന്നീട് 30 ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിലുള്ള 10 ഓട്ടോമാറ്റിക് സ്പിന്നിങ്ങ് മില്ലുകളും ഇവിടെ സ്ഥാപിച്ചു. ചകിരിയടിച്ച് നാരാക്കുന്ന പ്രവർത്തിക്ക് അധ്വാനമുള്ളതിനാൽ ഈ ജോലിക്ക് തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. 24 പേർ ജോലിക്ക് ഉണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 14 പേർ മാത്രമാണ് ഉള്ളത്. ഓട്ടോമാറ്റിക് സ്പിന്നിംഗ് മിൽ, ഡീഫൈബറിങ്ങ് എന്നിവയാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.
നിർമ്മാണവും പ്രതിസന്ധിയും
നാട്ടിൽ നിന്നും സ്വകാര്യ വ്യക്തികൾ ശേഖരിക്കുന്ന ചകിരി ഇവരുടെ കയ്യിൽ നിന്ന് ഒന്നിന് 1.60 രൂപക്കാണ് കയർ യൂണിറ്റിലേക്ക് വാങ്ങുന്നത്. ചകിരിയടിച്ച് നാരാക്കി വൃത്തിയാക്കി കയറാക്കി ചുറ്റിയ ശേഷം വാഹനത്തിൽ കയർ ഫെഡിന്റെ പറവൂരിലുള്ള കേന്ദ്രത്തിലെത്തിക്കും. ഒരു മാസം 300 മുതൽ 600 ടൺ വരെ കയർ ഇവിടെ ഉദ്പാദിപ്പിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയതോടെ കയർ യൂണിറ്റിലെ തൊഴിലാളികളും കൃത്യമായി വേതനം ലഭിക്കാതെ ദുരിതത്തിലായി. പലർക്കും മറ്റു ജോലി തേടി പോകേണ്ടി വന്നു. 10 പേരുടെ ഒഴിവാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്. കയർഫെഡ് ശേഖരിക്കുന്ന കയറുകൾ വിപണിയിൽ യഥാസമയം വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ കയർ യൂണിറ്റുകളിലേക്ക് നൽകേണ്ട തുക നൽകാൻ കഴിയാതായി. ഇടക്ക് വല്ലപ്പോഴും നൽകുന്ന ചെറിയ തുക കൊണ്ട് നിത്യ ചിലവിന് പോലും ബുദ്ധിമുട്ടായതോടെയാണ് മിക്കവരും ഈ മേഖല വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: