ഇടുക്കി: പൊന്മുടിയില് കെഎസ്ഇബിയുടെ കൈവശമിരുന്ന റവന്യൂ ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്റ് വി എം കുഞ്ഞുമോന് തടഞ്ഞു. മുൻ മന്ത്രി എം.എം മണിയുടെ മരുമകനാണ് വി.എം കുഞ്ഞുമോന്. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് കുഞ്ഞുമോന്റെ വാദം.
പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ വകുപ്പ് വക ഭുമിയാണെന്ന് 2019 ഒക്ടോബറിൽ അന്നത്തെ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പൂഴ്ത്തിവച്ചാണ് ഭൂമി കൈമാറ്റം നടന്നത്. ഉടുമ്പൻചോല തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശനാണ് റിപ്പോർട്ട് നൽകിയത്. ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക് കൈമാറിയതിന്റെ രേഖകളും കണ്ടെത്താനായിട്ടില്ല.
ഭൂമി സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രാജാക്കാട് വില്ലേജില്‍പ്പെട്ട ഇവിടെ റവന്യൂ തരിശുഭൂമി മാത്രമേയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. ഭൂമി കെഎസ്ഇബിയുടെ കൈവശമാണെങ്കിലും കരമടയ്ക്കാത്തതിനാല്‍ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനു തന്നെയാണ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്.
മൂന്നു സർവേയർമാർ അടങ്ങുന്ന സംഘമാണ് പ്രഥമിക പരിശോധന നടത്തുന്നത്. ഹൈഡൽ ടൂറിസം പദ്ധതികൾക്കായി കെഎസ്ഇബി ഭൂരിഭാഗം സ്ഥലങ്ങളും കൈമാറിയത് നടപടികൾ പാലിക്കാതെയാണ്. സർക്കാരിന്റെയും കെഎസിഇബി ഫുൾ ബോർഡിന്റെയും അനുമതിയില്ലാതെയായിരുന്നു ഭൂമി കൈമാറ്റം.
ഇടുക്കിയിൽ മാത്രം മൂന്നാർ, പൊന്മുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ചെങ്കുളം എന്നിങ്ങനെ പത്തു സ്ഥലങ്ങളിലാണ് കെഎസ്ഇബി ഭൂമി പാട്ടത്തിനു നൽകിയത്. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് കൂടുതൽ സ്ഥലങ്ങളും ലഭിച്ചത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് സർക്കാരിന്റെയും കെഎസിഇബിയുടെയും അനുമതിയുള്ളത്. പ്രാദേശിക സഹകരണ സംഘങ്ങൾക്കൊപ്പം ചില കടലാസ് സൊസൈറ്റികൾക്കും ഭൂമി നൽകി. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയേറ്റർ ആൻറ് ഹൊറർ ഹൗസിനായി കരാറെടുത്ത സ്പർശം ടൂറിസം ആന്റ് ചാരിറ്റബിൾ സൊസൈറ്റി അത്തരത്തിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: