പരപ്പ: ഒന്നരപ്പതിറ്റാണ്ടിലധികം കാലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപന ജീവിതത്തില്‍ നിന്ന് വഴിമാറി ഇന്ന് പരപ്പ ടൗണില്‍ ചുമട്ടുകാരനായി ജോലി ചെയ്യുകയാണ് എം.കെ.സതീഷ്. ചുമലിലേറ്റുന്ന ഭാരങ്ങളുടെ ബലത്തില്‍ ജീവിത ഭാരമിറക്കിവെക്കാന്‍ പാടുപെടുന്ന ഈ ചെറുപ്പക്കാരനെപ്പോലുള്ളവര് വൈറ്റ്കോളര്‍ ജോലി മാത്രമാണ് മികച്ചതെന്ന് കരുതി ജീവിതം പാഴാക്കുന്ന യുവതലമുറക്ക് മുന്നില്‍ ഒരു പാഠമാണ്.
1995 ല്‍ ഒന്നാം ക്ലാസോടെ എസ്എസ്എല്‍സിയും, കമ്പല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ നിന്നും നല്ല മാര്‍ക്കോടെ പ്ലസ്ടു പാസായ എം.കെ.സതീഷ്, നീലേശ്വരം പ്രതിഭ കോളേജില്‍ നിന്നും ബിരുദ – ബിരുദാനന്തര കോഴ്സ് പഠനത്തോടൊപ്പം തന്നെ അദ്ധ്യാപനവും തുടര്‍ന്നു. സെയില്സ്മാന്, സോഡാക്കമ്പനിയിലെ ജോലി, തുമ്പാപ്പണി, കിണര്‍ കുത്തല്, കോണ്‍ക്രീറ്റ് വാര്‍ക്കപ്പണി, ചെത്ത് കല്ല് ലോഡിങ്ങ്, തട്ടുകട, തുടങ്ങി സ്വന്തം അദ്ധ്വാനത്തിലൂടെ പഠനത്തിനും ജീവിതത്തിനുമുള്ള വക കണ്ടെത്തി.
പരപ്പ ബുദ്ധ കോളേജ്, ലയോള കോളേജ് കുന്നുംകൈ, നവഭാരത് പരപ്പ, സെന്റ് മേരീസ് ചെറുപനത്തടി, സെന്റ് തോമസ് മാലോം, ഡിവൈന്‍ കാഞ്ഞങ്ങാട്, സ്കോളര്‍ കോളേജ്, ചെമ്മനാട് ജമാഅത്ത് കോളേജ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളായ നെഹ്റു കോളേജ്, കണ്ണൂര്‍ എസ്എന്‍ കോളേജ്, എന്നിവിടങ്ങളിലൊക്കെയും അദ്ധ്യാപകനായി ജോലി ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷനുകളിലുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ സമാന്തര സ്ഥാപനങ്ങളില്‍ നിന്നും ഇല്ലാതായി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വരവോട് കൂടി വിദൂര വിദ്യാഭ്യാസ സമ്പ്രദായവും ഒപ്പം സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സമാന്തര സ്ഥാപനളുടേയും ഒപ്പം അദ്ധ്യാപകരുടേയും നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.
ഇത്തരം സ്ഥാപനങ്ങള്‍ നടത്തിയിരുന്ന പല കോഴ്സുകളും ഇന്ന് സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ക്ക് മാത്രം നിജപ്പെടുത്തിയതും മറ്റൊരു വെല്ലുവിളിയാണ്. അതിജീവനത്തിനായി പാടുപെടുന്ന പാരലല്‍ കോളേജുകളില്‍ നിന്നും അദ്ധ്യാപകര്‍ പടിയിറങ്ങി. മറ്റു തൊഴില്‍ മേഖലകളിലേക്ക് ചേക്കേറി തുടങ്ങിക്കഴിഞ്ഞു. നിലനില്‍പ്പിനായുള്ള ജീവിതത്തില്‍ മറ്റൊരു തൊഴില്‍ അദ്ധ്യായത്തിന്റെ രചനയ്ക്കായി വേഷപ്പകര്‍ച്ചകള്‍ സ്വീകരിക്കുകയാണ് മിക്ക പാരലല്‍ കോളേജുകളിലെയും അദ്ധ്യാപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: