ഇടതു-വലതു മുന്നണികള്‍ സഹകരണമുന്നണിയായി പ്രവര്‍ത്തിക്കുന്നതിന്റെ നേര്‍ച്ചിത്രമാണ് നിയമസഭാ സമ്മേളനത്തിന് തുടക്കംകുറിച്ച് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഇരുപക്ഷവും സ്വീകരിച്ച ശത്രുതാപരമായ സമീപനം. ഗവര്‍ണറാണ് നടത്തുന്നതെങ്കിലും നയപ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായാണ് കരുതപ്പെടുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് നടത്തിയ നയപ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തിലും അനുകൂലമായി പ്രതികരിക്കാതിരുന്ന ഭരണപക്ഷം സര്‍ക്കാരിന്റെ പരാജയം സ്വയം സമ്മതിക്കുന്നതുപോലെയായിരുന്നു. ഗവര്‍ണറെന്ന നിലയ്ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള തന്റെ വിവേചനാധികാരത്തില്‍ കൈകടത്തുന്ന പിണറായി സര്‍ക്കാരിനെ നിലയ്ക്കു നിര്‍ത്തുന്ന നടപടികള്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഉണ്ടാകുന്നതാണ് പ്രതിപക്ഷത്തെയും അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. സര്‍വകലാശാലാ വിസി നിയമന വിഷയത്തിലായാലും ലോകായുക്ത നിയമഭേദഗതി ചെയ്തതിലായാലും ഗവര്‍ണറെ തള്ളിപ്പറഞ്ഞ് സര്‍ക്കാരിനൊപ്പം നില്ക്കുന്ന സമീപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്വീകരിക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷത്തിനിടയാക്കിയിരുന്നു. നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളിച്ച് നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷം പിണറായി സര്‍ക്കാരിന് വിടുപണി ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു.
മുസ്ലിം സമുദായത്തെ അധപ്പതിപ്പിക്കുകയും, അവരില്‍ ദേശവിരുദ്ധ മനോഭാവം സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്ലാമിക മതമൗലികവാദത്തിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുള്ള വ്യക്തിയായതുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വര്‍ഗീയ പ്രീണനം നടത്തുന്നതില്‍ പരസ്പരം മത്സരിക്കുന്ന ഇരുമുന്നണികളും ഗവര്‍ണറുടെ ശത്രുപക്ഷത്താണ് തങ്ങളെന്ന് വരുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിയെന്നതു മാനിക്കാതെ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും മതമൗലികവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ് ശ്രമം. ചരിത്രത്തിലും ഭരണഘടനയിലുമൊക്കെ അഗാധമായ പാണ്ഡിത്യമുള്ള, ആദര്‍ശത്തിന്റെ കാര്യത്തില്‍ ആരോടും വിട്ടുവീഴ്ച ചെയ്യാത്ത ആരിഫ് മുഹമ്മദ് ഖാനാണ് കേരളത്തില്‍ ഗവര്‍ണറായി വരുന്നതെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ഒരുപോലെ അസ്വസ്ഥരാവാന്‍ തുടങ്ങിയതാണ്. കണ്ണൂരില്‍ ചേര്‍ന്ന ചരിത്ര കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ജിഹാദി മാര്‍ക്സിസ്റ്റെന്ന് വിളിപ്പേരുള്ള ഇര്ഫാന് ഹബീബിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചത് പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. ഇതില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ പ്രതിപക്ഷം തയ്യാറാവാതിരുന്നത് ഇസ്ലാമിക മതമൗലികവാദികളുടെ അനുഭാവം നേടിയെടുക്കുന്നതിനാണ്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് ചരിത്ര കോണ്‍ഗ്രസിലെ ഇടതുപക്ഷ അസഹിഷ്ണുതയ്ക്കും അക്രമത്തിനുമെതിരെ രംഗത്തുവന്നത്.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നയങ്ങളോടും നടപടികളോടും വിയോജിക്കുന്നതും എല്ലാറ്റിന്റെയും കാരണഭൂതനെന്ന് ഭാവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാത്തതുമാണ് ഭരണപക്ഷത്തെ ഗവര്‍ണര്‍ക്കെതിരാക്കുന്നത്. ഗവര്‍ണര്‍ എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്നൊക്കെ തങ്ങള്‍ തീരുമാനിക്കും എന്ന മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഗവര്‍ണര്‍ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പൊതുഭരണ സെക്രട്ടറി കത്തെഴുതുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത നടപടി എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ വിവാദപുരുഷനായ പൊതുഭരണ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നു സര്‍ക്കാരിനു മാറ്റേണ്ടിവന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി എടുക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് അനുവദിക്കാനുള്ള നീക്കത്തോടും ഗവര്‍ണര്‍ വിയോജിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ചയാവാമെന്ന നിലപാടിലേക്ക് സര്‍ക്കാരിന് വഴങ്ങേ ണ്ടിവന്നു. ഇതിനുശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്. പണ്ട് നായനാരുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് സിപിഎം നേതാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ഇഷ്ടക്കാരന് സുഖ്ദേവ്സിങ് കാങ് എന്നൊരാളെ ഗവര്‍ണറാക്കുകയുണ്ടായി. ഇതുപോലൊരാള്‍ ഗവര്‍ണറാകണമെന്നാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും ആഗ്രഹിക്കുന്നത്. അതിനു നിന്നുകൊടുക്കില്ലെന്ന പ്രഖ്യാപനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്നത്. ഗവര്‍ണര്‍പദവിയുടെ അന്തസ്സ് നിലനിര്‍ത്താനും സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് തടയിടാനും ഇത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: