തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ വികസന കുതിപ്പ് ഉത്പാദന മേഖലയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലന്ന കുമ്പസാരവുമായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടര്‍ച്ചയുണ്ടാകണമെന്നും ആസൂത്രണ നിര്‍വ്വഹണത്തില്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടെ പോരായ്മ മറികടക്കാന്‍ സാധിക്കണമെന്നും തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ഐസക് പറഞ്ഞു
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 വര്‍ഷങ്ങള്‍ അഭിമാനിക്കാന്‍ ഏറെ ഉണ്ടെങ്കിലും കഴിഞ്ഞകാലങ്ങളില്‍ നില്‍ക്കാതെ കൂടുതല്‍ മുന്നോട്ടു കുതിക്കണം. ഗ്രാാമസഭകള് സജീവമാക്കുന്നതോടൊപ്പം കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ മൈക്രോ സംഘങ്ങളെ ഉപഗ്രാമസഭകളായി അംഗീകരിക്കണമെന്നും സന്നദ്ധ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പഴയ നിലവാരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ തലമുറയെ കൂടി ഇതിന്റെ ഭാഗമാകണമെന്നും അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്താന്‍ ക്യാമ്പയിനുകള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. കേരളത്തിലെ വയോജനങ്ങള്‍ക്ക് പ്രയോജനകരമാകും വിധം പദ്ധതികള്‍ കൊണ്ടുവന്നാല്‍ അവര്‍ക്കിടയിലുള്ള ഒറ്റപ്പെടലിന് പരിഹാരം കാണാന്‍ സാധിക്കും ഐസക് പറഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ വികസന പരിപ്രേക്ഷ്യങ്ങള്‍ ക്രോഡികരിക്കണമെന്നും ഇത്തരം രേഖകള്‍ ഭാവിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. അധികാര വികേന്ദ്രീകരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കുട്ടിപ്പതിപ്പ് നിര്‍മ്മാണം അല്ലെന്നും പ്രാതിനിധ്യ ജനാധിപത്യത്തിന് അപ്പുറത്ത് ജനങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യപ്രക്രിയായി ജനകീയാസൂത്രണ പരിപാടികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സെമിനാറില്‍ ഓണ്‍ലൈന്‍ വഴി പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: