ഹൈദരാബാദ്: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തന്റെ അമ്മക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെയും മധുമതിയുടെയും പുത്രന് അവിനാശ്. എന്റെ അമ്മയെപ്പറ്റിയാണ് ആരോപണങ്ങള്‍ ഉയരുന്നത്. 1966ലാണ് അമ്മയുടെ ജനനം. 2017ല്‍ ശബരിമലക്ഷേത്രത്തിലേക്ക് കൊടിമരം സംഭാവന ചെയ്തിരിക്കുന്നതും ഞങ്ങളാണ്. എനിക്ക് 34 വയസ്സാണ്. വെറുതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അദേഹം പറയുന്നു
ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്സ് ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയത്.
അതിനിടെ ശബരിമലക്കെതിരെ സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപനും രംഗത്തെത്തി. ദര്‍ശനത്തിനെത്തിയത് യുവതികളല്ല. കുപ്രചാരണത്തിന് പിന്നില്‍ കുബുദ്ധികളാണ്. ദര്‍ശനം നടത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
കുംഭമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തിയ തെലുങ്കുനടന്‍ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന് ചിത്രങ്ങള്‍ സഹിതം സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആണ് അവരുടെ ജനന വര്‍ഷം. അതിനാല്‍ തന്നെ ഇതില്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ലെന്ന് എ. അനന്തഗോപന്‍ പറഞ്ഞു. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: