ആരാ മൂപ്പര്? സില്‍മാ നടനാ?” സുഹൃത്തായ പ്രാദേശിക പത്രപ്രവര്‍ത്തകന്റെ സംശയം.
ജന്മഭൂമി” പത്രത്തിന് വേണ്ടി നെഹ്റു കപ്പ് അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ താടിക്കാരനെ ചൂണ്ടിയാണ് ചോദ്യം. ഞാനുമായുള്ള സൗഹൃദ സംഭാഷണം അവസാനിപ്പിച്ച് ഉച്ചഭക്ഷണത്തിന് മുന്നോടിയായുള്ള സൂപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു താടി. ഞങ്ങളുടെ ഇടതടവില്ലാത്ത സംസാരം ദീര്‍ഘനേരമായി കൗതുകപൂര്‍വ്വം കണ്ടുകൊണ്ടിരുന്ന സുഹൃത്തിനാണിപ്പോള് അപരിചിതന് ആരെന്നറിയാന്‍ ജിജ്ഞാസ,
അയാള്‍ നടനൊന്നുമല്ല. കളിയെഴുത്തുകാരനാണ്. നെഹ്റു കപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ്..” എന്റെ മറുപടി.
അല്ല. എവിടെയോ കണ്ട പോലെ. നല്ല മൊഖ പരിചയം.” പ്രാദേശികന് വീണ്ടും.
അപ്പോ അതാണ് കാര്യം. നേരില്‍ പരിചയപ്പെടും മുന്‍പ് എന്റെയും തോന്നല്‍ അതായിരുന്നല്ലോ എന്നോര്‍ത്തു അപ്പോള്‍. കണ്ടിട്ടുണ്ടാകും. മിക്ക ദിവസവും വൈകീട്ട് ദൂരദര്‍ശനില്‍ ന്യൂസ് വായിക്കാന്‍ വരും മൂപ്പര്. ബാലകൃഷ്ണന്…”
സംശയാലുവായ സുഹൃത്തിന്റെ മുഖഭാവം ഞൊടിയിടയില്‍ മാറുന്നു. കയ്യിലെ സൂപ്പിന് കിണ്ണവും സ്പൂണുമായി ടിയാന് നേരെ ബാലകൃഷ്ണന്റെ മുന്നിലേക്ക് ഒരു കുതിപ്പ്: ഹലോന്‍ ഭായീ, ദിവസോം കാണാറുണ്ട് ങ്ങളെ ട്ടോ. വായന സ്വയമ്പന്‍….” കോഴിക്കോടന്‍ ആക്സന്റില്‍ കാച്ചിക്കുറുക്കിയെടുത്ത ആ പ്രസ്താവന കേട്ട് ഞെട്ടിത്തിരിയുന്നു ബാലകൃഷ്ണന്. പിന്നെ ഭവ്യതയോടെ തല കുനിച്ചു നന്ദി പറയുന്നു. സംശയാലുവിന് ആഹ്ലാദം, ആത്മനിര്‍വൃതി.
ബാലകൃഷ്ണനുമായുള്ള ആദ്യകൂടിക്കാഴ്ച്ചയിലെ രസികന്‍ രംഗങ്ങളില്‍ ഒന്ന്. മൂന്നര ദശാബ്ദം മുന്‍പ് കോഴിക്കോട് നഗരം ആദ്യമായി ആതിഥ്യം വഹിച്ച നെഹ്റു കപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ലേഖകര്‍ക്ക് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് പ്രമുഖ ഹോട്ടലില്‍ ഒരുക്കിയ ഉച്ചവിരുന്നായിരുന്നു വേദി. വി കെ എന്‍ ശൈലി കടമെടുത്താല്‍ ഞങ്ങളിരുവരും താരതമ്യേന തുടക്കക്കാരായ കീറക്കടലാസുകാര്. ഞാന്‍ കൗമുദിയുടെ ട്രെയിനീ പ്രാവ്.” ബാലകൃഷ്ണന് ജന്മഭൂമിയുടെയും. ആദ്യ സംഭാഷണം തുടങ്ങിയതും ഒടുങ്ങിയതും കളിയെഴുത്തിലെ കുലപതിയായ വിംസിയിലാണ്. എന്നെപ്പോലെ വിംസിയുടെ ഭാഷാശൈലിയുടെ കടുത്ത ആരാധകനായിരുന്നല്ലോ ബാലകൃഷ്ണനും.
വിരുന്നിനിടെ ന്യൂസ് റീഡറെ തിരിച്ചറിഞ്ഞു പരിചയപ്പെടാന്‍ വന്ന സംഘാടകരിലൊരാളുടെ നിഷ്കളങ്കമായ ചോദ്യം ഇന്നുമുണ്ട് ഓര്‍മ്മയില്‍: മ്മടെ ഭാര്യ ങ്ങടെ വല്യ ഫാനാണ് ട്ടോ. പക്ഷേ ഓള്‍ക്കൊരു കംപ്ലെയിന്റ്ണ്ട്. ഇങ്ങള് വാര്‍ത്ത വായിക്കുമ്പോ അധികം വികാരം കൊടുക്കുന്നില്ലാ പോലും. കൊറച്ചും കൂടി ഫീലിംഗ്സ് കൊടുത്തൂടേ ന്നാ ഓള്‍ടെ ചോദ്യം..”
പൊടുന്നനെ ബാലകൃഷ്ണന്റെ മുഖത്തെ ചിരി മാഞ്ഞു. ചോദ്യകര്‍ത്താവിന്റെ ചുമലില്‍ സൗഹാര്‍ദ്ദപൂര്‍വം തലോടി അദ്ദേഹം. എന്നിട്ട് പറഞ്ഞു: ഭഭസുഹൃത്തേ, വാര്‍ത്ത വായിക്കുമ്പോ അങ്ങനെ തോന്നുംപടി വികാരം കൊണ്ടാല്‍ ശര്യാവുമോ? വലിയ നേതാക്കന്മാര് മരിച്ച വാര്‍ത്ത പറയുമ്പോ ഉള്ളില്‍ വിഷമം ഉണ്ടാകും. പക്ഷേ അത് ഉള്ളില്‍ അടക്കിവെക്കാനാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. അറിയാതെ തൊണ്ടയെങ്ങാനും ഇടറിപ്പോയാലോ? ക്രിക്കറ്റില്‍ ഇന്ത്യ തോറ്റൂന്ന് പറയുമ്പോ പൊട്ടിക്കരഞ്ഞാല്‍ ആളുകള്‍ പരിഹസിക്കില്ലേ? അതുപോലെ ഇന്ത്യ ലോകകപ്പ് ജയിച്ച വാര്‍ത്ത പറയുമ്പോ ആഹ്ലാദം അടക്കാനാകാതെ എണീറ്റ് നിന്ന് വിസിലടിച്ചാലോ ? എന്തൊരു ബോറായിരിക്കും എന്നാലോചിച്ചുനോക്കു. പറഞ്ഞാല്‍ നിങ്ങളുടെ ഭാര്യക്ക് മനസ്സിലാകും എന്നാണ് എന്റെ വിശ്വാസം…”
ബാലകൃഷ്ണന്റെ മുഖത്തെ ഗൗരവഭാവം കണ്ട്, പറഞ്ഞത് കളിയോ കാര്യമോ എന്നറിയാതെ പകച്ചുനിന്ന സംഘാടകന്റെ മുഖം മറന്നിട്ടില്ല.
ജന്മഭൂമി” റിപ്പോര്‍ട്ടറെയല്ല ദൂരദര്‍ശനിലെ വാര്‍ത്താവതാരകനും സിലബ്രിറ്റി”യുമായ ബാലകൃഷ്ണനെ പരിചയപ്പെടാന്‍ തിരക്കുകൂട്ടിയവരായിരുന്നു അവിടെ അധികവും. സിനിമാതാരങ്ങളുടെ ഗ്ലാമറാണ് അന്ന് ദൂരദര്ശന് താരങ്ങള്‍ക്ക്. ടെലിവിഷന്‍ കേരളത്തില്‍ തരംഗമായിത്തുടങ്ങിയിട്ടേയുള്ളൂ. സ്വകാര്യ ചാനലുകള്‍ രംഗപ്രവേശം നടത്തിയിട്ടില്ല. കുടുംബാംഗങ്ങളെ പോലെയാണ് ഓരോ മലയാളിക്കും ഡി ഡിയിലെ വാര്‍ത്താ വായനക്കാര്‍. ബാലകൃഷ്ണന് മാത്രമല്ല, കണ്ണന്, ഹേമലത, രാജേശ്വരി മോഹന്‍, മായ, ഡോ സന്തോഷ്, കെ ശ്രീകണ്ഠന് നായര്‍…. പിന്നെ ഇന്ദു, ഷീല രാജഗോപാല്‍, ജോണ്‍ സാമുവല്‍, ആശ ഗോപന്, ശ്രീകല, കലാദേവി, കൃഷ്ണകുമാര്‍ തുടങ്ങിയ അവതാരകര്‍; ജോണ്‍ ഉലഹന്നാനെപ്പോലുള്ള റിപ്പോര്‍ട്ടര്‍മാര്‍. എല്ലാവരും മലയാളിക്ക് സ്വന്തം സുജായിമാര്, തൊട്ട അയല്പക്കക്കാര്.
ശാന്തിയും സമാധാനവും അല്‍പ്പം ഗൗരവവും നിറഞ്ഞ ഏര്‍പ്പാടായിരുന്നു അന്നത്തെ വാര്‍ത്താ വായന. ഇന്നത്തെപ്പോലെ ദിവസവും എട്ടു മണിക്ക് വാളും ചുരികയും വായ്ത്താരിയുമായി അരയും തലയും മുറുക്കി എടുത്തുചാടേണ്ട അങ്കക്കളരിയല്ല. അന്നന്നത്തെ ഗൗരവമാര്‍ന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് കോമഡിപ്പരുവമാക്കി മാറ്റുന്ന പതിവുമില്ല. വാര്‍ത്ത ജനങ്ങളെ അറിയിക്കുക എന്നത് മാത്രമായിരുന്നു ധര്‍മ്മം. അത് അരോചകമല്ലാത്ത ശബ്ദത്തില്‍ ഉച്ചാരണ ശുദ്ധിയോടെ ആവണമെന്നും ഉണ്ട് നിഷ്കര്‍ഷ.
ഇന്നിപ്പോള്‍ എല്ലാം അറുപഴഞ്ചനും അണ്പ്രൊഫഷണലുമായി തള്ളിക്കളയാം നമുക്ക്. തര്‍ക്കങ്ങളും തമ്മിലടിയുമാണല്ലോ നാട്ടുനടപ്പ്. എങ്കിലും അന്നത്തെ വായനയ്ക്കൊരു അന്തസ്സുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ നിരവധി. പേരുകള്‍ തെറ്റിച്ചു പറയുന്നവരെയും വാക്കുകള്‍ വികലമായി ഉച്ചരിക്കുന്നവരെയും സമൂഹം തന്നെ ഗുണദോഷിച്ചിരുന്നു അന്ന്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും ആയിരക്കണക്കിന് കത്തുകളാണ് ആഴ്ച്ച തോറും ദൂരദര്ശന് കേന്ദ്രത്തില്‍ വന്നെത്തുക.
ടെലിവിഷന്‍ സ്ക്രീനിലെ സ്ക്രോളുകള്‍ ട്രോളുകളേക്കാള്‍ ഭീകര ഹാസ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസം തോന്നാം…അക്ഷരത്തെറ്റൊക്കെ ഇത്ര വലിയ സംഭവമാണോ” എന്ന് പുച്ഛത്തോടെ ചോദിക്കുന്നവരും ധാരാളം. അതൊക്കെ കാലഹരണപ്പെട്ട കോണ്‍സെപ്റ്റ്സ് അല്ലേ? വിത്യാര്‍ത്തി എന്നും വിത്യപ്യാസം എന്നൊക്കെ പറയുന്നതിലെന്തുണ്ട് തെറ്റ്? ആശയം മനസ്സിലാക്കുകയല്ലേ പ്രധാനം? മറുചോദ്യങ്ങള്‍ നീളുന്നു.
ആ പഴഞ്ചന്‍” കാലത്തിന്റെ പ്രതിനിധിയായിരുന്നു ബാലകൃഷ്ണനും. പെരുമാറ്റത്തിലെന്നപോലെ എഴുത്തിലും പ്രസാദാത്മകത കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ച ഒരാള്‍. പിന്നെയും നിരവധി കായിക മത്സരവേദികളില്‍ കണ്ടുമുട്ടി ഞങ്ങള്‍. ആശയങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചു. ഇടക്ക് ജന്മഭൂമി വിട്ട് മറ്റു പല തട്ടകങ്ങളിലും കയറിയിറങ്ങിയിരുന്നു ബാലകൃഷ്ണന്; ദൂരദര്‍ശനിലെ വാര്‍ത്താ വായനക്കാരന്റെ റോള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ. ദൂരദര്ശന് വിട്ട ശേഷം ജനം ടി വിയിലേക്കായിരുന്നു യാത്ര. അവിടെ വായനക്കാരനായി അഞ്ചാറ് വര്‍ഷം. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ എഴുത്തും വായനയും പ്രഭാഷണങ്ങളുമായി കൊരട്ടിയിലെ സ്വന്തം വീട്ടിലുണ്ട് ബാലകൃഷ്ണന്.
നിങ്ങള്‍ പാട്ടിനെക്കുറിച്ചെഴുതുന്നതൊക്കെ വായിക്കാറുണ്ട്.” കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ബാലകൃഷ്ണന് പറഞ്ഞു. എന്നാലും ചെറിയൊരു സങ്കടമുണ്ട്. കളിയെഴുത്ത് ഉപേക്ഷിക്കേണ്ടിയിരുന്നില്ല. ഞാന്‍ ആസ്വദിച്ച് വായിച്ചിരുന്നു ആ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും. അതൊരു നല്ല കാലമായിരുന്നില്ലേ?.”
നിശ്ശബ്ദനായി കേട്ടിരിക്കുക മാത്രം ചെയ്തു. ഓര്‍മ്മയുടെ കളിക്കളത്തില്‍ വീണ്ടുമൊരു പന്തുരുണ്ട പോലെ. ശരിയാണ്, ബാലകൃഷ്ണന്..” മനസ്സ് മന്ത്രിക്കുന്നു. അതൊരു നല്ല കാലമായിരുന്നു. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത അപൂര്‍വ്വസുന്ദര സൗഹൃദങ്ങളുടെ കാലം…”
രവിമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: