കോട്ടയം: നിഖിലിന് കൃഷി കുട്ടിക്കളിയല്ലെന്ന് നാടൊട്ടുക്ക് തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോള്‍. കിലോക്കണക്കിന് വെണ്ടയും തക്കാളിയും പയറുമൊക്കെ സ്വന്തം കൈ കൊണ്ട് വിളയിച്ചെടുത്താണ് കൂരോപ്പട പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വി. നിഖില്‍ എന്ന ഒന്‍പത് വയസുകാരന് ജില്ലയിലെ രണ്ടാമത്തെ മികച്ച കുട്ടി കര്‍ഷനായി മാറിയത്. കൃഷി വകുപ്പിന്റെ 2021-22 വര്‍ഷത്തെ അവാര്‍ഡാണ് നിഖിലിന് ലഭിച്ചത്. കൂരോപ്പട ചെന്നാമറ്റം വേങ്ങാനത്ത് വേണുഗോപാലിന്റെയും അനു മോളുടെയും മകനാണ് നിഖില്‍.
കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂരോപ്പട കൃഷി ഭവന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നു. മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കൃഷി ഭവന്റെ നേതൃത്വത്തില്‍ പ്രോത്സാഹനവും നല്‍കിയിരുന്നു. കര്‍ഷകനായ അച്ഛനോടൊപ്പമാണ് കൊറോണക്കാലത്ത് കൂടുതല്‍ നേരം കൃഷിയിലൂടെ പലതരം പച്ചക്കറികള്‍ വിളയിച്ചെടുത്തത്.
കൃഷി വകുപ്പില്‍ നിന്നും ലഭിച്ച തൈകള്‍ക്ക് പുറമെ സ്വന്തമായി ട്രേയില്‍ വിത്ത് മുളപ്പിച്ചെടുത്തും കൃഷി വിപുലീകരിച്ചു. ഇതിനു പുറമെ ചെറിയ രീതിയില്‍ ചോളവും കൃഷി ചെയ്തു. ഇരുന്നൂറോളം ചുവട് ചോളമാണ് കൃഷി ചെയ്തത്. ചോളവും മറ്റ് പച്ചക്കറികളും അച്ഛന്റെ തന്നെ നേതൃത്വത്തില്‍ നടത്തുന്ന ഇക്കോ ഷോപ്പ് വഴിയാണ് വിറ്റഴിച്ചത്.
ഇക്കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമൊരുക്കാനുള്ള ബന്ദിപ്പൂക്കള്‍ കൃഷി ചെയ്ത് വേണുഗോപാലും ശ്രദ്ധ നേടിയിരുന്നു. നഴ്സിംഗ് ജോലി വേണ്ടെന്ന് വച്ചാണ് ഭാര്യയുടെ ഏഴ് ഏക്കറോളം സ്ഥലത്ത് കര്‍ണാടക സ്വദേശിയായ വേണുഗോപാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നിരവധി പുരസ്കാരങ്ങള്‍ ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. കോത്തല എന്‍എസ്എസ് സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഖില്‍. നിഹാല്‍ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: