സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഐശ്വര്യപൂര്‍ണമായ നൂറാം വര്‍ഷത്തേക്കുള്ള പ്രയാണത്തിനായി സുസ്ഥിരമായ അസ്ഥിവാരമിടുന്ന ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ചത്. ‘സബ് കേ സാഥ് സബ് കാ വികാസ്’ എന്ന വീക്ഷണത്തില്‍ സമഗ്രവും സുസ്ഥിരവും സ്വാശ്രയത്തിലധിഷ്ഠിതമായതും 25 വര്‍ഷത്തെ പരിപ്രേക്ഷ്യത്തോടുകൂടിയതുമായ ബജറ്റിനാണ് ഇത്തവണ രൂപംകൊടുത്തത്. 2019-20ല്‍ കൊവിഡിന്റെ സാഹചര്യത്തില്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഏഴ് ശതമാനം പുറകോട്ടടിച്ചെങ്കിലും, 2020-21ല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച് 9.2 ശതമാനം വളര്‍ച്ച കൈവരിക്കുന്നവിധം മെച്ചപ്പെട്ടുവെന്നാണ് സാമ്പത്തികസര്വ്വെ വെളിവാക്കുന്നത്.
ഒരു വിഭാഗം കര്‍ഷകര്‍ ഒരു വര്‍ഷം മുഴുവന്‍ തലസ്ഥാനത്ത് തമ്പടിച്ച് സമരം ചെയ്തിട്ടും കാര്‍ഷിക മേഖല 3.9 ശതമാനം വളര്‍ച്ച നേടുകയും ഭക്ഷ്യധാന്യ ഉത്പാദനം 305 ദശലക്ഷം ടണ്ണായി സര്‍വ്വകാല റിക്കാര്‍ഡ് കൈവരിക്കുകയും ചെയ്തു. അതോടൊപ്പം കാര്‍ഷിക കയറ്റുമതി മൂന്ന് ലക്ഷം കോടിയിലധികമായതും സര്‍വ്വകാല റിക്കാര്‍ഡാണ്. വ്യാവസായിക ഉത്പാദനം 11.8 ശതമാനം വര്‍ധിച്ചു. കൊവിഡ് ഭീഷണി നിലനിന്നിട്ടും ഐപിഒകള്‍ വഴി വ്യവസായ മേഖലയില്‍ 89066 കോടി രൂപ സമാഹരിക്കാനായി. ജിഎസ്ടി വരുമാനം ഏഴ് മാസം തുടര്‍ച്ചയായി ഒരു ലക്ഷം കോടിയിലധികമായി ലഭിച്ചു. തുടര്‍ച്ചയായ നാല് മാസങ്ങളില്‍ (2022 ജനുവരി അടക്കം) 1.3 ലക്ഷം കോടിയിലധികമായിരുന്നു 2021-22 ല്‍ കയറ്റുമതി. 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിദേശനാണ്യ ശേഖരം ആദ്യമായി 600 ബില്യണ്‍ ഡോളറായി ഉയര്‍ന്ന് 634 ബില്യണ്‍ ഡോളറിലെത്തി. ഈ സൂചികകളെല്ലാം വെളിവാക്കുന്നത് സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് ശക്തമായി തിരിച്ചുവന്നുകഴിഞ്ഞു എന്നാണ്.
ഈ പശ്ചാത്തലത്തിലാണ് 2022-23 വര്‍ഷത്തേക്കുള്ള ബജറ്റില്‍ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് മുന്തിയ പരിഗണന നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ മൂലധന ചെലവ് 35.38 ശതമാനം വര്‍ധിപ്പിച്ച് 10.68 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒരുലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പയും അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് മൂലധനച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചതോടൊപ്പം 3.8 കോടി വീടുകളില്‍ പൈപ്പ് വെള്ളം എത്തിക്കുവാനും, ഒരു ലക്ഷം വീടുകളില്‍ സൗജന്യമായി ഗ്യാസ് കണക്ഷന് നല്‍കാനും പിഎം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍ പുതുതായി നിര്‍മിക്കാനും ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം നദീജല സംയോജനം, രണ്ട് ലക്ഷം അങ്കണവാടികളുടെ അപ്ഗ്രഡേഷന്, സ്കൂള്‍ വിദ്യാഭ്യാസത്തിന് 200 പുതിയ ചാനലുകള്‍, ഓണ്‍ലൈന്‍ നൈപുണ്യ വികസനത്തിനും പരിശീലനത്തിനും സംയോജിത പോര്‍ട്ടല്‍, 750 വെര്‍ച്വല്‍ ലാബുകളും നിരവധി ഇ-ലാബുകളും അനിമേഷന്‍-വിഷ്വല്‍ ഇഫക്ട്-ഗെയിമിങ് (എവിജി) മേഖലയുടെ സമഗ്രവികസനത്തിന് പ്രമോഷന് കൗണ്‍സില്‍, 1.5 ലക്ഷം പോസ്റ്റാഫീസുകളെ കോര്‍ബാങ്കിങ് സംവിധാനത്തില്‍ കൊണ്ടുവരല്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല, മാനസികാരോഗ്യ കൗണ്‍സലിങ്ങിന് ഓണ്‍ലൈന്‍ സംവിധാനം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. സൗരോര്‍ജ ഉത്പാദനം 2030 ഓടെ 280 ജിഗാവാട്ട് ആയി വര്‍ധിപ്പിക്കാനും ഇലക്ട്രിക് വാഹനങ്ങള്‍ പൊതുയാത്രാസംവിധാനത്തിന് പ്രോത്സാഹിപ്പിക്കാനും ബാറ്ററി ചാര്‍ജിങ് മേഖലയുടെ പ്രോത്സാഹനത്തിന് ദേശീയ സ്വാപ്പിങ് പോളിസി രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
അടിസ്ഥാന സൗകര്യമേഖലാ വികസനം
വ്യാവസായിക-കാര്‍ഷിക-സേവന മേഖലകളുടെ സമഗ്രവികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകവഴി വിവിധ മേഖലകളില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ത്വരിതപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. എല്ലാറ്റിലുമുപരി അടിസ്ഥാന മേഖലാ വികസനവുമായി ബന്ധപ്പെട്ട് സിമന്റ്, സ്റ്റീല്‍, ബില്‍ഡിങ് മെറ്റീരിയലുകള്‍, മെഷിനറികള്‍ തുടങ്ങി നിരവധി അനുബന്ധ വ്യവസായങ്ങളില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് ഇതുമൂലം സാധിക്കും. ചുരുക്കത്തില്‍ ഒരു ദ്വിമുഖതന്ത്രമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടള്ളത്. ഒരു ഭാഗത്ത് പൊതുമേഖലാ മൂലധനച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കുക വഴി നിര്‍മാണ മേഖലയ്ക്കുവേണ്ട സാധന-സാമഗ്രികള്‍ക്ക് വലിയ തോതില്‍ ഡിമാന്റ് വര്‍ധിപ്പിച്ചത് അനുബന്ധ മേഖലകളെ ഉത്തേജിപ്പിക്കും. മറുവശത്ത് അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വരുമാനം വര്‍ധിപ്പിച്ച് ഉപഭോഗ ഡിമാന്റ് വര്‍ധിപ്പിച്ച,് ഉപഭോഗ വസ്തുക്കളുണ്ടാക്കുന്ന കാര്‍ഷിക മേഖലയടക്കമുള്ളവയെ ഉത്തേജിപ്പിക്കും. ഒരേ സമയം ഉപഭോഗവും ഉത്പാദനവും വര്‍ധിപ്പിച്ച് അടിസ്ഥാന വികസന മേഖലയില്‍ ചെലവാകുന്നതിന്റെ മൂന്നിരട്ടി മുതല്‍ നാലിരട്ടിവരെ നേട്ടം സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുകയാണ് ലക്ഷ്യം.
ഗതിശക്തി പദ്ധതി
അടിസ്ഥാന സൗകര്യ മേഖലകളുടെ സമഗ്രവികസനത്തിനായി ഗതിശക്തി പദ്ധതിക്കാണ് ബജറ്റില്‍ പ്രധാന പരിഗണന. നിലവിലുള്ള നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന് പദ്ധതിയിലെ റോഡ്, റെയില്‍, വിമാനത്താവളം, പൊതുയാത്രാ സംവിധാനം, ജലപാതകള്‍ തുടങ്ങിയവയെല്ലാം പ്രധാന്‍മന്ത്രി ഗതിശക്തി പദ്ധതിയില്‍ ലയിപ്പിച്ച്, ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെ, ഭാവിയിലെ വികസനസാധ്യതകളെയും ആവശ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് ലക്ഷ്യം. ഇത് നിലവിലുള്ള പദ്ധതികളുടെ വെറും പേരുമാറ്റമോ പുനഃസംഘടനയോ മാത്രമല്ല. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ദീര്‍ഘകാല വികസനത്തിന് സുസ്ഥിരമായ അടിത്തറ പാകാനും കൂടി ലക്ഷ്യമിട്ടുള്ളതാണ്.
2047 മുതല്‍ ഭാരതത്തെ ഒരു സാമ്പത്തിക സൂപ്പര്‍പവറായി മാറ്റാനും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരവും ജീവിത സാഹചര്യങ്ങളും ലോകോത്തരമായി ഉയര്‍ത്താനും ലക്ഷ്യമിട്ട് പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും മേല്‍നോട്ടത്തിലും വിപ്ലവകരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള സമഗ്രപദ്ധതിയാണിത്. ഇതിന്റെ പ്രാധാന്യം അറിയണമെങ്കില്‍ സമ്പദ് വ്യവസ്ഥയില്‍ ലോജിസ്റ്റിക്സ് കോസ്റ്റിന്റെ സ്വാധീനം തിരിച്ചറിയേണ്ടതുണ്ട്. ചരക്കുകടത്തിന്റെ ചെലവിനെയാണിത് നേരിട്ടു ബാധിക്കുന്നത്. ലോജിസ്റ്റിക്സ് കോസ്റ്റ് ഉയര്‍ന്നതായാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടിവരുന്നു. അതോടൊപ്പം കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര മത്സരക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് സ്റ്റോറേജിന്റെയും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ ദൂരസ്ഥലങ്ങളിലേക്ക് അയയ്ക്കാനും കഴിയാത്തതുമൂലം ഭാരതത്തിലെ കര്‍ഷകര്‍ ഒരുവര്‍ഷം 2.5 ലക്ഷം കോടി രൂപയുടെ നഷ്ടം സഹിക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ മള്‍ട്ടി മോഡ് ട്രാന്‍സ്പോര്‍ട്ടേഷനും ശീതീകരിച്ച ട്രാന്‍സ്പോര്‍ട്ട് സൗകര്യങ്ങളുമൊക്കെ പ്രധാനമാണ്. 2011 ലെ കണക്കനുസരിച്ച് ഭാരതത്തിലെ ജിഡിപിയുടെ 21 ശതമാനമായിരുന്നു മൊത്തം ലോജിസ്റ്റിക്സ് കോസ്റ്റ്. അന്ന് ചൈനയുടേത് 23 ശതമാനത്തോളമായിരുന്നു. എന്നാല്‍ വികസിതരാജ്യങ്ങളില്‍ ഇത് 10 ശതമാനത്തിന് താഴെയായിരുന്നു. കഴിഞ്ഞ 7 വര്‍ഷംകൊണ്ട് ഭാരതത്തിലെ ചെലവ് 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ പലതിലും ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്.
പിഎം ഗതിശക്തി പദ്ധതിയുടെ പ്രധാന ലക്ഷ്യം, ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി, യാത്രാ-ചരക്കു കടത്തു മേഖലകളില്‍ ചെലവും കാലതാമസവും കുറച്ച്, സപ്ലൈ ചെയിന്‍ കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നതാണ്. റിസര്‍വ്ബാങ്കിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെയും പഠനങ്ങളനുസരിച്ച് അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിന് ചെലവാക്കുന്ന തുകയുടെ രണ്ടര മുതല്‍ മൂന്നര മടങ്ങ് നേട്ടം സമ്പദ്വ്യവസ്ഥയിലുണ്ടാക്കും. കാരണം അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനത്തെ ഉത്തേജിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യും.
അടിസ്ഥാന സൗകര്യ മേഖലയിലെ പ്രധാന പദ്ധതികളായ ഭാരത്മാല, സാഗര്‍മാല, പോര്‍ട്ടുകള്‍, ഉഡാന്‍ പദ്ധതി, ഇക്കണോമിക് സോണുകള്‍, റെയില്‍വെ, ജലപാതകള്‍ എന്നിവയെയെല്ലാം ഉള്‍പ്പെടുത്തി സമഗ്രമായ ചട്ടക്കൂടാണ് ഗതിശക്തി പദ്ധതിക്കുവേണ്ടി തയ്യാറാക്കുന്നത്. അവയോടൊപ്പം രാജ്യരക്ഷാ ഇടനാഴികള്‍, വ്യാവസായിക ഇടനാഴികള്‍, ടെക്സ്റ്റൈല്‍ ക്ലസ്റ്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ക്ലസ്റ്ററുകള്‍, ഇലക്ട്രോണിക് പാര്‍ക്കുകള്‍, കാര്‍ഷിക സോണുകള്‍, മത്സ്യബന്ധന ക്ലസ്റ്ററുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനവും ബന്ധപ്പെടുത്തി സംയോജിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ആശുപത്രികളും ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളടക്കമുള്ള പഠന-ഗവേഷണ സ്ഥാപനങ്ങളും ഭാവിവികസനത്തിന് തെരഞ്ഞെടുത്ത വികസന സോണുകള്‍ എന്നിവയുമായും ഈ പദ്ധതി സംയോജിപ്പിക്കും.
ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. നാലു കാര്യങ്ങളാണ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. 1. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നവയും ഭാവിയില്‍ നടപ്പാക്കാന്‍ ആസൂത്രണം ചെയ്യുന്നവയുമായ പദ്ധതികളെ മാപ്പ് ചെയ്ത് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. 2. ഭാവിവികസനത്തിനുള്ള സാമ്പത്തിക മേഖലകളെ കണ്ടെത്താനും അവയ്ക്കുവേണ്ട കണക്ടിവിറ്റി ഏര്‍പ്പെടുത്താനുമുള്ള മാര്‍ഗനിര്‍ദേശം നല്‍കാനുള്ള വ്യവസ്ഥയായി മാറ്റുക. 3. പ്രാദേശിക തലത്തിലും വികസന മേഖലാതലങ്ങളിലുമുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി ഉപയോഗിക്കുക. 4. നിര്‍ണായക മേഖലകളില്‍ സത്വര വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കും, അതുവഴി സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കും കൈവരിക്കുന്നതിന് സഹായകമാക്കുക.
അടിസ്ഥാന ഘടകങ്ങള്‍
ആറ് അടിസ്ഥാന ഘടകങ്ങളാണ് ഈ ബൃഹദ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. 1. സമഗ്രത: 16 മന്ത്രാലയങ്ങളുടെ കീഴില്‍ നിലവിലുള്ളവയും ഭാവിയില്‍ ആസൂത്രണം ചെയ്യുന്നവയുമായ എല്ലാ അടിസ്ഥാന മേഖലാ പദ്ധതികളും ഒരു കേന്ദ്രീകൃത പോര്‍ട്ടലിലൂടെ എല്ലാ വകുപ്പുകള്‍ക്കും പ്രാപ്തമാക്കി പദ്ധതികളെ പരസ്പരാശ്രിതത്വത്തോടെ സമയബന്ധിതമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ സജ്ജമാക്കുക. (2) മുന്‍ഗണനാക്രമം നിശ്ചയിക്കല്‍: മറ്റ് വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്ക്കനുബന്ധമായവയും അവയ്ക്ക് പൂരകവുമായ പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുക. (3) ഉത്തമീകരണം (ഛുശോശമെശേീി). ചരക്കുകടത്തിനും സാധനസാമഗ്രികളുടെ ഡെലിവറിക്കും ദൂരവും ചെലവും സമയവും പരമാവധി ലാഭിക്കാവുന്ന ഉത്തമ റൂട്ടുകള്‍ തെരഞ്ഞെടുക്കല്‍. (4) സമന്വയം. ഒരു പദ്ധതിയുടെ ഭാഗമായി വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യുക്തിസഹമായി, സമയബന്ധിതമായി സമന്വയിപ്പിച്ച് ഫലപ്രദമായി നടപ്പാക്കി സമയവും ചെലവും ലാഭിക്കുന്നതിന് മുന്‍ഗണന. (5) ഡേറ്റാ വിശകലനം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പദ്ധതിയുടെ നടത്തിപ്പ് നിരൂപണം ചെയ്യാനും മേല്‍നോട്ടം വഹിക്കാനും പരസ്പരാശ്രിതത്വം ഉറപ്പുവരുത്താനും ആവശ്യമായ സമയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനും ഈ പോര്‍ട്ടലിലൂടെ സാധ്യമാകും. ഇതിനായി ഭാസ്കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍ ആന്‍ഡ് ജിയോ ഇന്‍ഫര്‍മേഷന്‍ എന്ന ഏജന്‍സി ഐഎസ്ആര്‍ഒ ഇമേജറിയാണ് ഉപയോഗിക്കുക. (6) ചലനാത്മകം. ഇത്തരത്തില്‍ യഥാസമയം ജിയോ ഇന്ഫര്മേഷനടക്കമുള്ള പ്രോജക്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രീകൃത പോര്‍ട്ടലിലൂടെ ലഭ്യമാകുന്നതിലൂടെ വിവിധ ഏജന്‍സികള്‍ക്ക് യഥാസമയം ആവശ്യമായ ഇടപെടലുകള്‍ നടത്താനുള്ള അവസരവും കൃത്യമായി പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനും കഴിയും.
ഇവയോടൊപ്പം വിവിധ മന്ത്രാലയങ്ങളില്‍ നിലവിലുള്ള പദ്ധതി അനുമതി-നിയന്ത്രണ സംവിധാനങ്ങളെ ലളിതവും സുരക്ഷിതവും സുതാര്യവും ഫലപ്രദവുമാക്കാനുള്ള സമഗ്രമായ പരിഷ്കരണത്തിനുള്ള ചട്ടക്കൂടും തയ്യാറാക്കും. വരുന്ന 5 വര്‍ഷംകൊണ്ട് 110 ലക്ഷം കോടി രൂപയുടെ മൂലധന മുതല്‍മുടക്കാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതോടെ 2025 ല്‍, അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന ലക്ഷ്യം കൈവരിക്കാന്‍ വിഷമമമുണ്ടാകില്ല. ഏതായാലും സമസ്ത ഉത്പാദന മേഖലകള്‍ക്കും പ്രചോദനവും പ്രേരകവുമാകുന്ന മെഗാപദ്ധതിയാണ് ഗതിശക്തി പദ്ധതി. ഇത് ഭാരതത്തിന്റെ അമൃത മഹോത്സവത്തിനു അമൃതായി തന്നെ പരിണമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: